തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകൾ തുറക്കുമ്പോൾ പ്രശ്നങ്ങളുണ്ടാകില്ലെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ. മദ്യശാലകൾ തുറന്നപ്പോൾ മറ്റ് സംസ്ഥാനങ്ങളിലുണ്ടായ പ്രശ്നങ്ങളൊന്നും ഇവിടെയുണ്ടാകില്ലെന്നാണ് ഡിജിപി ഉറപ്പു പറഞ്ഞത്.

കേരള പൊലീസാണ് രാജ്യത്ത് ആദ്യമായി, കൊവിഡ് കാലത്ത് പൊലീസിനായി പ്രത്യേക മാർഗനിർദ്ദേശം പുറപ്പെടുവിച്ചതെന്ന് ഡിജിപി പറഞ്ഞു. നാളെ സമ്പൂർണ്ണ ലോക്ക് ഡൗണാണ്. ഇത് ശക്തമായി നടപ്പാക്കും. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാം. വലിയ കടകൾ അനുവദിക്കില്ല.

പൊലീസ് നിർദ്ദേശം മറികടന്ന് പ്രകടനങ്ങളും യോഗങ്ങളും നടത്തിയാൽ കർശന നടപടി സ്വീകരിക്കും. കൊവിഡ് നിരീക്ഷണം ലംഘിച്ച 40 പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു.