കൊല്ലം: ആർക്കും വായിക്കാനാകാത്ത വിധത്തിൽ ഒപി ടിക്കറ്റിൽ മരുന്ന് കുറിച്ച സംഭവത്തിൽ കൊല്ലം ഡിഎംഒ കൊട്ടാരക്കര താലൂക്ക് ആശുപത്രി സൂപ്രണ്ടിൽ നിന്ന് റിപ്പോർട്ട് തേടി. തന്‍റെ കയ്യക്ഷരം മോശമാണെന്ന വിശദീകരണമാണ് വിചിത്രമായ മരുന്ന് കുറിപ്പടി നൽകിയ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടറുടേത്.

ഈ മാസം നാലിന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടിയെത്തിയ രോഗിക്ക് ഡ്യൂട്ടി ഡോക്ടർ നൽകിയ മരുന്ന് കുറിപ്പടി വായിക്കാൻ ഫാർമസിയിൽ ഉള്ളവർക്ക് പോലും കഴിഞ്ഞില്ല. കുറിപ്പടിയുടെ ഫോട്ടോ നവ മാധ്യമങ്ങളിൽ പറന്നു. ഇതോടെയാണ് ഡിഎംഒ ഇടപെട്ടത്. 

ആശുപത്രി സൂപ്രണ്ടിനോട് റിപ്പോർട്ട് ചോദിച്ചിരിക്കുകയാണ് ഡിഎംഒ. തന്‍റെ കയ്യക്ഷരം മോശമാണെന്നും ആശുപത്രിയിൽ തിരക്കുണ്ടായിരുന്നത് കൊണ്ടാണ് കുറിപ്പടിയെഴുത്ത് ഈ വിധം വഷളായതെന്നുമാണ് മരുന്നെഴുതിയ ഡോക്ടറുടെ വിശദീകരണം.