സാമ്പത്തിക ക്രമക്കേട് ആരോപണത്തെ തുടർന്ന് സർക്കാർ പുറത്താക്കിയ ദിനേശ് ബീഡി ചെയർമാൻ എം കെ ദിനേശ് ബാബു ഭരണ സമിതി യോഗം വിളിച്ചു ചേർത്തത് വിവാദമായി. ക്രമക്കേടുകൾ മറച്ചുവെക്കാനാണ് യോഗം നടത്തിയതെന്ന് ടി ഒ മോഹനൻ എം എൽ എ ആരോപിച്ചു. എന്നാൽ പുതിയ ചെയർമാൻ ചുമതല ഏൽക്കാത്തതിനാലാണ് മുൻകൂട്ടി നിശ്ചയിച്ച യോഗം നടത്തിയതെന്നാണ് ദിനേശ് ബാബുവിന്റെ വിശദീകരണം.

കണ്ണൂർ: സർക്കാർ പുറത്താക്കിയ ചെയര്മാന്റെ നേതൃത്വത്തിൽ ചേർന്ന ദിനേശ് ബീഡി സഹകരണ സംഘം ഭരണ സമിതി യോഗം വിവാദത്തിൽ. എം കെ ദിനേശ് ബാബുവിന്റെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. മുൻ ചെയർമാൻ നടത്തിയത് നിയമലംഘനമെന്ന് വിമർശിച്ച് ടി ഒ മോഹനൻ എം എൽ എ രംഗത്തെത്തി. സാമ്പത്തിക ക്രമക്കേടുകൾ മറയ്ക്കാൻ വേണ്ടിയാണു യോഗം നടത്തിയതെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം സിപിഎം നേതാക്കളുടെ ഒത്താശയോടെ വൻ സാമ്പത്തിക ക്രമക്കേടാണ് സംഘത്തിൽ നടന്നതെന്നും ആരോപിച്ചു.

തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റിയടക്കമുള്ള ആനുകൂല്യം നല്‍കുന്നതിനായി നൂറു കോടി രൂപ വായ്പയെടുക്കാന്‍ തമിഴ്നാട്ടിലെ ശ്രീലക്ഷ്മി വെങ്കിടേശ്വര ഫൈനാന്‍സിനെയാണ് ദിനേശ് ബീഡി വര്‍ക്കേഴ്സ് സെന്‍ട്രല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി സമീപിച്ചത്. വായ്പ കിട്ടും മുമ്പ് ഈ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്ഒരു കോടി എഴുപത്ലക്ഷം രൂപ ദിനേശ് സഹകരണ സംഘം കൈമാറിയത് വിവാദമായി. വ്യവസായ സഹകരണ വകുപ്പുകളുടെ നിയന്ത്രണത്തിലുള്ള ദിനേശ് സഹകരണ സംഘം സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതിയില്ലാതെ ഇത്തരമൊരു സാമ്പത്തിക ഇടപാട് നടത്തിയതില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി ടി ഓ മോഹനന്‍ എം എല്‍ എ സഹകരണമന്ത്രിക്കുള്‍പ്പെടെ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ദിനേശ് സഹകരണ സംഘം ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും എം കെ ദിനേശ് ബാബുവിനെ മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കണ്ണൂര്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍മാനേജര്‍ പി പ്രേംരാജിനാണ് പകരം ചുമതല നല്‍കിയത്. എന്നാല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ട ശേഷം എം കെ ദിനേശ്ബാബുവിന്‍റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നതാണ് വിവാദമായത്. ക്രമക്കേടുകള്‍ മറയ്ക്കാനാണ് ഇത്തരമൊരു യോഗം ചേര്‍ന്നതെന്ന് ടി ഓ മോഹനന്‍ എം എല്‍ എ ആരോപിച്ചു.

നേരത്തെ നിശ്ചയിച്ച യോഗം ചേര്‍ന്നതില്‍ തെറ്റില്ലെന്നും പുതിയ ചെയര്‍മാന്‍ വരുമ്പോള്‍ ചുമതല കൈമാറുമെന്നും എം കെ ദിനേശ്ബാബു പ്രതികരിച്ചു. ദിനേശ് സഹകരണ സംഘത്തില്‍ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്നും വിജിലന്‍സ് അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് കണ്ണൂര്‍ ഡി സിസി പ്രസിഡന്‍റ് മാര്‍ട്ടിന്‍ ജോര്‍ജ് ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി.