Asianet News MalayalamAsianet News Malayalam

ഹണിട്രാപ്പിൽ വീഴരുത്, സൈബർ കേസുകളിൽ ദ്രുതഗതിയിൽ നടപടി വേണം: മുഖ്യമന്ത്രിയുടെ നിർദേശങ്ങൾ സർക്കുലറായി

പൊലീസുദ്യോഗസ്ഥർ ജനങ്ങളോട് മാന്യമായി പെരുമാറണം. എസ്എച്ച്ഒ മുതലുള്ള എല്ലാം ഓഫീസർമാരുടേയും പൊതുജനസമ്പർക്കം മാന്യമായിരിക്കണം.

dgp circular for police officers
Author
Thiruvananthapuram, First Published Oct 14, 2021, 12:50 PM IST

തിരുവനന്തപുരം: കഴിഞ്ഞ ആഴ്ച എസ്.ഐ റാങ്ക് മുതലുള്ള പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിൽ മുഖ്യമന്ത്രി നൽകിയ മാർഗ്ഗനിർദേശങ്ങൾ സർക്കുലറായി പുറത്തിറക്കി സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്. സംസ്ഥാന പൊലീസുമായി ബന്ധപ്പെട്ട് സമീപകാലത്തുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഒക്ടോബർ മൂന്നിന് മുഖ്യമന്ത്രി പൊലീസ് ഉദ്യോഗസ്ഥരുടെ വിപുലമായ യോഗം വിളിച്ചതും പൊതുപെരുമാറ്റച്ചട്ടം നിർദേശിച്ചതും. 

സർക്കുലറിലെ പ്രധാന നിർദേശങ്ങൾ - 

പൊലീസുദ്യോഗസ്ഥർ ജനങ്ങളോട് മാന്യമായി പെരുമാറണം. എസ്എച്ച്ഒ മുതലുള്ള എല്ലാം ഓഫീസർമാരുടേയും പൊതുജനസമ്പർക്കം മാന്യമായിരിക്കണം. ഇതുലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണം.

ഗുരുതരമായ കുറ്റകൃത്യങ്ങളുടെ ചാർജ്ജ് ഷീറ്റ് സബ്ബ് ഡിവിഷണൽ ഓഫീസർമാർ  സമയബന്ധിതമായി പരിശോധിച്ച് അംഗീകരിക്കണം

പൊലീസ് സ്റ്റേഷനിൽ ലഭിക്കുന്ന ഒരു പരാതിയും അവഗണിക്കപ്പെടരുത്. നടപടി സ്വീകരിക്കാൻ കഴിയാത്തവയുടെ കാര്യത്തിൽ നിയമപരമായ പരിമിതി വ്യക്തമാക്കി പരാതിക്കാർക്ക് മറുപടി നൽകണം. കേസുകളുടെ അന്വേഷണ പുരോഗതി, എഫ്ഐആർ പകർപ്പടക്കം പരാതിക്കാർക്ക് നൽകാനാവുന്ന രേഖകളെല്ലാം നൽകണം. ഉദ്യോഗസ്ഥരുടെ പെരുമാറ്റവും ഭാഷയും പരിഷ്കൃത സമൂഹത്തിന് യോജിച്ചതാവണം. 

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ പരാതികൾ രേഖപ്പെടുത്താൻ പ്രത്യേക രജിസ്റ്റർ ഉറപ്പാക്കണം. ഇത്തരം പരാതികളിൽ കൃത്യമായ നിയമനടപടി സ്വീകരിച്ചുവെന്ന് എസ്എച്ച്ഒമാരും ഉറപ്പാക്കണം. കുട്ടികൾക്കെതിരെയുള്ള അക്രമങ്ങളിൽ അടിയന്തര നടപടി വേണം. കുട്ടികളെ ലൈംഗീകാതിക്രമത്തിന് ഇരയാക്കുന്നവരെ സമയബന്ധിതമായി അറസ്റ്റ് ചെയ്ത കർശന നടപടി സ്വീകരിക്കണം. 

ഇൻ്റലിജൻസ് വെരിഫിക്കേഷൻ ഇല്ലാതെ സർക്കാരിതര പൊതുപരിപാടികൾക്ക് പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുക്കേണ്ടതില്ല. പരിശോധനയ്ക്ക് ശേഷം അത്തരം പരിപാടികളിൽ യൂണിഫോം ഒഴിവാക്കണം. 

സൈബർ കുറ്റകൃത്യങ്ങളിൽ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണം. ഓണ്ലൈൻ വഴിയുള്ള പരാതികൾക്ക് രസീത് നൽകണം. സൈബർ നിയമലംഘനം നടത്തുന്ന ഓണ്ലൈൻ മാധ്യമങ്ങൾക്കെതിരേയും നടപടി വേണം. 

Follow Us:
Download App:
  • android
  • ios