തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനപരിശോധന കര്‍ശനമാക്കാന്‍ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഇതുസംബന്ധിച്ച് എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. ലോക്ക് ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഗതാഗത തിരക്ക് വര്‍ധിക്കുകയും റോഡപകടങ്ങള്‍ കൂടുകയും ചെയ്ത സാഹചര്യത്തിലാണ് നിര്‍ദ്ദേശം.

ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ഉപയോഗിക്കാത്തവര്‍ക്കും അമിതവേഗത്തിലും മറ്റുള്ളവര്‍ക്ക് അപകടം ഉണ്ടാക്കുന്ന തരത്തിലും വാഹനം ഓടിക്കുന്നവര്‍ക്കുമെതിരെ  കര്‍ശന നടപടി ഉണ്ടാകും.  മാസ്ക്ക് ധരിക്കാത്തവര്‍ക്കെതിരെയും നടപടി സ്വീകരിക്കും. മാന്യമായും സുരക്ഷിതമായ രീതിയിലുമാണ് വാഹനപരിശോധന നടത്തേണ്ടത്. നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിനും ദിനം പ്രതി റിപ്പോര്‍ട്ട് ശേഖരിക്കുന്നതിനും ട്രാഫിക് വിഭാഗം ഐജിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.