എരുമേലി: ‌ശബരിമല വിമാനത്താവള പദ്ധതിക്കായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ തീരുമാനമായി. മുഖ്യമന്ത്രി വിളിച്ച യോ​ഗത്തിലാണ് തീരുമാനം. തര്‍ക്കഭൂമി ഏറ്റെടുക്കുന്നതിനുള്ള നിയമപരമായ മാര്‍ഗങ്ങള്‍ തേടാനും യോ​ഗത്തിൽ തീരുമാനമായി. ഭൂമി ഏറ്റെടുക്കല്‍ നിയമം അനുസരിച്ച് കോടതിയില്‍ നഷ്ടപരിഹാരത്തുക കെട്ടിവെച്ചാണ് ഭൂമി ഏറ്റെടുക്കുക. 

2560 ഏക്കർ ഭൂമിയാണ് വിമാനത്താവളത്തിനായി ഏറ്റെടുക്കാൻ യോ​ഗത്തിൽ തീരുമാനമായിരിക്കുന്നത്. ഈ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഇപ്പോൾ തർക്കം നിലനിൽക്കുകയാണ്. ഈ സാഹചര്യത്തിൽ ഭൂമിയുടെ വിലനിർണയം നടത്തി ആ തുക കോടതിയിൽ കെട്ടിവച്ച ശേഷം ഭൂമി ഏറ്റെടുക്കാനാണ് തീരുമാനം. ഉടമസ്ഥാവകാശം ഇപ്പോൾ ആരോപിക്കുന്ന വ്യക്തികൾക്ക് കോടതി വിധി ആനുകൂലമാണെങ്കിൽ അവർക്ക് ആ പണം നൽകും. 

ചെറുവള്ളി എസ്റ്റേറ്റ് ഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്ന് സ്പെഷ്യൽ ഓഫീസർ എം ജി രാജമാണിക്യം കണ്ടെത്തിയിരുന്നു.  ഈ ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ തുടങ്ങിയിരുന്നെങ്കിലും പിന്നീട് നിയമക്കുരുക്കിൽപ്പെട്ടു. ഹാരിസൺ മലയാളം പ്ലാന്‍റേഷനാണ് എസ്റ്റേറ്റ് ഗോസ്പൽ ഫോർ ഏഷ്യക്ക് കൈമാറിയത്. ഹാരിസൺ ഭൂമിയിലെ ഉടമസ്ഥാവകാശത്തിൽ സിവിൽ കോടതിയെ സമീപിക്കുമെന്ന് സർക്കാർ തീരുമാനിച്ചെങ്കിലും ഇതിൽ തുടർനടപടി വൈകുകയാണ്. എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള നീക്കത്തിൽ ഗോസ്പൽ ഫോർ ഏഷ്യയുടെ തുടർ നിലപാട് പ്രധാനമാണ്.

ശബരിമല വിമാനത്താവളം കോട്ടയം ജില്ലയിലെ ചെറുവള്ളി എസ്റ്റേറ്റില്‍ സ്ഥാപിക്കുന്നതിന് 2017ലാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. അന്നത്തെ അഡീ. ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന്‍ അധ്യക്ഷനായ സമിതിയുടെ തീരുമാനം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.