രാത്രികാലങ്ങളിൽ വാഹന പരിശോധന കർശനമാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. മദ്യപിച്ചുള്ള വാഹന അപകടങ്ങൾ കൂടുന്ന സാഹചര്യത്തിൽ കൂടിയാണ് നിർദ്ദേശം.
തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാൻ പൊലീസിന്‍റെ (Police) വാഹന പരിശോധന വീണ്ടും തുടങ്ങുന്നു. കൊവിഡ് വ്യാപനത്തിന്‍റെ (Covid 19) പശ്ചാത്തലത്തിൽ നിർത്തിവച്ചിരിക്കുന്ന വാഹന പരിശോധനയാണ് വീണ്ടും ആരംഭിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ പിൻവലിച്ച സാഹചര്യത്തിലാണ് പരിശോധന തുടങ്ങാൻ ഡിജിപി നിർദ്ദേശിച്ചത്. കഴിഞ്ഞ രണ്ട് വർഷമായി നിർത്തിവച്ചിരുന്ന വാഹന പരിശോധനയാണ് പൊലീസ് ഇന്നു മുതൽ ആരംഭിക്കുന്നത്. ബ്രത്ത് അനലൈസറും, ആൽക്കോമീറ്ററും ഉപയോഗിച്ചുള്ള പരിശോധനയാണ് തുടങ്ങുന്നത്. കേന്ദ്ര നിർദ്ദേശ പ്രകാരം കൊവിഡ് നിയന്ത്രണങ്ങള്‍ പിൻവലിച്ചുകൊണ്ട് കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവിറക്കിയിരുന്നു.
കൊവിഡ് നിയന്ത്രണങ്ങള്‍ പിൻവലിച്ച സാഹചര്യത്തിലാണ് രാത്രികാല വാഹന പരിശോധനയും, മദ്യപിച്ച് വാഹനമോടിക്കുന്നത് കണ്ടെത്താനുള്ള പരിശോധനയും തുടങ്ങാൻ ഡിജിപി നിർദ്ദേശിച്ചത്. കഴിഞ്ഞ രണ്ട് വർഷമായി കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ പിടികൂടി പിഴ ചുമത്തുകയാണ് പൊലീസ് ചെയ്തത്. കൊവിഡ് വ്യാപനം പശ്ചാത്തലത്തിൽ വാഹന പരിശോധനകളെല്ലാം നിർത്തിവച്ചിരുന്നു. പൊലീസ് വാഹന പരിശോധനകള്‍ നിർത്തിവച്ചതോടെ അപകടങ്ങളും കൂടിയിട്ടുണ്ട്. പ്രത്യേകിച്ച് മദ്യപിച്ച് വാഹനമോടിച്ച് രാത്രികളിൽ ഉണ്ടാകുന്ന അപകടങ്ങളുടെ നിരക്ക് കൂടിയിട്ടുണ്ടെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇക്കാര്യം കഴിഞ്ഞ ദിവസം ചേർന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗവും ചർച്ച ചെയ്തിരുന്നു. ഇതേതുടർന്നാണ് വാഹന പരിശോധന ആരംഭിക്കാൻ ഡിജിപി തീരുമാനിച്ചത്. ബ്രത്ത് അനലൈസറിന്‍റെയോ, ആൽക്കോമീറ്ററിന്‍റെയോ പരിശോധനക്ക് വാഹനമോടിക്കുന്നവർ തയ്യാറായില്ലെങ്കിൽ വൈദ്യപരിശോധന നടത്താനാണ് നിർദ്ദേശം. അതേസമയം കഴിഞ്ഞ രണ്ടുവഷമായി ഉപയോഗിക്കാതിരിക്കുന്ന പരിശോധനാ യന്ത്രങ്ങള്‍ ഇപ്പോള്‍ കൃത്യമായി ഉപയോഗിക്കാൻ കഴിയുമോയെന്ന ആശങ്കയിലാണ് സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥർ. ഇതുകൂടാതെ വെള്ളിയാഴ്ചകളിൽ പരേഡും പുനരാരംഭിക്കാൻ ഡിജിപി നിർദ്ദേശിച്ചു.

- 'സാക്ഷികളെ സ്വാധീനിച്ചു', അതിജീവിതയുടെ പരാതിയിൽ ദിലീപിന്റെ 3 അഭിഭാഷകർക്ക് നോട്ടീസ്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ (Dileep) അഭിഭാഷകർക്ക് ബാർ കൗൺസിൽ നോട്ടീസ്. സാക്ഷികളെ മൊഴിമാറ്റാനായി സ്വാധീനിക്കാൻ ശ്രമിച്ചെന്ന അതിജീവിതയുടെ പരാതിയിലാണ് ദിലീപിന്റെ മൂന്ന് അഭിഭാഷകർക്ക് കേരള ബാർ കൗൺസിൽ നോട്ടീസ് നൽകിയത്. ബി രാമൻ പിള്ള (B Raman pillai), സുജേഷ് മേനോൻ, ഫിലിപ്പ് വർഗീസ് എന്നിവർക്കാണ് നോട്ടീസ് ലഭിച്ചത്. രണ്ടാഴ്ചക്കകം മറുപടി നൽകാനാണ് നിർദേശം.
പ്രതികളുമായി ചേർന്ന് 20 ലേറെ സാക്ഷികളെ അഭിഭാഷകൻ കൂറുമാറ്റിയെന്നും നിയമവിരുദ്ധ പ്രവർത്തനം നടത്തിയ അഭിഭാഷകനെതിരെ നടപടി വേണെന്നും ആവശ്യപ്പെട്ടാണ് അതിജീവിത ബാർ കൗൺസിലിന് പരാതി നൽകിയത്. സീനിയർ അഭിഭാഷകനായ ബി രാമൻപിള്ള, ഫിലിപ് ടി വർഗീസ് അടക്കമുള്ളവരുടെ പ്രവൃത്തി അഭിഭാഷകവൃത്തിയ്ക്ക് ചേരാത്തതും നിയമ വിരുദ്ധവുമാണെന്ന് അതിജീവിത പരാതിയിൽ പറയുന്നു. കേസിലെ സാക്ഷിയായ ജിൻസനെ സ്വാധീനിക്കാൻ ക്രിമിനൽ കേസിലെ പ്രതിയുടെ സഹായത്തോടെ ബി രാമൻ പിള്ള 25 ലക്ഷം രൂപയും 5 സെൻറ് ഭൂമി വാഗ്ദാനം ചെയ്തു. ഇതിൽ പൊലീസ് കേസ് എടുത്ത് ചോദ്യം ചെയ്യലിന് ഹാജരാകാൻ ബി രാമൻപിള്ളയ്ക്ക് നോട്ടീസ് നൽകിയിട്ടും ഹാജരായിട്ടില്ല.
തുടരന്വേഷണത്തിലെ പ്രധാന തെളിവാണ് ദിലീപിൻറെ ഫോണുകൾ. ഈ ഫോൺ സംബന്ധിച്ച ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ ബി രാമൻപിള്ളയുടെ ഓഫീസിൽവെച്ച് സൈബർ വിദഗ്ധൻറെ സഹായത്തോടെ തെളിവ് നശിപ്പിച്ചു. കേസിലെ പ്രധാന പ്രതി പൾസർസുനി ദിലീപിന് കൈമാറാൻ കൊടുത്ത കത്ത് സജിത് എന്നയാളെ സ്വാധീനിച്ച് രാമൻപിള്ള കൈക്കലാക്കി. പിന്നീട് ഈ കത്ത് ഇരിങ്ങാലക്കുടയിലെ ഹോട്ടലിൽവെച്ച് തിരിച്ച് നൽകിയെന്നും കത്തിൽ അതിജീവിത ആരോപിക്കുന്നു. നടിയെ ആക്രമിച്ച കേസിൽ തുടക്കം മുതൽ ദിലീപിൻറെ അഭിഭാഷകൻ ബി രാമൻപിള്ളയ്ക്കെതിരെ അന്വേഷണം സംഘം ആക്ഷേപങ്ങളുന്നയിച്ചിരുന്നു. പിന്നാലെ വധ ഗൂഡാലോചന കേസിൽ അഭിഭാഷകനെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയെങ്കിലും പ്രതിഷേധത്തെ തുടർന്ന് നീക്കം നിലച്ചുപോകുകയായിരുന്നു.
