വേണുവിൻ്റെ മരണത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അന്വേഷണ റിപ്പോർട്ട് നാളെ സമർപ്പിക്കും. ചികിത്സാ പിഴവില്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് മെഡിക്കൽ കോളേജ് അധികൃതർ.
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ ഹൃദ്രോഗി മരിച്ചതിൽ അന്വേഷണ റിപ്പോർട്ട് ഉടൻ. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നാളെ റിപ്പോർട്ട് സമർപ്പിക്കും. ചികിത്സാ പിഴവില്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് മെഡിക്കൽ കോളേജ് അധികൃതർ. ഡിഎംഇയുടെ റിപ്പോർട്ടിന് ശേഷമായിരിക്കും ആരോഗ്യവകുപ്പ് തുടർ നടപടികളിലേക്ക് കടക്കുക. ആരോഗ്യമന്ത്രി നിർദേശിച്ച പ്രകാരമാണ് അന്വേഷണം. മരിച്ച വേണുവിന്‍റെ കൂടുതൽ ശബ്ദസന്ദേശം ഇന്നലെ പുറത്ത് വന്നിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ ഗുരുതരമായ പരാതിയാണ് സുഹൃത്തിനയച്ച ശബ്ദ സന്ദേശത്തിൽ വേണു ഉന്നയിക്കുന്നത്.
വേണുവിന്‍റെ കൂടുതൽ ഓഡിയോ സന്ദേശം പുറത്ത്
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ മരിച്ച വേണുവിന്‍റെ കൂടുതൽ ഓഡിയോ സന്ദേശം പുറത്ത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കിടന്ന് വേണു ബന്ധുവിന് അയച്ച ഓഡിയോ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. ആരോഗ്യനിലയെ കുറിച്ച് ആശങ്ക അറിയിച്ചുള്ളതാണ് സന്ദേശം. തനിക്ക് എന്തെങ്കിലും സംഭിച്ചാൽ ഉത്തരവാദിത്തം ആശുപത്രി ഏൽക്കുമോ? കുടുംബത്തിന് ഉണ്ടാകുന്ന നഷ്ടം അവർക്ക് നികത്താനാകുമോ? ആശ്രയം തേടി വരുന്ന സാധാരണക്കാരോട് ഇങ്ങനെ മര്യാദകേട് കാണിക്കാമോ, അത്രയും സങ്കടം വന്നിട്ടാണ് ഇത് അയക്കുന്നതെന്നും വേണു അയച്ച ഓഡിയോയില്‍ പറയുന്നുണ്ട്. സംഭവത്തിൽ ആശുപത്രിക്ക് വീഴ്ചയുണ്ടായി എന്ന് ആവര്‍ത്തിക്കുകയാണ് കുടുംബം. ഹൃദയാഘാതമുണ്ടായ ആള്‍ക്ക് കിടക്ക പോലും കിട്ടിയില്ലെന്നും തുണിവിരിച്ചാണ് കിടന്നതെന്നും വേണുവിന്‍റെ ഭാര്യ സിന്ധു പറഞ്ഞിട്ടുണ്ട്.


