Asianet News MalayalamAsianet News Malayalam

Child Abduction : കുട്ടിയെ കൊടുത്തിട്ട് ഷോ കാണിക്കുന്നോ?സെക്യൂരിറ്റി ജീവനക്കാരന്‍ അപമര്യാദയായി പെരുമാറി, പരാതി

നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവത്തിൽ പ്രതി നീതു മാത്രമെന്ന്  എസ്പി ഡി ശിൽപ പറഞ്ഞു. കാമുകനായ ഇബ്രാഹിം ബാദുഷയുമായുള്ള ബന്ധം നഷ്ടപ്പെടാതിരിക്കാനാണ് എംബിഎ ബിരുദധാരിയായ നീതു ഈ കടുംകൈ ചെയ്തത്. 

Dispute between security personnel of Kottayam Medical College and relatives of the abducted child
Author
Kottayam, First Published Jan 7, 2022, 4:39 PM IST

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ (Government Medical College Kottayam) സെക്യൂരിറ്റി ജീവനക്കാരും തട്ടിയെടുക്കപ്പെട്ട കുഞ്ഞിന്‍റെ ബന്ധുക്കളും തമ്മിൽ തർക്കം. സെക്യൂരിറ്റി ജീവനക്കാരൻ അപമര്യാദയായി പെരുമാറിയെന്നാണ് ബന്ധുക്കളുടെ പരാതി. കുട്ടിയെ കൊടുത്തുവിട്ട ശേഷം ഷോ കാണിക്കുന്നോ എന്ന് ജീവനക്കാരൻ ചോദിച്ചെന്ന് കുടുംബം ആരോപിച്ചു. ആശുപത്രിയിലുള്ള കുട്ടിയെ ദൂരെ നിന്ന് കാണാന്‍ പോലും സുരക്ഷാ കാര്യങ്ങള്‍ പറഞ്ഞ് സെക്യൂരിറ്റി ജീവനക്കാരന്‍ അനുവദിക്കുന്നില്ല. കൂടാതെ സെക്യൂരിറ്റി ജീവനക്കാരന്‍ മോശം പരാമര്‍ശം തങ്ങള്‍ക്ക് നേരെ നടത്തിയെന്നുമാണ് കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നത്. 

അതേസമയം നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവത്തിൽ പ്രതി നീതു മാത്രമെന്ന്  എസ്പി ഡി ശിൽപ പറഞ്ഞു. കാമുകനായ ഇബ്രാഹിം ബാദുഷയുമായുള്ള ബന്ധം നഷ്ടപ്പെടാതിരിക്കാനാണ് എംബിഎ ബിരുദധാരിയായ നീതു ഈ കടുംകൈ ചെയ്തത്. ഇബ്രാഹിമിന്റെ കുട്ടിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ബന്ധം തുടരാനായിരുന്നു നീക്കം. കുട്ടിയെ തട്ടിയെടുത്ത് ഹോട്ടലിലെത്തിയ നീതു കുട്ടിക്കൊപ്പമുള്ള ഫോട്ടോ കാമുകന് അയയ്ക്കുകയും ചെയ്തു. കൂടാതെ വീഡിയോ കോളിലും സംസാരിച്ചു.

ടിക് ടോക്കിൽ പരിചയപ്പെട്ട കളമശ്ശേരി സ്വദേശിയായ ഇബ്രാഹിമുമായി രണ്ട് വർഷമായി നീതു ബന്ധത്തിലാണ്. തുടർന്ന് ഗർഭിണി ആവുകയും ചെയ്തു. പക്ഷേ ഗർഭം അലസി. എന്നാൽ ഇക്കാര്യം കാമുകനെ അറിയിച്ചില്ല. പറഞ്ഞാൽ അയാൾ വിട്ടുപോകും എന്നായിരുന്നു നീതുവിന്റെ ഭയം. വിവാഹ മോചിത ആണെന്നാണ് കാമുകനെ അറിയിച്ചിരുന്നത്. ഇബ്രാഹിമിന്റെ വീട്ടുകാരുമായും നീതു പരിചയത്തിൽ ആയിരുന്നു. ഇബ്രാഹിമും വീട്ടുകാരും നിരന്തരം പ്രസവകാര്യം തിരക്കിയപ്പോൾ കുട്ടിയെ തട്ടി എടുക്കാമെന്ന തന്ത്രം ഒരുക്കി. ഡോക്ടറുടെ വസ്ത്രങ്ങളും സ്റ്റെതസ്കോപ്പും ധരിച്ചായിരുന്നു പ്രസവ വാർഡ് സന്ദർശിച്ചത്.

ആദ്യ ശ്രമത്തിൽ തന്നെ അശ്വതിയുടെ കുട്ടിയെ തട്ടിയെടുക്കാൻ കഴിഞ്ഞു. സ്വന്തം കുട്ടിയെപ്പോലെ വളർത്താൻ തന്നെയായിരുന്നു നീതുവിന്റെ തീരുമാനം. ആദ്യം പരസ്പര വിരുദ്ധമായ കാര്യങ്ങൾ മൊഴിനൽകിയ നീതു പിന്നീട് തന്റെ ഉദ്ദേശം പൊലീസിനോട് വ്യക്തമാക്കി. ജീവിതത്തിൽ താൻ ഒരിക്കലെങ്കിലും ജയിക്കട്ടെ എന്നാണ് ചോദ്യംചെയ്യലിന്റെ ഒരു ഘട്ടത്തിൽ നീതു എസ്പിയോട് തുറന്ന് പറഞ്ഞത്. നീതുവിൽ നിന്ന് 30 ലക്ഷം രൂപയും സ്വർണവും തട്ടിയെടുത്ത കാമുകന്‍ ഇബ്രാഹിം ബാദുഷക്കെതിരെ മറ്റൊരു കേസെടുക്കാനാണ് പൊലീസിന്‍റെ തീരുമാനം.

Follow Us:
Download App:
  • android
  • ios