ഡിജിറ്റൽ സർവകലാശാലയുടെ കൈരളി ചിപ്സ് നിർമ്മാണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി

തിരുവനന്തപുരം: ഡിജിറ്റൽ സര്‍വകലാശാലയുടെ കൈരളി ചിപ്പ് നിര്‍മാണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റ് ക്യാമ്പയിൻ കമ്മിറ്റി. ഗവര്‍ണറെയും മുഖ്യമന്ത്രിയെയും സമീപിച്ച പരാതിക്കാർ, വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ടു. സാങ്കേതിക പഠന റിപ്പോര്‍ട്ടോ, വിദഗ്ധ വിലയിരുത്തലുകളോ ഇല്ലാതെ 25 ലക്ഷത്തിന്‍റെ പാരിതോഷികവും സര്‍ക്കാര്‍ ഫണ്ടും തട്ടുന്നുവെന്നും കേന്ദ്രത്തെ അറിയിക്കുന്നില്ലെന്നുമാണ് പരാതി. എന്നാൽ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നാണ് ചിപ്പിന് നേതൃത്വം നൽകിയ, സർവകലാശാല ഡീൻ അലക്സ് ജെയിംസിന്‍റെ പ്രതികരണം.

മുഖ്യമന്ത്രി പ്രോ ചാൻസലറായ ഡിജിറ്റൽ സർവ്വകലാശാലയിൽ ഗ്രഫീൻ പദ്ധതി സ്വകാര്യ കമ്പനിക്ക് നൽകിയതിലെ ക്രമക്കേടിൽ നേരത്തെ വിസിയായിരുന്ന സിസ തോമസ് ഗവർണർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ട് സിഎജി പരിശോധനയ്ക്ക് ഗവര്‍ണര്‍ കൈമാറിയിരുന്നു. സര്‍ക്കാര്‍ ഫണ്ട് നൽകുന്ന പദ്ധതികള്‍ അധ്യാപകര്‍ സ്വന്തം പേരിലുണ്ടാക്കിയ കമ്പനിയിലേയ്ക്ക് മാറ്റുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതിനിടയിലാണ് കൈരളി ചിപ്പിലും അന്വേഷണം ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവര്‍ണറെ സമീപിച്ചത്.

ചിപ്പിനായി കോടികളുടെ പദ്ധതി കേന്ദ്രം നടത്തുമ്പോള്‍, വമ്പൻ നേട്ടമായി അവതരിപ്പിച്ച കൈരളി ചിപ്പ് കേന്ദ്ര സർക്കാരിനെ അറിയിക്കാത്തതിൽ പരാതിക്കാർ ദൂരൂഹത സംശയിക്കുന്നു. വാണിജ്യടിസ്ഥാനത്തിൽ ഉപയോഗിക്കാനാകുമെന്നതിന് ഒരു തെളിവുമില്ല. ഒന്നും നോക്കാതെ സര്‍ക്കാര്‍25 ലക്ഷം കൊടുത്തു. വന്‍ നേട്ടമായി പെരുപ്പിച്ച് കാട്ടിയെന്നും പരാതിയിലുണ്ട്.

വാണിജ്യടിസ്ഥാനത്തിൽ ഉപയോഗിക്കാനാകുമെന്ന് എങ്ങും പറഞ്ഞിട്ടില്ലെന്നാണ് ഡീൻ അലക്സ് ജയിംസിന്‍റെ മറുപടി. അതിന് വന്‍ തുക വേണം. ചെറിയ ആപ്ലിക്കേഷനുകള്‍ ഉള്ള ചിപ്പ് മാത്രമാണ് തയ്യാറാക്കിയത്. ഇതേക്കുറിച്ച് അറിയിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ചിപ്പ്സ് സ്റ്റാര്‍ട്ട് അപ്പിൽ സര്‍വകലാശാലയെയും കേന്ദ്ര ഐടി മന്ത്രാലയം തെരഞ്ഞെടുത്തത്. കൈരളി ഗവേഷണ പുരസ്കാരം തനിക്ക് കിട്ടിയതിന് കൈരളി ചിപ്പിനല്ലെന്നും എല്ലാം കൂട്ടിക്കുഴച്ച് ആരോപണം ഉന്നയിക്കുകയാണെന്നുമാണ് അലക്സ് ജെയിംസിന്‍റെ മറുപടി.

YouTube video player