കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ വ്യാഴാഴ്ച തുടങ്ങാനിരിക്കെ പുതിയ ഹർജിയുമായി കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. മുഖ്യപ്രതിയായ സുനിൽകുമാർ തന്നെ ഭീഷണിപ്പെടുത്തിയ കേസ് പ്രത്യേകമായി പരിഗണിച്ച് വിചാരണ നടത്തണമെന്നാണ് ദിലീപിന്‍റെ ആവശ്യം. നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയവേ സുനിൽകുമാർ ദിലീപിനയച്ച കത്താണ് ഹർജിക്ക് ആധാരം. 

എന്നാൽ സുനിൽ കുമാർ ദിലീപനയച്ച കത്ത് നടിയെ ആക്രമിച്ച കേസിന്‍റെ തുടർച്ചയാണെന്നും അതിനാൽ പ്രധാന കേസിന്‍റെ ഭാഗമാണെന്നുമാണ് പ്രോസിക്യൂഷന്‍റെ നേരത്തെതന്നെയുളള നിലപാട്. ഹർജി അടുത്ത ദിവസം ഹൈക്കോടതി പരിഗണിക്കും. വിചാരാണ വൈകിപ്പിക്കാനുളള ദിലീപിന്‍റെ ആസൂത്രിത ശ്രമമാണ് ഇതെന്ന നിലപാടായിരിക്കും കോടതിയിൽ പ്രോസിക്യൂഷൻ സ്വീകരിക്കുക. 

കേസിലെ വിചാരണ നീട്ടിവെയ്ക്കണമെന്നുള്ള നടന്‍ ദിലീപിന്‍റെ ആവശ്യം സുപ്രീംകോടതി നിരാകരിച്ചിരുന്നു. കേസിലെ സുപ്രധാന തെളിവായ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമുള്ള കേന്ദ്ര ഫോറൻസിക് വിഭാഗത്തി‍ന്‍റെ റിപ്പോര്‍ട്ട് വരുന്നത് വരെ വിചാരണ നീട്ടിവെയ്ക്കണം എന്നാണ് നടൻ ദിലീപ് സുപ്രീംകോടതിയില്‍ നൽകിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.