Asianet News MalayalamAsianet News Malayalam

Migrant Labourers Kerala : ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രവര്‍ത്തനം നിരീക്ഷിക്കണം,പൊലീസിന് ഡിജിപിയുടെ നിര്‍ദ്ദേശം

ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ കര്‍ശന നിരീക്ഷണം നടത്തണം. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. 

dgp anil kant instucted police to strictly monitor migrant labours Activities
Author
Thiruvananthapuram, First Published Dec 28, 2021, 10:08 PM IST

തിരുവനന്തപുരം : ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് കൃത്യമായി സന്ദര്‍ശനം നടത്തി പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് പൊലീസിന് നിര്‍ദ്ദേശം നല്‍കി. ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ കര്‍ശന നിരീക്ഷണം നടത്തണം. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. സമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കണം. ഇതിനായി സംസ്ഥാന വ്യാപകമായി പരിശോധന നടത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനായി തൊഴില്‍ വകുപ്പിന്‍റെ ആവാസ് പദ്ധതി പ്രകാരം ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിക്കാം. പൊലീസ് ആസ്ഥാനത്തും ഓണ്‍ലൈനിലുമായി ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യാനായി വിവിധ ജില്ലകളില്‍ നടത്തിയ റെയ്ഡിൽ കഴിഞ്ഞ ഏഴ് ദിവസത്തിനിടെ 7674 സാമൂഹിക വിരുദ്ധര്‍ അറസ്റ്റിലായി. 7767 വീടുകള്‍ റെയ്ഡ് ചെയ്തു. 3245 മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച 53 പേരുടെ ജാമ്യം റദ്ദ് ചെയ്തു. കാപ്പ നിയപ്രകാരം 175 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ഗുണ്ടകള്‍ക്കെതിരെ നടത്തിവരുന്ന റെയിഡുകള്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകാനും സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കി.
 

പുതുവത്സര ആഘോഷങ്ങളിൽ നിയന്ത്രണം  

പുതുവത്സര ആഘോഷങ്ങള്‍, ഒമിക്രോണ്‍ വ്യാപനം എന്നിവയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാൻ സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശിച്ചു. രാത്രി 10 മണിക്ക് മുമ്പ് നടക്കുന്ന ആഘോഷങ്ങളിലും കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. മയക്കുമരുന്ന്, സ്വര്‍ണ്ണം, മണ്ണ്, ഹവാല എന്നിവയുടെ കളളക്കടത്ത് തടയുന്നതിനായി ഇന്‍റലിജന്‍സ് സംവിധാനം ശക്തിപ്പെടുത്തും. ഇതിനായി പ്രത്യേക ഇന്‍റലിജന്‍സ് സംഘങ്ങളുണ്ട്. 

വര്‍ഗ്ഗീയ വിദ്വേഷം പരത്തുന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ സന്ദേശങ്ങൾ നിര്‍മ്മിച്ച് പ്രചരിപ്പിക്കുന്നവരെ പിടികൂടി കേസ് എടുത്തു.  ഇതുവരെ 88 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. 31 പേര്‍ അറസ്റ്റിലായി. വര്‍ഗ്ഗീയ വിദ്വേഷം പരത്തുന്ന ഗ്രൂപ്പിലെ അഡ്മിന്‍മാരും കേസില്‍ പ്രതികളാകും.  ഇത്തരം പോസ്റ്റുകള്‍ നിരീക്ഷിക്കുന്നതിനും പ്രതികളെ കണ്ടെത്തുന്നതിനും സൈബര്‍ പൊലീസ് സ്റ്റേഷനെയും സൈബര്‍ സെല്ലിനെയും സൈബര്‍ഡോമിനെയും ചുമതലപ്പെടുത്തി.

Follow Us:
Download App:
  • android
  • ios