കോട്ടയം മണർകാട് സ്റ്റേഷനിലെ എഎസ്ഐ സ്വപ്ന കരുണാകരനെ അകാരണമായി സ്ഥലം മാറ്റിയതായി പരാതി. പൊലീസ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിലെ വൈരാഗ്യവും ഫേസ്ബുക്ക് കമന്‍റുമാണ് സ്ഥലംമാറ്റത്തിന് പിന്നിലെന്ന് സ്വപ്ന ആരോപിക്കുന്നു.
കോട്ടയം: പൊലീസുകാരിയെ അകാരണമായി സ്ഥലം മാറ്റിയെന്ന് പരാതി. കോട്ടയം മണർകാട് സ്റ്റേഷനിലെ എഎസ്ഐ സ്വപ്ന കരുണാകരനെ സ്ഥലംമാറ്റിയതുമായി ബന്ധപ്പെട്ടാണ് പരാതി ഉയർന്നത്. പൊലീസ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിലെ വൈരാഗ്യമാണ് തൻ്റെ സ്ഥലംമാറ്റത്തിന് പിന്നിലെന്ന് സ്വപ്ന കരുണാകരൻ ആരോപിക്കുന്നു. പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ പരിപാടിക്കെതിരെ ഫെയ്സ്ബുക്കിൽ കമന്‍റ് ചെയ്തതും സ്ഥലംമാറ്റത്തിന് കാരണമായെന്ന് അവർ കുറ്റപ്പെടുത്തുന്നു.
വൈക്കം പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുമ്പോഴാണ് ജൂലൈയിൽ നടന്ന പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്വപ്ന കരുണാകരൻ നാമനിർദേശ പത്രിക നൽകിയത്. സിപിഎം നേതൃത്വം നൽകുന്ന പാനലിനെതിരെയിരുന്നു മത്സരം. എന്നാൽ വേട്ടെടുപ്പിന് രണ്ട് ദിവസം മുമ്പ് സ്വപ്നയെ വൈക്കത്ത് നിന്ന് മണർകാടേക്ക് സ്ഥലം മാറ്റി. ഇതിനെതിരെ അഡ്മിനസിട്രേറ്റീവ് ട്രിബൂണലിൽ നിയമപോരാട്ടം നടക്കുന്നതിനിടയിലാണ് ഡിസംബർ 29 ന് വീണ്ടും സ്ഥലം മാറ്റം. അതും കോട്ടയം ജില്ലയ്ക്ക് പുറത്ത്, എറണാകുളം റൂറലിലേക്ക്.
നിലവിലെ സ്ഥലം മാറ്റത്തിനുള്ള കാരണമായി സ്വപ്‌ന പറയുന്നത് ഇങ്ങനെ, പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റ നേതൃത്വത്തിൽ പൊലീസുകാരുടെ പ്രശ്നങ്ങൾ കേൾക്കാനും പരിഹാരം നിദേശിക്കാനും നമുക്ക് പറയാം എന്ന പരിപാടി തിരുവനന്തപുരുത്ത് നടക്കുന്നുണ്ട്. ഈ പരിപാടി സംബന്ധിച്ചുള്ള ഒരു പോസ്റ്റ്, ഓഫീസേഴ്സ് അസോസിയേഷന്റെ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു സി ആർ ഫേസ്ബുക്കിൽ പങ്കുവച്ചു. ഈ പോസ്റ്റിന് താഴെ സ്വന്തം അനുഭവം സ്വപ്‌ന കമന്റായി രേഖപ്പെടുത്തി. ഇതെല്ലാം ഇടതുപക്ഷ അനുഭാവമുള്ള ഓഫീസേഴ്സ് അസോസിയേഷനെ ചൊടുപ്പിച്ചു.
തുടർച്ചയായി പിന്തുടർന്ന് ഉപദ്രവിക്കുകയാണെന്നും സ്വപ്ന പറയുന്നു. ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് അറിയിച്ചിട്ടും സ്ഥലം മാറ്റം ഒഴിവാക്കിയില്ലെന്നും സ്വപന. എന്നാൽ സ്വപ്നയുടെ വാദങ്ങളെല്ലാം തള്ളുകയാണ് എറണാകുളം ഡിഐജി ഓഫീസ്. വസ്തുത വിരുദ്ധമായ കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്ക്വച്ച് പൊലീസ് സേനയെ കളങ്കപ്പെടുത്തിയതിനാണ് നടപടി. സമൂഹ മാധ്യമങ്ങളിൽ ഇടപെടുമ്പോൾ സേനാംഗങ്ങൾ പാലിക്കേണ്ട നിർദേശങ്ങൾ സംബന്ധിച്ചുള്ള ഡിജിപിയുടെ സർക്കുലർ ലംഘിച്ചു. ഫേസ്ബുക്കിലൂടെ തന്നെ സ്വപ്നയ്ക്ക് മറുപടി നൽകിയ എരുമേലി പൊലീസ് സ്റ്റേഷനിലെ എഎസ്ഐ റോഷ്ന അലവിക്കെതിരെയും അച്ചടക്ക നടപടിയുണ്ട്.


