തിരുവനന്തപുരം: കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി നിര്‍ണയം പാതിവഴിയില്‍ നില്‍ക്കുന്നു. തിരുവനന്തപുരത്ത് കെ.മോഹന്‍ കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ച നേതൃത്വ എറണാകുളത്ത് ടിജെ വിനോദിന്‍റെ കാര്യത്തിലും ഏകദേശ ധാരണയിലെത്തി എന്നാല്‍ കോന്നിയിലെ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് കടുത്ത അഭിപ്രായ ഭിന്നതയാണ് നേതൃതലത്തിലുള്ളത്. അരൂരിലും അഭിപ്രായ സമന്വയത്തിലെത്താന്‍ നേതൃത്വത്തിനായിട്ടില്ല. 

കോന്നിയിൽ അടൂർപ്രകാശിന്റെയും പ്രാദേശിക നേതാക്കളുടേയും എതിർപ്പ് മറികടന്ന് മോഹൻരാജിനെ സ്ഥാനാർത്ഥിയാക്കാനാണ് നേതൃതലത്തിലെ ധാരണ. എന്നാല്‍ തന്‍റെ വിശ്വസ്തനായ റോബിന്‍ പീറ്ററിനെയാണ് കോന്നിയിലെ സ്ഥാനാര്‍ത്ഥിയായി അടൂര്‍ പ്രകാശ് മുന്നോട്ട് വയ്ക്കുന്നത്. റോബിന്‍ പീറ്റനെ അടൂര്‍ പ്രകാശ് കൈവിടുമോ എന്ന ചോദ്യം അവശേഷിക്കുന്നു. 

എന്നാല്‍ നിലവില്‍ ഐ ഗ്രൂപ്പിന്‍റെ കൈവശമുള്ള കോന്നി സീറ്റ് എ ഗ്രൂപ്പിന് നല്‍കാനുള്ള നീക്കമാണ് അണിയറയില്‍ നടക്കുന്നത്. സമുദായിക സമവാക്യം കൂടി പാലിച്ചുവേണം സ്ഥാനാര്‍ഥി നിര്‍ണയം എന്ന് പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായമുയര്‍ന്നതിനാല്‍ മോഹന്‍രാജിന്‍റെ പേരിന് കൂടുതല്‍ പിന്തുണ കിട്ടുന്നുണ്ട്. അടൂര്‍ പ്രകാശുമായി നിരന്തരം ബന്ധപ്പെടുന്ന നേതൃത്വം അദ്ദേഹത്തെ എങ്ങനെയും അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ്. 

വട്ടിയൂർകാവ് നിലനിർത്താനുള്ള ദൗത്യം മനുഷ്യാവകാശ കമ്മീഷൻ അംഗം കെ മോഹൻകുമാറിനെ ഏല്പിച്ച് കോൺഗ്രസ്. പ്രതിച്ഛായപ്രശ്നവും മണ്ഡലത്തിൽ നിന്നുയർന്ന എതിർപ്പുകളും കണക്കിലെടുത്താണ് ആദ്യം പരിഗണിച്ചിരുന്ന പീതാംബരക്കുറുപ്പിന്റെ പേര് വെട്ടിയത്. നേതാക്കൾ ഇടപെട്ടതോടെ കുറുപ്പിനായി വാദിച്ചിരുന്ന കെ .മുരളീധരൻ അയഞ്ഞു. 

സമവായ നീക്കവുമായി ചെന്നിത്തല മുരളീധരനെ രണ്ട് തവണ കണ്ട് ചർച്ച നടത്തി. പിന്നാലെ മോഹൻകുമാറും മുരളിയെ വീട്ടിലെത്തി കണ്ടതോടെ സമവായത്തിന് വഴിയൊരുങ്ങി. നിലവില്‍ മനുഷ്യാവകാശ കമ്മീഷന്‍ അംഗമായ കെ മോഹന്‍ കുമാര്‍ നാളെ ഗവര്‍ണറെ കണ്ട് പദവി രാജിവയ്ക്കും. 

കോന്നി സീറ്റ് ഐ ഗ്രൂപ്പില്‍ നിന്നും ഏറ്റെടുക്കുന്ന എ ഗ്രൂപ്പ് പകരം തങ്ങള്‍ മത്സരിച്ച അരൂര്‍ സീറ്റ് അവര്‍ക്ക് വിട്ടു നല്‍കും. യൂത്ത് കോണ്‍ഗ്രസ് നേതാവ് എസ് ദീപു, ഷാനിമോൾ ഉസ്മാൻ എന്നിവരുടെ പേരാണ് അവിടെ പരിഗണനയിലുള്ളത്. പാര്‍ട്ടി തികഞ്ഞ വിജയപ്രതീക്ഷ വച്ചു പുലര്‍ത്തുന്ന എറണാകുളത്ത് ടിജെ വിനോദ് കുമാര്‍ ഏറെക്കുറെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച മട്ടാണ്.