പത്തനംതിട്ട: ലോക്ക് ഡൗൺ അവസാനിക്കുമ്പോൾ ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങുന്ന സാഹചര്യം ഉണ്ടായാൽ കൊവിഡ് 19 വ്യാപനം ഉണ്ടായേക്കുമെന്ന ആശങ്കയിലാണ് ആരോഗ്യപ്രവർത്തകർ. ഇതിനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് വിവിധ ജില്ലാ ഭരണകൂടങ്ങൾ.

സംസ്ഥാനത്ത് രണ്ടാം ഘട്ടത്തിൽ കൊവിഡ് 19 സ്ഥിരീകരിച്ച പത്തനംതിട്ടയിൽ മാർച്ച് 8 മുതൽ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതാണ്. ലോക് ഡൗണിന് മുൻപേ ആൾക്കൂട്ടം നിയന്ത്രിക്കാൻ കഴിഞ്ഞതിനാൽ ജില്ലയിൽ രോഗ പകർച്ച ഒഴിവാക്കാനും കഴിഞ്ഞു.ആകെ 17 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 9 പേരാണ് ആശുപത്രികളിൽ കഴിയുന്നത്.

സമ്പർക്കത്തിലൂടെ വ്യാപനം കാര്യമായി ഉണ്ടായില്ല. ലോക് ഡൗൺ കഴിയുന്നതോടെ വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ കൂട്ടത്തോടെ എത്തുന്നത് വീണ്ടും പ്രതിസന്ധി ഉണ്ടാക്കുമെന്നാണ് ആരോഗ്യ പ്രവത്തകരുടെ ആശങ്ക. മാർച്ച് 22 ന് ശേഷം വിമാന സർവ്വീസുകൾ നിലച്ചിരുന്നതിനാൽ നേരത്തെ ബുക്ക് ചെയ്തിട്ടും നാട്ടിലെത്താൻ കഴിയാത്ത പ്രവാസികളുണ്ട്.

ട്രെയിൻ സർവ്വീസ് പുനരാരംഭിച്ചാലും രോഗ പകർച്ചാ സാധ്യത ഏറെയാണ്. കൂടുതൽ ഐസോലേഷൻ സൗകര്യങ്ങൾ ഉൾപ്പെടെ തയ്യാറാക്കിയിരിക്കുകയാണ് ജില്ലാ ഭരണകൂടം. നിലവിൽ ഹൈ റിസ്ക് മേഖലയിൽ നിന്നുള്ള ആളുകളെ മാത്രമാണ് പരിശോധിക്കുന്നതെങ്കിൽ പരമാവധി ആളുകളുടെ സാംപിൾ പരിശോധനയും ഇനി വേണ്ടി വരും.