വയനാട്: ചികിത്സയ്ക്കായി പോയി മൈസൂരിൽ കുടുങ്ങിയ ഭിന്ന ശേഷിക്കാരായ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളുമടക്കമുള്ളവർ നാട്ടിൽ തിരിച്ചെത്തി. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്ന് വയനാട് ജില്ലാ ഭരണകൂടത്തിന്റേയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേയും ഇടപെടലാണ് ഇവരുടെ തിരിച്ചു വരവിന് വഴിയൊരുക്കിയത്. 

50 ദിവസങ്ങള്‍ക്ക് മുമ്പാണ് ചികിത്സയ്ക്കായി ഭിന്നശേഷിക്കാരായ കുട്ടികളും അവരുടെ മാതാപിതാക്കളുമടങ്ങുന്ന 104 അംഗ സംഘം മൈസൂരുവിലെ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആൻഡ് ഹിയറിങ്ങിൽ എത്തിയത്.  ചികിത്സ പൂര്‍ത്തിയായെങ്കിലും ലോക്ക്ഡൗണിനെ തുടര്‍ന്ന് സംഘം അവിടെ കുടുങ്ങി പോവുകയായിരുന്നു. ഇവരുടെ ദുരിതം ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് പുറംലോകമറിഞ്ഞത്.

വിഷയം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നെങ്കിലും ഇവര്‍ക്ക് യാത്രാനുമതി ലഭിച്ചിരുന്നില്ല. തുടർന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും വിഷയത്തിൽ ഇടപെട്ടു. പിന്നാലെ, കഴിഞ്ഞ ദിവസം മൈസൂര്‍ ജില്ലാ ഭരണകൂടം യാത്രാനുമതി നല്‍കി. രണ്ട് ബസുകളിലും രണ്ട് കാറുകളിലുമായാണ്  സംഘം മുത്തങ്ങ ചെക്പോസ്റ്റിലെത്തിയത്. മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട്, തൃശൂര്‍, എറണാകുളം, വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നുളളവരാണിവര്‍. 

ഇവർക്കുള്ള തുടർ യാത്രാ പാസ് വയനാട് ജില്ലാ ഭരണകൂടം ഏർപ്പാടാക്കിയിരുന്നു. കുട്ടികളെ അതിർത്തിയിൽ കാത്തു നിർത്തി പരിശോധിച്ചിട്ടില്ല. അവരവരുടെ വീടുകളില്‍ വെച്ചായിരിക്കും ഇവര്‍ക്കുളള പരിശോധന നടത്തുകയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.