കോടതി മാറ്റം വേണമെന്ന അതിജീവിതയുടെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ നൽകിയ ഹർജി നാളെ പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയ സാഹചര്യത്തിലാണ് ദിലീപ് തടസ്സ ഹർജി നൽകിയത്

ദില്ലി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റണമെന്ന അതിജീവിതയുടെ ഹർജിയിൽ ദിലീപ് തടസ്സ ഹർജി ഫയൽ ചെയ്തു. ഉത്തരവ് പുറപ്പെടുവിക്കും മുമ്പ് തന്റെ വാദം കൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ടാണ് തടസ്സ ഹർജി സമർപ്പിച്ചത്. ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കാനിരിക്കെയാണ് ദിലീപിന്റെ നീക്കം. കോടതി മാറ്റം വേണമെന്ന അതിജീവിതയുടെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ നൽകിയ ഹർജി നാളെ പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയ സാഹചര്യത്തിലാണ് ദിലീപ് തടസ്സ ഹർജി നൽകിയത്. ഹർജി ഫയലിൽ സ്വീകരിക്കുന്ന പക്ഷം അതിജീവിതയുടെ ഹർജിയിൽ ഉത്തരവിറക്കും മുന്നേ കോടതി ദിലീപിനേയും കേൾക്കും. 

വിചാരണ കോടതി ജഡ്ജിയുമായും അവരുടെ ഭർത്താവുമായും എട്ടാം പ്രതിയായ ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും പൊലീസിന് ലഭിച്ച വോയ്സ് ക്ലിപ്പുകളിൽ ഇത് സംബന്ധിച്ച തെളിവുകളുണ്ടെന്നും ആരോപിച്ചായിരുന്നു കോടതി മാറ്റം ആവശ്യപ്പെട്ട് അതിജീവിത ഹർജി നൽകിയത്. ഹണി എം.വർഗീസ് വിചാരണ നടത്തിയാൽ തനിക്ക് നീതി ലഭിക്കില്ലെന്നും നീതിയുക്തവുമായ വിചാരണ ഉണ്ടാകില്ലെന്ന ആശങ്ക ഉണ്ടെന്നും അതിജീവിത കോടതിയിൽ വാദിച്ചിരുന്നു. നടിയുടെ ആവശ്യപ്രകാരം നടത്തിയ രഹസ്യ വിചാരണയ്ക്ക് ഒടുവിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി പ്രസ്താവിച്ചത്.