2021ൽ ദില്ലിയിൽ വിദ്യാ‍ർത്ഥിനിയായ സഹപ്രവർത്തകയുടെ പരാതിയിൽ ലീഗ് നേതൃത്വം രാജി ചോദിച്ച് വാങ്ങിയ സികെ സുബൈ‍റിനെയാണ് ലീഗിന്റെ ദേശിയ  അസി. സെക്രട്ടറിയായി ഇന്നലെ ചേ‍ർന്ന ദേശീയസമിതി യോഗത്തിൽ പ്രഖ്യാപിച്ചത്. 

കോഴിക്കോട് : മുസ്ലിം ലീഗിലെയും പോഷകസംഘടനകളിലെയും അഴിച്ചു പണി വിവാദത്തിൽ. സഹപ്രവർത്തകയുടെ പരാതിയിൽ പുറത്തായ യൂത്ത് ലീഗ് നേതാവ് മുസ്ലിം ലീഗിന്റെ ദേശീയ അസി. സെക്രട്ടറിയായി. മാത്രമല്ല പ്രവാസി വ്യവസായി വിദ്യാർത്ഥി സംഘടനയിൽ ഉന്നത സ്ഥാനത്തെത്തിയതും വിവാദമാവുകയാണ്. 2021ൽ ദില്ലിയിൽ വിദ്യാ‍ർത്ഥിനിയായ സഹപ്രവർത്തകയുടെ പരാതിയിൽ ലീഗ് നേതൃത്വം രാജി ചോദിച്ച് വാങ്ങിയ സികെ സുബൈ‍റിനെയാണ് ലീഗിന്റെ ദേശിയ അസി. സെക്രട്ടറിയായി ഇന്നലെ ചേ‍ർന്ന ദേശീയസമിതി യോഗത്തിൽ പ്രഖ്യാപിച്ചത്. 

കത്വ ഉന്നാവോ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ടും ഇതേ സമയത്ത് സുബൈറിനെതിരെ ആരോപണം ഉയ‍ർന്നിരുന്നു. യൂത്ത് ലീഗ് ദേശീയ ജന സെക്രട്ടറിയായിരിക്കേയാണ് സുബൈറിനേതിരെ ആരോപണം ഉയർന്നത്. അന്നുയർന്ന പരാതിയുടെ പേരിൽ പാർട്ടി പിന്നീട് അന്വേഷണമൊന്നും നടത്തിയിരുന്നില്ല. പെൺകുട്ടി ഉയർത്തിയ പരാതിയിൽ മാറ്റി നി‍ർത്തിയ നേതാവിന് ലീഗിപ്പോൾ ഉന്നത സ്ഥാനം ലഭിച്ചത് പാർട്ടിയിലും പോഷകസംഘടനകളിലും തർക്കവിഷയമാണ്. ഹരിത കേസിലേത് പോലെ സ്ത്രീകളുടെ പരാതികൾ ലീഗ് ഗൗരവമായെടുക്കുന്നില്ലെന്ന് ഈ നിയമനത്തിലുടെയും വ്യക്തമാവുകയാണ്. 

അതേ സമയം എംഎസ്എഫിന്റെ ഭാരവാഹിപ്പട്ടികയെച്ചൊല്ലിയും തർക്കമുണ്ട്. പ്രവാസി വ്യവസായിയായ പേരെടുത്ത, അതിന്റെ പേരിൽ ഗോൾഡൻ വിസ നേടിയിട്ടുള്ള കാസിം എനോളിയെന്ന കോഴിക്കോട് സ്വദേശിയെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ടായി നിയമിച്ചതിനെച്ചൊല്ലിയാണ് വിവാദം. എംഎസ്എഫിന്റെ സംസ്ഥാനതലത്തിലുള്ള ഘടകത്തിലൊന്നും ഇദ്ദേഹം പ്രവർത്തിച്ചിട്ടില്ലെന്നും വിദേശത്ത് ജോലി ചെയ്യുന്ന ആളെങ്ങിനെ വിദ്യാർത്ഥി സംഘടനാ പ്രവ‍ർത്തകനാകുമെന്നും ലീഗ് വാട്സാപ്പ് ഗ്രൂപ്പുകളിൽ ചോദ്യമുണ്ട്. എന്നാൽ കാസിം ദില്ലിയിൽ കോഴ്സ് ചെയ്യുന്നുണ്ടെന്നാണ് നേതാക്കളുടെ വിശദീകരണം.

പോഷകസംഘടനകളിലെ അഴിച്ചു പണിയിൽ ലീഗിനുള്ളിൽ കടുത്ത അമർഷമുണ്ട്. ഇടി മുഹമ്മദ് ബഷീറും മുഈനലി തങ്ങളും ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കുഞ്ഞാലിക്കുട്ടി വിമ‍ർശകനായ മുഈനലിയെ ദേശീയ ഭാരവാഹിയായി നിലനിർത്തിയതും അദ്ദേഹം വിമർശനം തുടരുമെന്ന് ഭയന്നാണ്. എം കെ മുനീർ, കെ പി എ മജീദ് തുടങ്ങിയ നേതാക്കളൊന്നും ചെന്നൈയിൽ നടന്ന യോഗത്തിൽ പങ്കെടുത്തില്ല.