തിരുവനന്തപുരം: വെള്ളത്തിൽ കണ്ട മൃതദേഹം പുറത്തെടുക്കാൻ കനാലിൽ നേരിട്ടിറങ്ങിയ പത്തനാപുരം സ്റ്റേഷൻ ഹൗസ്‌ ഓഫീസർ എം അൻവറിനെ സംസ്ഥാന പൊലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റ അഭിനന്ദിച്ചു. അൻവറിന്‌ 2000 രൂപയുടെ പാരിതോഷികവും അദ്ദേഹം പ്രഖ്യാപിച്ചു. അൻവറിനെ സഹായിച്ച ഓട്ടോറിക്ഷ ഡ്രൈവർ ഷഫീക്കിന്‌ പൊലീസ്‌ മേധാവി അഭിനന്ദനക്കത്ത്‌ നൽകും.

പത്തനാപരുത്ത്‌ കെഐപി വലതുകര കനാലിൽ കണ്ട മൃതദേഹം വീണ്ടെടുക്കാൻ തൊഴിലാളികൾ 2000 രൂപ കൂലി ചോദിച്ചതോടെയാണ്‌ യൂണിഫോം അഴിച്ചുവച്ച്‌ കൈലി ധരിച്ച്‌ അൻവർ കനാലിൽ ഇറങ്ങിയത്‌. ഇതുകണ്ട ഓട്ടോ ഡ്രൈവർ ഷെഫീക്ക്‌ ഒപ്പമിറങ്ങി സഹായിക്കുകയായിരുന്നു. കനാലിൽനിന്ന് മൃതദേഹം പുറത്തെടുക്കുന്ന അൻവറിന്റെയും ഫഫീക്കിന്റേയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

Read More: മൃതദേഹം കരയ്ക്ക് എടുക്കാൻ 'അന്യായ' കൂലി; ഒടുവിൽ സിഐ യൂണിഫോം അഴിച്ച് കനാലിൽ ഇറങ്ങി

സ്റ്റേറ്റ്‌ പൊലീസ്‌ മീഡിയാ സെന്റർ ആണ് ഫേസ്ബുക്കിലൂടെ ദൃശ്യങ്ങൾ പങ്കുവച്ചത്. അതേസമയം, മാങ്കോട് തേന്‍കുടിച്ചാല്‍ സ്വദേശി ദിവാകരന്റേ(79)താണ് മൃതദേഹമെന്ന് പിന്നീട് തിരിച്ചറിഞ്ഞിരുന്നു.