Asianet News MalayalamAsianet News Malayalam

ശിവശങ്കറിനെ സംരക്ഷിക്കാൻ ശ്രമിച്ചിട്ടില്ല; ഏത് പ്രധാനിയും തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണം: മുഖ്യമന്ത്രി

ശിവശങ്കറിനെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നുവെന്ന തരത്തിലുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി. 

Did not try to protect Shiva Shankar Anybody should be punished if he makes a mistake CM pinarayi vijayan
Author
Kerala, First Published Oct 19, 2020, 7:11 PM IST

തിരുവനന്തപുരം: ശിവശങ്കറിനെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നുവെന്ന തരത്തിലുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി. കുറ്റം ചെയ്ത ആരെയും സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കില്ലെന്നും കേന്ദ്ര ഏജൻസികൾ ഇതുവരെ ഇത്തരം പരാതികൾ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ഏജൻസികളുടെ അന്വേഷണം ശരിയായ ദിശയിലാണെന്നാണ് ഇപ്പോൾ കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകൾ

എം ശിവശങ്കറിന്റെ അറസ്റ്റ് തടയാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നു എന്ന തരത്തിലാണ് ഒരു മാധ്യമം വാർത്ത പ്രസിദ്ധീകരിച്ചത്. വാർത്ത അടിസ്ഥാനരഹിതമാണ്.  കേസന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേന്ദ്രമോ അന്വേഷണ ഏജൻസിയോ പറയട്ടെ. സംസ്ഥാന സർക്കാറിന്റെ കാര്യം ഇതാണ്. 

ഇക്കാര്യത്തിൽ അന്വേഷണ ഏജൻസികൾ ഒരു പരാതിയും ഇതുവരെ പറഞ്ഞിട്ടില്ല. കുറ്റവാളികളെ നീതിയുക്തമായ അന്വേഷണം നടത്തിപുറത്തുകൊണ്ടുവരണം എന്നതാണ് സർക്കാർ നിലപാട്. നയതന്ത്ര ബാഗേജ് വഴി നടന്ന കള്ളക്കടത്തിന്റെ വേരുകൾ കണ്ടെത്താനാകണം. എല്ലാ കുറ്റവാളികളെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണം.  അതിനാണ് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ആദ്യം തന്നെ കത്തെഴുതിയത്. 

അതനുസരിച്ചുള്ള അന്വേഷണം മുന്നോട്ടുപോവുകയാണ്. ഈ കേസിന്റെ പേരിൽ പ്രതിപക്ഷം ഒരുഭാഗത്തും, ചില മാധ്യമങ്ങളും സർക്കാറിനെതിരെ ചില പുകമറ ഉണ്ടാക്കാൻ നീക്കമുണ്ട് എന്നത് കാണുന്ന കാര്യമാണ്. അന്വേഷണം നല്ല നിലയിൽ നടക്കണമെന്നാണ് സംസ്ഥാന സർക്കാർ കാണുന്നത്. ഇവിടെ കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ആരെയും കസ്റ്റഡിയിലെടുക്കാനും ആളുകളെ ചോദ്യം ചെയ്യാനും കേന്ദ്ര ഏജൻസികൾക്ക് അവകാശമുണ്ട്. അത് തടയാനാകില്ല. 

ശിവശങ്കറിനെ അറസ്റ്റിന് വിട്ടുകൊടുക്കില്ലെന്നാണ് വാർത്ത. ഇത് സർക്കാറിനെതിരെയാണെങ്കിലും എത്രമാത്രം അബദ്ധമാണെന്ന് മാധ്യമം പരിശോധിക്കണം. കേന്ദ്ര ഏജൻസി അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചാൽ സംസ്ഥാന സർക്കാറിന് അതിന് തടയാനാകുമോ. ശിവശങ്കറിനെ ആശുപത്രിയിൽ കൊണ്ടുപോയത് കസ്റ്റംസ് തന്നെയാണ് കൊണ്ടുപോയതെന്നാണ് വാർത്ത കണ്ടത്. പിന്നീട് മാറ്റിയത് അവിടത്തെ ഡോക്ടർമാരുടെ നിർദേശ പ്രകാരമാണെന്നും വാർത്ത കണ്ടു.

ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതും ഡിസ്ചാർജ് ചെയ്യുന്നതും വൈദ്യശാസ്ത്രപരമായ നടപടിയാണ്. ഏത് പ്രധാനിയാണെങ്കിലും തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണം എന്ന നിലപാടാണ് സർക്കാർ എടുത്തിട്ടുള്ളത്. തന്റെ പദവിക്ക് ചേരാത്ത ബന്ധം ശിവശങ്കറിന് ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അദ്ദേഹത്തെ മാറ്റി നിർത്തിയതും സസ്പെന്റ് ചെയ്തതും. ഇപ്പോൾ അദ്ദേഹത്തിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി യാതൊരു ബന്ധവുമില്ല. അതുകൊണ്ടുതന്നെ അന്വേഷണ ഏജൻസികൾക്ക് അവരുടെ വഴിക്ക് നീങ്ങുന്നതിൽ ഒരു തടസവുമില്ല. ശിവശങ്കർ വഞ്ചിക്കുകയാണോ അല്ലയോ തുടങ്ങിയ കാര്യങ്ങൾ അന്വേഷണം പൂർത്തിയായ ശേഷം പറയാമെന്നും  മുഖ്യമന്ത്രി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

Follow Us:
Download App:
  • android
  • ios