Asianet News MalayalamAsianet News Malayalam

മാവോയിസ്റ്റ് വേട്ടയിൽ ഖേദമില്ല, കേരളത്തിൽ ഭീകരർ റിക്രൂട്ടിങ് നടത്തുന്നു,സ്ലീപ്പർ സെൽ സാധ്യത തള്ളാതെ ഡിജിപി

മാവോയിസ്റ്റ് വേട്ടയിൽ ചെയ്തത് പോലീസിന്റെ കർത്തവ്യം മാത്രമാണെന്നും മാവോയിസ്റ്റ് വേട്ടയിൽ ഒരു ഖേദവും ഇല്ലെന്നുമാണ് ബെഹ്റയുടെ നിലപാട്, ചെയ്തത് സ്വന്തം ജോലിയാണെന്ന് സംസ്ഥാന പൊലീസ് മേധാവി വിശദീകരിക്കുന്നു. 

dgp loknath behra opens up before retirement expresses concern in terror activities in kerala
Author
Trivandrum, First Published Jun 27, 2021, 10:05 AM IST

തിരുവനന്തപുരം: മാവോയിസ്റ്റ് വേട്ടയിൽ ഖേദമില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് പടിയിറങ്ങുന്ന ഡിജിപി നിലപാട് വ്യക്തമാക്കിയത്. മാവോയിസ്റ്റുകൾക്ക് നിരുപാധികം കീഴടങ്ങാൻ അവസരം നൽകിയിരുന്നുവെന്ന് പറഞ്ഞ ബെഹ്റ സംരക്ഷിത വനത്തിൽ യൂണിഫോമിട്ട് വരുന്നവർ നിരപരാധികളല്ലെന്ന് നിലപാടെടുത്തു. 

മാവോയിസ്റ്റ് വേട്ടയിൽ ചെയ്തത് പോലീസിന്റെ കർത്തവ്യം മാത്രമാണെന്നും മാവോയിസ്റ്റ് വേട്ടയിൽ ഒരു ഖേദവും ഇല്ലെന്നുമാണ് ബെഹ്റയുടെ നിലപാട്, ചെയ്തത് സ്വന്തം ജോലിയാണെന്ന് സംസ്ഥാന പൊലീസ് മേധാവി വിശദീകരിക്കുന്നു. ഹെലികോപ്റ്റർ വിവാദം അനാവശ്യമാണെന്ന് പറഞ്ഞ ബെഹ്റ രാജ്യസുരക്ഷക്കാണോ ചിലവിനാണോ പ്രധാന്യമെന്ന് ചോദിക്കുന്നതിൽ അർത്ഥമില്ലെന്ന് ന്യായീകരിക്കുന്നു. ഹെലികോപ്റ്റർ നിലനിർത്തുമെന്നും ‍ഡിജിപി വ്യക്തമാക്കി. മാവോയിസ്റ്റ് ഭീഷണിയുള്ള മറ്റ് സംസ്ഥാനങ്ങളിൽ ഹെലികോപ്റ്റർ ഉപയോഗിക്കുന്നുണ്ടെന്ന് പറഞ്ഞാണ് ന്യായീകരണം. 

കേരളം ഭീകരസംഘടനകളുടെ റിക്രൂട്ടിംഗ് ലക്ഷ്യമായി മാറുന്നുവെന്ന അതീവ ഗുരുതര നിരീക്ഷണവും ബെഹ്റ നടത്തി. വിദ്യാഭ്യാസമുള്ളവരെ പോലും വർഗീയ വത്കരിക്കുകയാണ് ചിലരുടെ ലക്ഷ്യമെന്നും മലയാളികളുടെ ഭീകരബന്ധം ആശങ്കയുണ്ടാക്കുന്നതാണെന്നും ബെഹ്റ പറഞ്ഞു. സ്ലീപ്പർ സെല്ലുകൾ ഇല്ലെന്ന് പറയാനാകില്ലെന്നും ഡിജിപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

വ്യക്തികളെ ഭീകരസംഘങ്ങൾ വലയിലാക്കുന്നത് തടയാൻ പല ശ്രമങ്ങൾ പൊലീസ് നടത്തുന്നുണ്ടെന്ന് പറഞ്ഞ ബെഹ്റ ഇതിന്റെ എല്ലാ വിശദാംശങ്ങളും ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ലെന്ന് വിശദീകരിച്ചു. പല ശ്രമങ്ങളുടെ ഭാഗമായി ഇപ്പോൾ ആശങ്കകൾ കുറഞ്ഞുവരുന്നുവെന്നും ഡിജിപി കൂട്ടിച്ചേർത്തു. 

സ്വർണക്കടത്ത് തടയാൻ മഹാരാഷ്ട്ര മാതൃകയിൽ നിയമം കൊണ്ടുവരുമെന്നും ഡിജിപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

പൊലീസ് എന്ത് ചെയ്തുവെന്ന് ജനം വിലയിരുത്തട്ടെയെന്ന് പറഞ്ഞ ബെഹ്റ അഞ്ചു വർഷത്തെ പ്രവർത്തനം സ്വയം വിലയിരുത്തുന്നില്ലെന്ന് നിലപാടെടുത്തു. വിരമിക്കൽ ഏറെ സന്തോഷത്തോടെയും സംതൃപ്തിയോടെയുമാണ്, കേരളാ പൊലീസ് രാജ്യത്തെ തന്നെ മികച്ച സേനകളിൽ ഒന്നാണെന്നാണ് വിരമിക്കുന്ന ഡിജിപിയുടെ അവകാശവാദം. കിട്ടിയ ഇന്നിംഗ്സ് നന്നായി കളിച്ചുവെന്ന് ബെഹ്റ പറയുന്നു. 

രാഷ്ട്രീയ ആരോപണങ്ങളോട് പ്രതികരിക്കാൻ ബെഹ്റ തയ്യാറായില്ല. ബിജെപിയുടെ ആൾ ആണെന്ന ആരോപണത്തോട് പ്രതികരിക്കാനില്ലെന്ന് പറ‍ഞ്ഞ പൊലീസ് മേധാവി വ്യക്തിപരമായ ആരോപണങ്ങളിൽ  വസ്തുത എന്താണെന്ന് സ്വയം അറിയാമെന്ന് നിലപാടെടുത്തു. 

വിസ്‌മയ കേസ് കേരള മനസാക്ഷിയെ ഉലച്ചുവെന്നും നിയമങ്ങൾകൊണ്ട് മാത്രം സ്ത്രീധനം തടയാനാവില്ലെന്നും ഡിജിപി പറയുന്നു. കേരളീയ സമൂഹം ഇക്കാര്യത്തിൽ ചർച്ച നടത്തണം, സ്ത്രീധനത്തിന്റെ അടിസ്ഥാന കാരണങ്ങൾ കണ്ടെത്തണം. നിശാന്തിനിക്ക് ദിവസവും ഇരുന്നൂറോളം സ്ത്രീകളുടെ സന്ദേശങ്ങൾ കിട്ടുന്നുണ്ടെന്ന് പറഞ്ഞ ‍‍ഡിജിപി സ്ത്രീസുരക്ഷയുടെ കാര്യത്തിൽ ബോധവത്കരണം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു.

Follow Us:
Download App:
  • android
  • ios