പമ്പാ ആശുപത്രിക്കെതിരെയുള്ള തീർത്ഥാടകയുടെ പരാതിയിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഡിഎംഒയുടെ നിർദേശം. പമ്പാ മെഡിക്കൽ ഓഫീസർക്കാണ് നിർദേശം നൽകിയത്.

കൊച്ചി: പത്തനംതിട്ട പമ്പാ ആശുപത്രിക്കെതിരെയുള്ള തീർത്ഥാടകയുടെ പരാതിയിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഡിഎംഒയുടെ നിർദേശം. പമ്പാ മെഡിക്കൽ ഓഫീസർക്കാണ് നിർദേശം നൽകിയത്. നെടുമ്പാശ്ശേരി സ്വദേശിയായ പ്രീതയാണ് പത്തനംതിട്ട ഡിഎംഒയക്ക് പരാതി നൽകിയിരുന്നത്. ശബരിമല ദർശനത്തിനെത്തിയ പ്രീതയുടെ കാലിലെ മുറിവ് ആശുപത്രിയിൽ നിന്ന് വെച്ചുകെട്ടിയപ്പോൾ സർജിക്കൽ ബ്ലേഡും അകത്ത് കുടുങ്ങിയിരുന്നു. ആ പരാതിയിലാണ് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയത്.

15ന് വെളുപ്പിനാണ് പരിക്ക് പറ്റിയ കാലുമായി പ്രീത പമ്പാ ആശുപത്രിയിലെത്തുന്നത്. ഡോക്ടറുടെ നിർദേശപ്രകാരം ഒരാൾ കാലിലെ മുറിവ് വൃത്തിയാക്കാനും വെച്ചുകെട്ടാനും എത്തി. നഴ്സിങ് അസിസ്റ്റൻഡ് എന്നാണ് പരിചയപ്പെടുത്തിയത്. തൊലിയുടെ ഒരു ഭാഗം മുറിച്ച് നീക്കണമെന്ന് പറഞ്ഞു. സർജിക്കൽ ബ്ലേഡ് എടുത്തു. അസ്വഭാവികത തോന്നിയത് കൊണ്ട് മറ്റൊന്നും ചെയ്യേണ്ടെന്നും ബാൻഡേജ് വെച്ച് കെട്ടിയാൽ മതിയെന്നും പ്രീത പറഞ്ഞു. ശബരിമലയിൽ നിന്നും തിരിച്ച് നെടുമ്പാശ്ശേരിയിലെ വീട്ടിലെത്തിയപ്പോൾ അസ്വസ്ഥത തോന്നിയതുകൊണ്ട് കാലിലെ കെട്ടഴിച്ചു. കമ്പി പോലെ കട്ടിയുള്ള വസ്തു ബാൻഡേജിനിടയിൽ കുടുങ്ങിയിരിക്കുന്നു. തൊലി ഭാഗം മുറിച്ചുമാറ്റാനായി എടുത്ത അതേ സർജിക്കൽ ബ്ലേഡ് കൂടി വെച്ചാണ് മുറിവുള്ള കാൽ കെട്ടിയത്.