എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ ആകെയുള്ള 6727 പേരില്‍ 1665 പേര്‍ക്ക് മാത്രമായിരുന്നു നഷ്ടപരിഹാര തുകയായ അഞ്ച് ലക്ഷം രൂപ പൂര്‍ണ്ണമായും ലഭിച്ചിരുന്നത്

കാസർകോട് : സുപ്രീംകോടതി ഇടപെടലിന് പിന്നാലെ എൻഡോസൾഫാൻ ദുരിത ബാധിതര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കുന്നത് വേഗത്തിലാക്കി കാസര്‍കോട് ജില്ലാ ഭരണകൂടം. കഴിഞ്ഞ ഒരു മാസത്തിനിടയ്ക്ക് 4970 പേര്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്ത് കഴിഞ്ഞു.

ആകെ 195 കോടി 70 ലക്ഷം രൂപയാണ് കഴിഞ്ഞ ഒരു മാസത്തിന് ഇടയ്ക്ക് എന്‍‍ഡോസള്‍ഫാന്‍ ദുരിത ബാധിതകര്‍ക്ക് വിതരണം ചെയ്തത്. അഞ്ച് ലക്ഷം രൂപ വീതമാണ് സുപ്രീം കോടതി വിധിച്ച നഷ്ടപരിഹാരം. 3035 പേര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതവും നേരത്തെ നഷ്ടപരിഹാരം ലഭിച്ച 1935 പേര്‍ക്ക് അഞ്ച് ലക്ഷത്തിൽ ബാക്കിയുള്ള തുകയുമാണ് വിതരണം ചെയ്തത്.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ ആകെയുള്ള 6727 പേരില്‍ 1665 പേര്‍ക്ക് മാത്രമായിരുന്നു നഷ്ടപരിഹാര തുകയായ അഞ്ച് ലക്ഷം രൂപ പൂര്‍ണ്ണമായും ലഭിച്ചിരുന്നത്. നഷ്ടപരിഹാരം നല്‍കാത്തതിന് കാസര്‍കോട്ടെ സെര്‍വ് കളക്ടീവ്, കോടതി അലക്ഷ്യ ഹര്‍ജി നല്‍കി സുപ്രീംകോടതി വിധി സമ്പാദിച്ചു. ഇതോടെ സര്‍ക്കാര്‍ കഴിഞ്ഞ മാര്‍ച്ചില്‍ 200 കോടി രൂപ അനുവദിക്കുകയായിരുന്നു. ഈ തുകയുടെ വിതരണമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ അപേക്ഷ സ്വീകരിച്ചാണ് വിതരണം. ഈ മാസം 18 ന് നഷ്ടപരിഹാര വിതരണം സംബന്ധിച്ച് സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ സത്യവാംങ്മൂലം സമര്‍പ്പിക്കും.