കൊല്ലം: കൊല്ലം ബൈപ്പാസിലെ അപകടം കുറയ്ക്കാനുള്ള നടപടികള്‍ ഈ ആഴ്ച തന്നെ തുടങ്ങുമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുൾ നാസര്‍ അറിയിച്ചു. അനധികൃത കയ്യേറ്റമൊഴിപ്പിക്കാനും നടപടി തുടങ്ങി. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടിനെ തുടര്‍ന്ന് പൊതുമരാമത്ത് മന്ത്രി ഇടപെട്ടതോടെയാണ് ജില്ലാ ഭരണകൂടം നടപടികൾ വേഗത്തിലാക്കിയത്.

ബൈപ്പാസിലെ അപകടങ്ങളൊഴിവാക്കാനുള്ള നടപടികള്‍ എത്രയും വേഗം ആരംഭിക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ജില്ലാ ഭരണകൂടം നടപടി തുടങ്ങിയത്. ബൈപ്പാസ് സന്ദര്‍ശിച്ച ഉദ്യോഗസ്ഥ സംഘം അപകടമേഖലകള്‍ കണ്ടെത്തി. ഈ സ്ഥലങ്ങളില്‍ താല്‍കാലിക ഹമ്പുകള്‍ സ്ഥാപിക്കാൻ പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്‍കി. 

ഏഴ് ദിവസത്തിനകം മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിക്കും. 24 മണിക്കൂറും സിഗ്നല്‍ ലൈറ്റുകൾ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. അമിത വേഗം കണ്ടെത്താൻ പട്രോളിങ് ശക്തമാക്കാനും ബൈപ്പാസില്‍ ഇൻറര്‍ സെപ്റ്റര്‍ വാഹനങ്ങളുടെ സാന്നിധ്യം ഉറപ്പാക്കാനും കലക്ടർ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.