ഫിഫ ലോകകപ്പ് ഫൈനലിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്കൂളുകൾക്കും കോളേജുകൾക്കും സർക്കാർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. പാലാ നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം ഈ തീരുമാനത്തെ സ്വാഗതം ചെയ്യുകയും, വിദ്യാർത്ഥികളുടെ താൽപര്യം പരിഗണിച്ച സർക്കാരിന് നന്ദി അറിയിക്കുകയും ചെയ്തു.

പാലാ: ഫിഫ ലോകകപ്പ് ഫൈനലിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും കോളജുകൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച സംസ്ഥാന സർക്കാരിന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്ത് പാലാ നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം. വിദ്യാർഥികൾക്ക് ലോകകപ്പ് ഫൈനൽ മത്സരം കുടുംബത്തോടൊപ്പം ആസ്വദിക്കാനും കായികവിനോദങ്ങളോടുള്ള താൽപര്യം പ്രോത്സാഹിപ്പിക്കാനുമുള്ള ഈ തീരുമാനം യുവജനങ്ങളുടെ മനസറിഞ്ഞുള്ള നടപടിയാണെന്ന് അവർ പറഞ്ഞു.

ലോകകപ്പ് ഫൈനലിന്‍റെ പിറ്റേദിവസം സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നിവർക്ക് ദിയ ബിനു നിവേദനം നൽകിയിരുന്നു. വിദ്യാർഥികളുടെ താൽപര്യത്തിന് പ്രാധാന്യം നൽകി സമയോചിതമായ തീരുമാനം കൈക്കൊണ്ട മുഖ്യമന്ത്രി, സംസ്ഥാന സർക്കാർ, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നിവർക്ക് ദിയ ബിനു നന്ദി രേഖപ്പെടുത്തി. കായിക സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും കുട്ടികളിൽ ആരോഗ്യകരമായ ജീവിതശൈലിയും കൂട്ടായ്മയും വളർത്തുന്നതിനും ഈ തീരുമാനം വലിയ പ്രചോദനമാകുമെന്നും അവർ അഭിപ്രായപ്പെട്ടു.

ലോകകപ്പ് ഫൈനൽ പ്രമാണിച്ച് നാളെ സംസ്ഥാനത്തെ സ്കൂളുകൾക്കും കോളേജുകൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നു. സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി വി ഡി സതീശനാണ് നിർദേശം നൽകിയത്. അവധി നൽകുന്നതുമായി ബന്ധപ്പെട്ട് നിരവധി മന്ത്രിമാർ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് അവധി പ്രഖ്യാപിച്ച് വാർത്ത വന്നത്.

സംസ്ഥാനത്തെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ(തിങ്കൾ) അവധി നൽകും. ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം നാളെ പുലർച്ചെ നടക്കുന്ന സാഹചര്യത്തിലാണ് അവധി നൽകുന്നത്. അതേസമയം മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ലെന്നും സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.

കളി കണ്ട് പുലർച്ചെ ഉറങ്ങുന്ന ആരാധകർക്ക് തിങ്കളാഴ്ച ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എത്താനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ അവധിക്കായുള്ള ആവശ്യങ്ങൾ ഉയർന്നിരുന്നു. ഫുട്ബോൾ ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച സ്കൂളുകൾക്ക് അവധി നൽകണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസും രംഗത്തെത്തിയിരുന്നു. നേരത്തെ, എറണാകുളം ജില്ലയിലെ വിവിധ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. അവധി നൽകുന്ന കാര്യം ആലോചിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരിച്ചിരുന്നു.