കണ്ണൂര്‍: കൊവിഡ് 19 നെ അതിജയിക്കാനുള്ള പോരാട്ടത്തിലാണ് കേരളം. അതിനിടയിലാണ് ഇന്ന് കണ്ണൂരിലും തൃശൂരിലും ഒരാള്‍ക്ക് വീതം രോഗം സ്ഥിരീകരിച്ചത്. ദുബായിയില്‍ നിന്ന് കോഴിക്കോടെത്തിയ സ്പൈസ്ജെറ്റ് ഫ്ലൈറ്റിലെ യാത്രക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ സ്വദേശിയായ ഇയാള്‍ക്കൊപ്പം സഞ്ചരിച്ചവരോ ഇടപെട്ടവരോ ആയ ആര്‍ക്കെങ്കിലും രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ അടിയന്തരമായി ബന്ധപ്പെടണമെന്ന് മലപ്പുറം കണ്ണൂര്‍ ജില്ലകളിലെ കളക്ടര്‍മാര്‍ ആവശ്യപ്പെട്ടു. രോഗിയുടെ യാത്രാവിവരങ്ങളും പരസ്യപ്പെടുത്തിയിട്ടുണ്ട്.

മലപ്പുറം കളക്ടറുടെ കുറിപ്പ്

ഇന്ന് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ച കണ്ണൂർ ജില്ലയിലെ ഒരു വ്യക്തി മാർച്ച് 5 ന് ദുബായ് നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാന താവളത്തിലെത്തിയ SG54 സ്പൈസ്ജെറ്റ് ഫ്ലൈറ്റിലെ യാത്രക്കാരനാണ്. ഫ്ലൈറ്റിലെ മറ്റ് യാത്രക്കാരെ ട്രാക്ക് ചെയ്ത് വരുന്നു. പ്രസ്തുത ഫ്ലൈറ്റിൽ സഞ്ചരിച്ചവരിൽ രോഗ ലക്ഷണമുള്ള ആരെങ്കിലുമുണ്ടെങ്കിൽ എത്രയും പെട്ടെന്ന് ജില്ലയിലെ കണ്‍ട്രോള്‍ റൂമിലെ 0483 2737858, 0483 2737857 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

 

കണ്ണൂര്‍ കളക്ടറുടെ കുറിപ്പ്

കണ്ണൂരിൽ കൊറോണ പോസിറ്റീവ് കേസ് :

ദുബൈയിൽ നിന്ന് എത്തിയ ആൾ മാർച്ച്‌ 5ന് സ്‌പൈസ് ജെറ്റിന് കരിപ്പൂരിൽ ഇറങ്ങി നാട്ടിലെത്തി. 7 മുതൽ 10വരെ കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ലോകാരോഗ്യ സംഘടന നോട്ടിഫൈ ചെയ്ത 12 രാജ്യങ്ങളിൽ ദുബൈ ഉൾപെട്ടി ട്ടില്ലാത്തതിനാലും
ലക്ഷണങ്ങൾ ഒന്നും ഇല്ലാതിരുന്നതിനാലും ഇയാളെ വീട്ടിൽ ഐസൊലേഷനിൽ കഴിയാൻ നിർദേശിച്ചു അയക്കുകയായിരുന്നു. 7 ന് പരിശോധനക്ക് അയച്ച സാമ്പിളിന്റെ ഫലം ആലപ്പുഴ നാഷണൽ വൈറോളജി ഇന്സ്ടിട്യൂട്ടിൽ നിന്ന് ഇന്നാണ് ലഭിച്ചത്. പരിശോധന ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് വ്യാഴാഴ്ച വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇദ്ദേഹത്തിന്റെ കോൺടാക്റ്റുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. റൂട്ട് മാപ്പ് നാളെ പ്രസിദ്ധീകരിക്കും. പരിയാരം മെഡിക്കൽ കോളേജിലെ ഡോക്ടർ മാരും ഡി എം ഒ യും അടങ്ങിയ പ്രത്യേക മെഡിക്കൽ ബോർഡും രൂപീകരിച്ചിട്ടുണ്ട്.

 

 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക