തിരുവനന്തപുരം: പൊലീസിന് കീഴിലുള്ള പാസ്പോർട്ട് പരിശോധനാ സംവിധാനം ഊരാളുങ്കൽ ടെക്നോളജി സൊലൂഷ്യന് നൽകിയത് രണ്ടു വിദഗ്‍ദ സമിതികളുടെ റിപ്പോർട്ട് മറികടന്ന്. പൊലീസിന്‍റെ ഈ-പാസ്പോർട്ട് വെരിഫിക്കേഷനെക്കാള്‍ മികച്ചതായി ഒന്നും തന്നെ ഊരാളുങ്കലിന്‍റെ സോഫ്റ്റുവയറിലില്ലെന്നായിരുന്നു വിദഗ്‍ദ സമിതികളുടെ വിലയിരുത്തൽ. സംസ്ഥാന പൊലീസ് തന്നെ വികസിപ്പിച്ചെടുത്ത സ്ഫോറ്റുവയർ ഉപയോഗിച്ചാണ് സ്പെഷ്യൽ ബ്രാഞ്ച് പരിശോധന നടത്തി വിവരങ്ങള്‍ പാസ്പോർട്ട് ഓഫീസിലേക്ക് കൈമാറുന്നത്. രണ്ട് ദിവസത്തിനുള്ളിൽ ഒരാളുടെ വിവരങ്ങള്‍ പാസ്പോർട്ട് ഓഫീസിന് കൈ മാറുന്നുണ്ട്. 

മികച്ച രീതിയിൽ പ്രവർത്തനം നടത്തുന്നതിനാല്‍ കേന്ദ്ര സർക്കാരിൽ നിന്നും ഫണ്ടും പൊലീസിന് ലഭിക്കുന്നുണ്ട്‌. ഇ-പാസ്പോർട്ട് കാര്യക്ഷമമായി നടത്താൻ എല്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‍പിമാര്‍ക്കും തുകയും കൈമാറിയിരുന്നു. ലക്ഷങ്ങള്‍ മുടങ്ങി ഫോണുകളും ലാപ്‍ടോപ്പും, മൊബൈൽ ആപ്പുമെല്ലാം സജ്ജീകരിക്കുകയും ചെയ്തു.  ഇപ്പോള്‍ കാര്യക്ഷമമായി നടക്കുന്ന സംവിധാനത്തെക്കാൾ മികച്ചതല്ല ഊരാളുങ്കൽ സമർപ്പിച്ച പദ്ധതിയെന്നായിരുന്നു യുവ ഐപിഎസ് ഉദ്യോഗസ്ഥർ അധ്യക്ഷരായ രണ്ടു സമിതികളുടെ വിലയിരുത്തൽ. ഐടി കമ്പനികളുടെ പ്രതിനിധികളും സമിതിയിലുണ്ടായിരുന്നു. സംസ്ഥാന പൊലീസിൽ ബ്ലോക്ക് ചെയിൻ പദ്ദതി നടപ്പാക്കാൻ നാലരക്കോടിയുടെ പദ്ധതിയാണ് ഊരാളുങ്കൽ സമർപ്പിച്ചതെന്നാണ് അറിയുന്നത്. 

പക്ഷെ സമിതി റിപ്പോർട്ട് മറികടന്നാണ് കൊച്ചിയിലും ആലപ്പുഴയിലും ഊരാളുങ്കലിന് സാധ്യത പഠനം നടത്താൻ ഡിജിപി ഉത്തരവിട്ടത്. ഇതിന്‍റെ ഭാഗമായി ക്രിമിനൽ ആന്‍റ് ക്രൈം ട്രാക്കിംഗ് നെറ്റ്‍വർക്ക് സിസ്റ്റം എന്ന പൊലീസിന്‍റെ ഡാറ്റാ ബാങ്കിൽ നിന്നും വിവരങ്ങള്‍ കമ്പനിക്ക് നൽകാനും ഉത്തരവിട്ടു. എന്നാൽ ആരോപണങ്ങള്‍ ഡിജിപിയും ഉന്നത ഉദ്യോഗസ്ഥരും നിഷേധിക്കുകയാണ്. സർക്കാരിന്‍റെ വിവിധ വകുപ്പുകള്‍ ബ്ലോക്ക് ചെയിൻ സംവിധാനത്തിലേക്ക് വരുമ്പോള്‍ മണിക്കൂറുകള്‍ക്കുള്ളിൽ പാസ്പോർട്ട് പരിശോധനാ റിപ്പോർട്ടുകള്‍ നൽകാനാകുമെന്നാണ് പുതിയ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്നാണ് വിശദീകരണം. മാത്രമല്ല ഊരാളുങ്കലിന് കരാർ നൽകുകയോ പണം കൈമാറുകയോ ചെയ്യിട്ടില്ലെന്നും രഹസ്യവിവരങ്ങള്‍ കൈമാറുന്നതിനുള്ള പാസ്‍വേര്‍ഡ് കമ്പനികള്‍ക്ക് കൈമാറിയിട്ടില്ലെന്നുമാണ് വിശദീകരണം.