തിരുവല്ല: ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ബിലീവേഴ്സ് ചർച്ച് . കോടതിയിൽ പണം അടച്ച് ഭൂമി ഏറ്റെടുക്കുമെന്ന് സർക്കാർ അറിയിച്ചതോടെ ഭൂമിയുടെ ഉടമസ്ഥാവകാശം സർക്കാരിനില്ലെന്ന് വെളിപ്പെടുകയാണ്. ഒരു കോടതിയിലും ഈ ഭൂമി സംബന്ധിച്ച് കേസ് ഇല്ലെന്നും ഇത് തങ്ങളുടെ ഭൂമിയാണെന്നും ബിലിവേഴ്സ് ചർച്ച് വിശദീകരിക്കുന്നു. എന്നാൽ സഭയുടെ ഭൂമി ആണെന്ന് അംഗീകരിച്ചാൽ ഏത് വികസന പ്രവർത്തനങ്ങൾക്കും സമ്മതമെന്നും ബിലീവേഴ്സ് ഇസ്റ്റേൺ ചർച്ച് പ്രതികരിച്ചു. എന്നാൽ ബിലീവേഴ്‌സ് ചർച്ചിന്റെ വാദം തള്ളി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ രംഗത്തെത്തി. ഭൂമി സർക്കാരിന്റേതു തന്നെയെന്നും ഉടമസ്ഥാവകാശം ഉറപ്പിക്കാൻ സിവിൽ കോടതിയെ സമീപിക്കാൻ മാത്രമാണ് സുപീം കോടതി നിർദേശം ലഭിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ബിലിവേഴ്സ് ചർച്ചിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിശദീകരണം നൽകിയിരിക്കുന്നത്.ഉടമസ്ഥാവകാശം സംബന്ധിച്ച് കേസുകൾ നിലവിൽ ഇല്ലാതിരിക്കെ കോടതിയിൽ പണം കെട്ടിവെച്ച് സ്ഥലം ഏറ്റടുക്കുക്കാനുള്ള നിയമ സാധുത തള്ളിക്കളയുമെന്നാണ് ബിലിവേഴ്സ് ചർച്ചിന്റെ പ്രതികരണം.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം...

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ ഉടമസ്ഥതയിലുള്ള ചെറുവള്ളി എസ്റ്റേറ്റ് തർക്കഭൂമിയാണ് എന്നുള്ള സംസ്ഥാന സർക്കാരിന്റെ നിലപാടിനെ സഭാവിശ്വാസികൾ തള്ളിക്കളയുന്നു. ഈ രാജ്യത്തെ ഒരു കോടതിയിലും ചെറുവള്ളി എസ്റ്റേറ്റ് ഉടമസ്ഥതയും ആയി ബന്ധപ്പെട്ട ഒരു കേസുപോലും നിലവിലില്ല. രാജ്യത്തിന്റെ പരമോന്നത നീതിപീഠവും, ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയും വിധികളിലൂടെ അത് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്.

ഉടമസ്ഥാവകാശം സംബന്ധിച്ച് കേസുകൾ നിലവിൽ ഇല്ലാതിരിക്കെ കോടതിയിൽ പണം കെട്ടിവെച്ച് സ്ഥലം ഏറ്റടുക്കുക എന്ന നടപടിക്കുള്ള നിയമ സാധുത തള്ളിക്കളയേണ്ടിയിരിക്കുന്നു. കോടതിയിൽ പണം കെട്ടിവെക്കാൻ ആലോചിക്കുന്നു എന്നുള്ളത് യാഥാർഥ്യമെങ്കിൽ ഉടമസ്ഥാവകാശം സർക്കാരിനില്ല എന്നുള്ളതിന്റെ നഗ്നമായ അംഗീകാരം കൂടിയാണ്. സഭ വിശ്വാസികൾ വികസന പ്രവർത്തനങ്ങൾക്ക് എതിരല്ല, ചെറുവള്ളി എസ്റ്റേറ്റ് സഭയുടെ ഭൂമിയാണ് എന്ന് അംഗീകരിച്ചുകൊണ്ടുള്ള ഏതു വികസന പ്രവർത്തനത്തെയും സഭാവിശ്വാസികൾ രണ്ടു കയ്യും നീട്ടി സ്വാഗതം ചെയ്യും. നിയമനടപടികളിൽ കുടുങ്ങി എയർപോർട്ട് ഇല്ലാതായാൽ അതിന്റെ ഉത്തരവാദിത്വം സഭയ്ക്ക് ആയിരിക്കില്ല എന്ന് ഓർമ്മപ്പെടുത്തുവാൻ ആഗ്രഹിക്കുന്നു.

Read More: ശബരിമല വിമാനത്താവളം ചെറുവള്ളി എസ്റ്റേറ്റിൽ; ഭൂമി ഏറ്റെടുക്കാൻ തീരുമാനം.

പ്രതിഷേധ നിലപാടുമായി സഭ രംഗത്തെത്തിയതോടെ ശബരിമല വിമാനത്താവളത്തിന്റെ ഭൂമി ഏറ്റെടുക്കാനുള്ള നടപടിയുടെ തുടക്കത്തിൽ തന്നെ കല്ലുകടിയാകുകയാണ്. വിമാനത്താവള പദ്ധതിക്കായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ മുഖ്യമന്ത്രി വിളിച്ച യോ​ഗത്തിൽ ഇന്നലെയാണ് തീരുമാനമായത്. 2560 ഏക്കർ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ ഭൂമിയുടെ വിലനിർണയം നടത്തി ആ തുക കോടതിയിൽ കെട്ടിവച്ച ശേഷം ഭൂമി ഏറ്റെടുക്കാനാണ് സർക്കാർ നീക്കം. ഉടമസ്ഥാവകാശം ഇപ്പോൾ ആരോപിക്കുന്ന വ്യക്തികൾക്ക് കോടതി വിധി അനുകൂലമാണെങ്കിൽ അവർക്ക് ആ പണം നൽകാനും തീരുമാനമായി. 

എന്നാൽ ചെറുവള്ളിയുടെ ഉടമസ്ഥത സംബന്ധിച്ച കേസിൽ തങ്ങൾക്ക് അനുകൂല നിലപാടാണ് കോടതിയിൽ നിന്നുണ്ടായതെന്നും ഭൂമി വിമാനത്താവള പദ്ധതിക്ക് നൽകുന്നതിന് തീരുമാനമെടുത്തില്ലെന്നും ആണ് ആദ്യം മുതൽ തന്നെ വിഷയത്തിൽ ബിലിവേഴ്സ്  ചർച്ച് കൗൺസിലിന്റെ നിലപാട്. ഏന്തെങ്കിലും തരത്തിലുള്ള ചർച്ച ഇക്കാര്യത്തിൽ സർക്കാരുമായി നടത്തിയിട്ടില്ലെന്നും സഭ പറയുന്നു. ബിലിവേഴ്സ് ചർച്ച് സ്വന്തം നിലക്ക് വിമാനത്താവളം കൊണ്ട് വരാൻ ശ്രമിക്കുന്നില്ലെന്നും ഇത്തരം  പ്രചാരണം അടിസ്ഥാനരഹിതമാണെന്നും സഭാ കൗൺലിൽ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഹാരിസൺസിന്‍റെ മലയാളം പ്ലാന്‍റേഷൻസിൽ നിന്ന് 2263 ഏക്കർ വരുന്ന ചെറുവള്ളി എസ്റ്റേറ്റ്  ബിലിവേഴ്സ് ചർച്ച് വാങ്ങുകയായിരുന്നു. കൈമാറ്റം നിയമവിരുദ്ധമാണെന്ന് കാണിച്ച് സർക്കാർ കോടതിയെ സമീച്ചെങ്കിലും വിധി ചർച്ചിന് അനുകൂലമായിരുന്നു.