ഡിജിറ്റൽ സർവ്വകലാശാലയിലെ ക്രമക്കേടുകളെ കുറിച്ചുള്ള ആരോപണങ്ങൾ തള്ളി പ്രതിപക്ഷനേതാവിന് മറുപടിയുമായി മുഖ്യമന്ത്രി. മുൻ വിസി സിസ തോമസ് ഗവർണ്ണർക്ക് നൽകിയ റിപ്പോർട്ടിലെ കണ്ടെത്തലുകൾ അടക്കം നിഷേധിച്ചാണ് മുഖ്യമന്ത്രിയുടെ കത്ത്.
തിരുവനന്തപുരം: ഡിജിറ്റൽ സർവ്വകലാശാലയിലെ ക്രമക്കേടുകളെ കുറിച്ചുള്ള ആരോപണങ്ങൾ തള്ളി പ്രതിപക്ഷനേതാവിന് മറുപടിയുമായി മുഖ്യമന്ത്രി. മുൻ വിസി സിസ തോമസ് ഗവർണ്ണർക്ക് നൽകിയ റിപ്പോർട്ടിലെ കണ്ടെത്തലുകൾ അടക്കം നിഷേധിച്ചാണ് മുഖ്യമന്ത്രിയുടെ കത്ത്. എന്നാൽ സിസ തോമസിൻറെ ഗുരുതര കണ്ടെത്തലുകൾ അടങ്ങിയ റിപ്പോർട്ട് ഗവർണ്ണർ സിഎജിക്ക് കൈമാറിയതിനാൽ തുടർനടപടികൾ സർക്കാറിന് വലിയ വെല്ലുവിളിയാണ്.
മുഖ്യമന്ത്രി പ്രോ ചാൻസ്ലറായ ഡിജിറ്റൽ സർവ്വകലാശാലയിൽ ഗുരുതര ക്രമക്കേടുകളാണ് വിസിയായിരുന്ന സിസ തോമസിൻ റിപ്പോർട്ടിലുണ്ടായിരുന്നത്. സർവ്വകലാശാലയുടെ പേരിൽ വരേണ്ട പ്രൊജക്ടുകൾ അധ്യാപകർ സ്വന്തം പേരിലുണ്ടാക്കിയ കമ്പനികളിലേക്ക് മാറ്റുന്നു, കേന്ദ്രത്തിനറെ സഹായമുള്ള ഗ്രാഫീൻ പദ്ധതിയിൽ പങ്കാളിയായ സ്വകാര്യ സ്ഥാപനം കരാറിന് ശേഷം ഉണ്ടാക്കി, ഔദ്യോഗിക നടപടി തീരും മുമ്പ് കമ്പനിക്ക് പണം കൈമാറി, വൗച്ചറുകൾ സുതാര്യമല്ല തുടങ്ങി നിരവധി ക്രമക്കേടുകളായിരുന്നു റിപ്പോർട്ടിൽ. റിപ്പോർട്ടിലെ ഉള്ളടക്കം ഉയർത്തിയായിരുന്നു അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിക്ക് കത്തയച്ചത്. എന്നാൽ ആരോപണങ്ങൾ നിഷേധിക്കുന്നു മുഖ്യമന്ത്രി.
സ്റ്റാറ്റ്യൂട്ടറി ഓഡിറ്റ് നടക്കുന്നുണ്ട്, ഓഡിറ്റ് നടത്താൻ സിഎജിയോട് ആവശ്യപ്പെട്ടു, അധ്യാപകർക്ക് സംരഭകപ്രവർത്തനങ്ങൾ പ്രോത്സാഹിപ്പാക്കാമെന്ന് ചട്ടത്തിൽ പറയുന്നു. ഗ്രാഫീൻ പദ്ധതിയിലെ പങ്കാളിയായ കമ്പനിക്ക് മുൻകൂറായി പണം കൈമാറിയില്ല എന്നൊക്കെയാണ് മറുപടി. അതേസമയം ഡിജിറ്റൽ സർവ്വകലാശാല ചട്ടത്തിൽ ഓരോ വർഷവും സിഎജി ഓഡിറ്റ് നിർദ്ദേശിക്കുന്നുണ്ട്. സർവ്വകലാശാല പ്രവർത്തനം തുടങ്ങി ഇതുവരെയും അതുണ്ടായിട്ടില്ല. കത്തയക്കുന്നതല്ലാതെ സർവ്വകലാശാല തുടർനടപടി സ്വീകരിച്ചിട്ടില്ല. സിസ തോമസും ഇക്കാര്യം ഉന്നയിച്ചിരുന്നു. മറുപടി പ്രതിപക്ഷനേതാവിനാണെങ്കിലും മുഖ്യമന്ത്രി തള്ളുന്നത് മുൻവിസിയുടെ റിപ്പോർട്ടാണ്. എന്നാൽ ആ റിപ്പോർട്ട് മുഖവിലക്കെടുത്താണ് ഗവർണ്ണർ സിഎജിക്ക് കൈമാറിയത്. ഇനി പന്ത് സിഎജിയുടെ കോർട്ടിൽ. തലവേദനയായ ഡിജിറ്റൽ സർവ്വകലാശാല റിപ്പോർട്ട് കൊണ്ടാണ് ഗവർണ്ണറുമായി തർക്കത്തിൽ സർക്കാർ അയഞ്ഞതെന്നാണ് വിവരം.
