തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി എസ് ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചതിന് പിന്നാലെ, ആരാകും ശ്രീധരൻപിള്ളയുടെ പകരക്കാരൻ എന്ന ചോദ്യമാണ് ബിജെപിയിൽ നിന്ന് ഉയരുന്നത്. കുമ്മനം രാജശേഖരന്റെയും കെ സുരേന്ദ്രന്റെയും ശോഭാ സുരേന്ദ്രന്റെയും പേരുകളാണ് സജീവമായി പരിഗണിക്കുന്നത്.

ഒരിക്കൽ കൂടി അപ്രതീക്ഷിത നീക്കത്തിലൂടെ ബിജെപി സംസ്ഥാന അധ്യക്ഷനെ നീക്കി കേന്ദ്ര നേതൃത്വം. കുമ്മനത്തിന് പിന്നാലെ ശ്രീധരൻ പിള്ളയും പ്രസിഡന്റ് സ്ഥാനത്ത് കാലാവധി തികയ്ക്കും മുമ്പ് മിസോറാമിലേക്ക് ഗവർണറായി പോകുന്നു. ഉപതെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ സംസ്ഥാന അധ്യക്ഷനെതിരെ മുരളി പക്ഷവും കൃഷ്ണദാസ് പക്ഷവും നീക്കങ്ങൾ ശക്തമാക്കാൻ ഒരുങ്ങുകയായിരുന്നു. അതിനിടെയാണ് കേന്ദ്ര നേതൃത്വം തന്നെ പിള്ളയെ മാറ്റിയത്. 

Also Read: പിഎസ് ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചു

ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ തന്നെ ശ്രീധരൻ പിള്ളയെ കേന്ദ്രത്തിൽ മറ്റേതെങ്കിലും പദവികളിലേക്ക് മാറ്റുമെന്ന അഭ്യൂഹം ശക്തമായിരുന്നു. സംസ്ഥാന ഘടകത്തിൽ സംഘടനാ തെരഞ്ഞെടുപ്പിനുള്ള നടപടികൾ സജീവമാകുമ്പോളാണ് സംസ്ഥാന അധ്യക്ഷനെ തന്നെ മാറ്റുന്നത്. അടുത്ത മാസമാണ് പിള്ളയുടെ കാലാവധി തീരുന്നത്. അധ്യക്ഷ സ്ഥാനത്ത് നിന്നും വെറും കയ്യോടെ മടങ്ങുന്നതിന് പകരം ഗവർണർ പദവിക്ക് കിട്ടിയത് ശ്രീധരൻ പിള്ളയ്ക്ക് ഒരു അർത്ഥത്തിൽ നേട്ടമാണ്. പകരക്കാരനെ ചൊല്ലി പാർട്ടിക്കുള്ളിൽ നീക്കം സജീവമാണ്. കെ സുരേന്ദ്രന് വേണ്ടി വി മുരളീധരൻ ശക്തമായി തന്നെ രംഗത്തുണ്ട്. കൃഷ്ണദാസ് പക്ഷം മുന്നോട്ട് വയ്ക്കുന്നത് ശോഭാ സുരേന്ദ്രന്റെ പേരാണ്. 

അതേസമയം, ഗവർണർ സ്ഥാനം രാജിവച്ചെത്തിയ കുമ്മനം രാജശേഖരന്റെ പേരും പരിഗണിക്കപ്പെടാനാണ് സാധ്യത. പദവികളില്ലാതെ കുമ്മനത്തെ നിർത്തുന്നതിൽ ആർഎസ്എസിന് അതൃപ്തിയുണ്ട്. നേരത്തെ സുരേന്ദ്രനെ പ്രസിഡന്റാക്കുന്നതിനുള്ള വി മുരളീധരന്റെ നീക്കത്തെ തടയിട്ടത് ആർഎസ്എസായിരുന്നു. പക്ഷെ ആർഎസ്എസിന് ഇപ്പോൾ സുരേന്ദ്രനോട് എതിർപ്പുകളില്ല.