നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയുള്ള കോടതി വിധിയ്ക്ക് പിന്നാലെ അമ്മ ഓഫീസിൽ അടിയന്തര എക്സിക്യൂട്ടീവ് യോഗം. വിധിയിൽ സന്തോഷമുണ്ടെന്ന് അമ്മ വൈസ് പ്രസിഡന്‍റ് ലക്ഷ്മി പ്രിയ

കൊച്ചി: കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയുള്ള കോടതി വിധിയിൽ പ്രതികരിച്ച് മലയാളി സിനിമയിലെ നടി നടന്മാരുടെ സംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്‍റ് ലക്ഷ്മി പ്രിയ. വിധിയുടെ പശ്ചാത്തലത്തിൽ ഭാവി നടപടികള്‍ സ്വീകരിക്കുന്നതിനാണ് ചര്‍ച്ച നടക്കുന്നത്. വിധിയിൽ സന്തോഷമുണ്ടെന്ന് അമ്മ വൈസ് പ്രസിഡന്‍റ് ലക്ഷ്മി പ്രിയ പറഞ്ഞു. ദിലീപിനെ അമ്മയിൽ തിരിച്ചെടുക്കുന്ന കാര്യത്തിൽ ജനറൽ ബോഡിയാണ് തീരുമാനം എടുക്കേണ്ടതെന്നും കോടതി വിധിയിൽ വ്യക്തിപരമായി സന്തോഷമുണ്ടെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. ദിലീപ് അങ്ങനെ ചെയ്യില്ല എന്ന് തന്നെയാണ് വിശ്വാസം. രണ്ട് പേരും സഹപ്രവർത്തകരാണ്. വിധിയിൽ സന്തോഷമുണ്ടെന്ന് പറയുന്നത് ഇരയ്‌ക്കൊപ്പം അല്ലെന്ന് അര്‍ത്ഥമില്ലെന്നും വിധി ഉൾപ്പെടെയുള്ള കാര്യങ്ങൾ എക്‌സിക്യുട്ടീവ് ചർച്ച ചെയ്തുവെന്നും ഔദ്യോഗിക പ്രതികരണം ഉടൻ ഉണ്ടാകുമെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. 

അതേസമയം, കോടതി വിധിക്ക് പിന്നാലെ അമ്മ അസോസിയേഷനും പ്രതികരിച്ചു. കോടതി വിധിയെ ബഹുമാനിക്കുന്നുവെന്നും നിയമം നീതിയുടെ വഴിക്ക് പോകട്ടെയെന്നും ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. അമ്മയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതികരണം. ഇതിനിടെ, ദിലീപിന് കുറ്റവിമുക്തനാക്കിയ വിധിക്ക് പിന്നാലെ അമ്മ ഓഫീസിൽ അടിയന്തര എക്സിക്യൂട്ടീവ് യോഗം ചേര്‍ന്നു. അമ്മ പ്രസിഡന്‍റ് ശ്വേത മേനോൻ അടക്കമുള്ളവര്‍ യോഗത്തിൽ പങ്കെടുത്തു. കോടതി വിധിക്ക് പിന്നാലെ സ്വീകരിക്കേണ്ട തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം ചേര്‍ന്നത്.അതിനിടെ, ദിലീപിനെ ഫെഫ്കയിലും തിരിച്ചെടുക്കാൻ നടപടി തുടങ്ങി.

അതേസമയം, വിധി നിരാശാജനകമെന്ന് കെകെ രമ എംഎൽഎ പ്രതികരിച്ചു. ഗുഢാലോചന കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷന് വീഴ്പ പറ്റി. ഭരണകൂടം പ്രതികളെ സംരക്ഷിച്ചുവെന്നും അതിജീവിത മേൽക്കോടതിയെ സമീപിക്കുമെന്നാണ് പ്രതീക്ഷയെന്നും കെകെ രമ പറഞ്ഞു. പണവും അധികാരവും ഉണ്ടെങ്കിൽ എന്തും സാധിക്കുമെന്നതിന് തെളിവാണിത്. അവൾ ചരിത്രമാണെന്നും വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമാണെന്നും ഇത് അവളുടെ വിജയമാണെന്നും കെകെ രമ പറഞ്ഞു.

നടിയെ ആക്രമിച്ച കേസിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടത് ആശ്വാസമെന്നും പി ടി തോമസിനെ ഈ നിമിഷം പ്രത്യേകം ഓർക്കുന്നുവെന്നും അദ്ദേഹത്തിന്‍റെ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ കേസ് തന്നെ ഇല്ലാതായിപോയേനെ എന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. സർക്കാർ സ്വാഭാവികമായും അപ്പീൽ നൽകും. പ്രോസിക്യൂഷന് വീഴ്ച ഉണ്ടായോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ല. വിധിയുടെ പൂർണ രൂപം വരട്ടെയെന്നും ചില പ്രതികൾ ശിക്ഷിക്കപ്പെട്ടതും ചിലർ ഒഴിവാക്കപ്പെട്ടതും എന്തുകൊണ്ടാണെന്ന് പരിശോധിക്കണമെന്നും വിഡി സതീശൻ പറഞ്ഞു. പ്രോസിക്യൂഷന് വീഴ്ചയുണ്ടായോ എന്നത് പരിശോധിക്കണമെന്നും കെസി വേണുഗോപാൽ എംപി പ്രതികരിച്ചു.

YouTube video player