തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ വിവിധ ആവശ്യങ്ങള്‍ക്കായി ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കുന്നതിന്‍റെ സാമ്പത്തിക-സാങ്കേതിക വശങ്ങള്‍ സംബന്ധിച്ച് ധാരണയിലെത്താന്‍ സാധിച്ചില്ല. 

ഇതേ തുടര്‍ന്ന് അടുത്ത യോഗത്തില്‍ ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കുന്നതിന്‍റെ സാങ്കേതിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വ്യോമസേനാ ഉദ്യോഗസ്ഥരോടും സാമ്പത്തിക ചിലവ് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ ധനവകുപ്പ് സെക്രട്ടറിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. 10 പേ‍ർക്ക് യാത്ര ചെയ്യാൻ കഴിയുന്ന ഹെലികോപറ്റർ വാടക്കെടുക്കുന്നത് സംബന്ധിച്ചാണ് ചർച്ചകള്‍ പുരോഗമിക്കുന്നത്. 

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര വിവാദങ്ങള്‍ക്കു പിന്നാലെയാണ്സ്ഥിരം വാടക സംവിധാനത്തിൽ ഹെലികോപ്റ്റർ എന്ന ആശയത്തിലേക്ക് സർക്കാർ നീങ്ങിയത്. മാവോയിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങള്‍ക്കും ദുരന്തനിവാരണ പ്രവ‍ത്തനങ്ങല്‍ക്കും പൊലീസ് ഫണ്ടുപയോഗിച്ച് ഹെലികോപ്റ്റ വാടക്കെടുക്കാമെന്നാണ് ഡിജിപിയുടെ ശുപാ‍ശ. അല്ലാത്ത ഘട്ടങ്ങള്‍ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും യാത്രകള്‍ക്കായി ഹെലികോപ്റ്റർ ഉപയോഗിക്കാമെന്നാണ് നിലവിലെ ധാരണ. ഹെലികോപ്റ്റർ വാടകക്ക് എടുക്കാനുള്ള നീക്കത്തെ പ്രതിപക്ഷം ശക്തമായി വിമർശിച്ചിരുന്നു.