മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ്‌ ചെന്നിത്തലയുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി ആസ്ഥാനമായ ഇന്ദിരഭാവനിൽ വെച്ച് ചർച്ച നടത്തി. 

തിരുവനന്തപുരം: ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് കേരളത്തിലെ കോൺഗ്രസിലുണ്ടായ ആഭ്യന്തര കലാപത്തിന് താൽക്കാലിക വിരാമം. പ്രശ്നപരിഹാരത്തിന് ഇരുവിഭാഗം നേതാക്കളും കൂടിക്കാഴ്ച നടത്തി. മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ്‌ ചെന്നിത്തലയുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായും കെപിസിസി ആസ്ഥാനമായ ഇന്ദിരഭാവനിൽ വെച്ചാണ് ചർച്ച നടത്തിയത്. 

പ്രശ്നപരിഹാരത്തിന് ചർച്ചയിൽ ധാരണയായി. കോൺഗ്രസ് എംപി രാജ് മോഹൻ ഉണ്ണിത്താനോട് കെപിസിസി വിശദീകരണം ചോദിക്കണമെന്ന് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ചർച്ചയിൽ ആവശ്യപ്പെട്ടു. ഇതിൽ കെപിസിസി അധ്യക്ഷൻ ഇറപ്പ് നൽകിയതായാണ് സൂചന. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ തീരുമാനങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പാർട്ടി വിട്ട് പോണമെന്ന ഉണ്ണിത്താൻ പറഞ്ഞിരുന്നു. ഇതിൽ വിശദീകരണം തേടണമെന്നാണ് നേതാക്കളുടെ ആവശ്യം. 

'പഴയ നേതാവിനെ കാണുന്നു, കെട്ടിപിടിക്കുന്നു'; കോണ്‍ഗ്രസിന് മറ്റൊന്നിനും സമയമില്ലെന്ന് വിജയരാഘവന്‍

ഡിസിസി പുന സംഘടനയുമായി ബന്ധപ്പെട്ട് ഉയർന്ന പ്രശ്നങ്ങൾ പരിഹരിച്ചതായി കെ സുധാകരൻ ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് വിശദീകരിച്ചു. ഉമ്മൻചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും എല്ലാ അതൃപ്തിയും പരിഹരിച്ചു. തുടർന്നുള്ള പുനസംഘടനയിൽ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തും. കോൺഗ്രസിൽ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും ചർച്ചയ്ക്ക് ശേഷം സുധാകരൻ വ്യക്തമാക്കി. കേരളത്തിന്റെ ചുമതലയുള്ള ജനറൽസെക്രട്ടറി താരീഖ് അൻവർ പ്രശ്നപരിഹാരത്തിനായി കേരളത്തിലേക്ക് എത്തുമെന്ന ധാരണയുണ്ടായിരുന്നുവെങ്കിലും അതുണ്ടാകില്ലെന്നും പ്രശ്നങ്ങൾ പരിഹരിച്ചതായി ഹൈക്കമാൻഡിനെ അറിയിച്ചെന്നും സുധാകരൻ കൂട്ടിച്ചേർത്തു. 

ഇന്നലെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉമ്മൻ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും നേരിൽ കണ്ട് നടത്തിയ ച‍ർച്ചകൾക്കൊടുവിലാണ് പാർട്ടിയിലെ കലാപത്തിന് ശമനമെന്ന നിലയിലേക്ക് എത്തിയത്. തിരുവനന്തപുരത്ത് ഉമ്മൻ ചാണ്ടിയുടെ വസതിയിലെത്തിയ വിഡി സതീശൻ വൈകിട്ട് ഹരിപ്പാട്ടെ വീട്ടിലെത്തി ചെന്നിത്തലയേയും കണ്ടിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona