കോൺഗ്രസ് നേതാവായ കെ സി വേണുഗോപാലിനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളെ അപലപിച്ച് കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. മാധ്യമ ടൈറ്റിലുകളിൽ പ്രകോപിതരായി നേതാക്കളെ വേട്ടയാടുന്നത് പാർട്ടിയോടുള്ള ക്രൂരതയാണെന്നും, പരാജയങ്ങളുടെ കാരണം ദേശീയ നേതൃത്വമല്ല, മറിച്ച് ബിജെപിയുടെ ജനാധിപത്യവിരുദ്ധ നടപടികളാണെന്നും അദ്ദേഹം വാദിക്കുന്നു.
തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിയിൽ നിന്ന് ആര് വേണമെങ്കിലും മുഖ്യമന്ത്രിയാവട്ടെ, അത് തീരുമാനിക്കാനുള്ള സംവിധാനവും നടപടി ക്രമങ്ങളും പാർട്ടിക്കുണ്ടെന്ന് കെഎസ്‍യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. അതുമായി ബന്ധപ്പെട്ട് പാർട്ടി മുന്നോട്ട് പോകുന്നുമുണ്ട്. അതിനിടയിൽ മാധ്യമ ടൈറ്റിലുകളിൽ പ്രകോപിതരായി പൊതുമധ്യത്തിൽ വൈകാരിക പ്രകടനങ്ങൾ നടത്തേണ്ടതുണ്ടോ എന്ന് നമ്മൾ ആത്മപരിശോധന നടത്തേണ്ടതുണ്ട്. ശരിയാണ്, എല്ലാത്തിലുമപ്പുറം നമ്മളെല്ലാം സാധാരണ കോൺഗ്രസുകാരാണ്. ഒരു സൊസൈറ്റി തെരഞ്ഞെടുപ്പിൽ പോലും പാർട്ടിക്ക് ഒരു തട്ടുകേടുണ്ടായാൽ അതിൽ വിഷമിക്കുന്ന സാധാരണ മനുഷ്യർ.
എന്നാൽ പലപ്പോഴും മേൽപ്പറഞ്ഞ മാധ്യമ ടൈറ്റിലുകൾ നമ്മുടെ വികാരം കുത്തിയിളക്കാനും പാർട്ടികകത്ത് കലാപമുണ്ടായികാണാനും മാത്രം ലക്ഷ്യമിട്ടുള്ളതാണ്. സ്ഥാനാർഥി നിർണ്ണയത്തിന്റെ ഒരു ഘട്ടത്തിൽ ഈ വ്യാജ വാർത്തയുടെ ഉപദ്രവം ഞാനും നേരിട്ട വ്യക്തിയാണ്. സംഘടിതമായി ഒരു കോൺഗ്രസ് നേതാവിനെ, സംഘടനാ ചുമതയുള്ള അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായ കെ സി വേണുഗോപാലിനെ തിരഞ്ഞു പിടിച്ച് സൈബർ വിസ്താരം നടത്തുന്നതിനോട് ഒട്ടും യോജിക്കാനാവുന്നില്ല.
നമുക്കെല്ലാം പ്രിയപ്പെട്ട നേതാക്കളുണ്ടാവും. അവർ ഉന്നത പദവികളിലേക്ക് വരാൻ നമ്മൾ ആഗ്രഹിക്കുകയും ചെയ്യും, സ്വഭാവികമാണത്. എന്നാൽ ആ ആഗ്രഹം നമ്മുടെ തന്നെ മറ്റൊരു നേതാവിനെ വേട്ടയാടാൻ കാരണമാവരുത്. അത് ആ മനുഷ്യരോടുള്ള നീതികേടാണ്, അതാരോടായാലും. ഇന്ന് തന്നെ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെട്ട ഒരു കാര്യം കോൺഗ്രസിന് ദേശീയതലത്തിൽ നേരിടേണ്ടി വന്ന ചില പരാജയങ്ങൾക്ക് കാരണം ദേശീയ നേതൃത്വമാണ് എന്നതാണ്. എന്തൊരു അപകടംപിടിച്ച വാദമാണതെന്ന് അലോഷ്യസ് ചോദിച്ചു.
കേന്ദ്ര ഏജൻസികളെ, തെരഞ്ഞെടുപ്പ് കമ്മീഷനെ, അദാനിയും അംബാനിയും ഉൾപ്പെടെയുള്ള കോർപ്പറേറ്റുകളെ, എല്ലാം കൂട്ട് പിടിച്ച് കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലത്തോളമായി ഇന്ത്യൻ ഭരണകടനയോടും ജനാധിപത്യത്തോടും ബിജെപിയും സംഘപരിവാറും കാണിച്ച കാടത്തം കൊണ്ടാണ് കോൺഗ്രസിനെന്നല്ല രാജ്യത്തെ മതേതര നിലപാടുള്ള മനുഷ്യർക്കാകെ തിരിച്ചടി നേരിട്ടത്. ഈ വാദമാണ് രാഹുൽ ഗാന്ധിയുൾപ്പടെ നിരന്തരം തെളിവ് സഹിതം ജനങ്ങളിലേക്ക് എത്തിക്കുന്നത്.
അങ്ങനെയൊരു കാലത്ത് കേവലം വൈകാരികതയുടെ പുറത്ത് തിരിച്ചടിയുടെ പാപഭാരം മുഴുവൻ ദേശീയ നേതൃത്തത്തിന്റെ തലയിൽ കെട്ടിവെക്കുന്നത് പാർട്ടിയോടുള്ള ക്രൂരതയാണ്. ഇന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിൽ സന്ധിയില്ലാതെ നിലകൊള്ളുന്ന മുഴുവൻ നേതാക്കളും അഭിനന്ദനം അർഹിക്കുന്നുണ്ട്. എല്ലാ തരം ഭീഷണികളെയും അതിജീവിച്ചാണ് അവർ പാർട്ടിയെ നയിക്കുന്നത്. കൂടെ നിന്ന പലരും ഒരു രാവുകൊണ്ട് മറുകണ്ടം ചാടിയപ്പോഴും മുഖ്യമന്ത്രിമാരും ഗവർണർമാരും കേന്ദ്രമന്ത്രിമാരും ഒക്കെയാവുന്നത് കണ്മുന്നിൽ കണ്ടപ്പോഴും ഭീഷണികൾ ഒന്നിനു പുറകെ ഒന്നായി വന്നപ്പോഴും പാർട്ടി ജീവിതമാക്കിയവരാണ് കെ സി വേണുഗോപാൽ എംപി ഉൾപ്പടെയുള്ളവർ. അവർ ഈ വെറുപ്പ് അർഹിക്കുന്നില്ല, അല്ലെങ്കിലും ഒന്ന് ഓർത്തു നോക്കൂ പാർട്ടി നയത്തിനെതിരെ ഏതെങ്കിലും ഘട്ടത്തിൽ ഈ നേതാക്കൾ എന്തെങ്കിലും പറഞ്ഞോ? പരസ്യപ്രസ്താവന നടത്തിയോ? ഇല്ല.
തങ്ങൾക്ക് ഇഷ്ടപ്പെട്ട നേതൃത്വത്തെ അനുകൂലിക്കാനുള്ള പൂർണമായ അവകാശം ഓരോ പ്രവർത്തകർക്കും ഉണ്ടെന്നത് മറ്റൊരു നേതാവിനെ അപകീർത്തിപ്പെടുത്താനുള്ള ലൈസൻസ് ആവരുത്. ഇന്ന് കെ സി ക്കെതിരെ എങ്കിൽ , നാളെ മറ്റൊരാൾക്ക് എതിരെ. ഇന്നലകളിൽ കോൺഗ്രസ് നേതൃത്വത്തിന് നേരെ ഉണ്ടായ ചെറുതും വലുതുമായ സൈബർ അറ്റാക്കിനെ നിയന്ത്രിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ പാർട്ടിക്ക് വേണ്ടി പണിയെടുക്കുന്ന കെ സി ഉൾപ്പെടെയുള്ള നേതാക്കന്മാരെ ഇത്തരത്തിൽ വേട്ടയാടാനുള്ള കളം ഒരുങ്ങില്ലായിരുന്നു. എംഎൽഎമാരുൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ പ്രതികരണവും നിയന്ത്രണവും ഇത്തരം സൈബർ ബുള്ളിയിംഗ് വിഷയത്തിൽ ഉണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


