തിരുവനന്തപുരം: തമിഴ്‍നാട്ടില്‍ വൈറസ് ബാധിതരുടെ എണ്ണം കൂടുന്നതിനാല്‍ കേരളം അതിര്‍ത്തി മണ്ണിട്ട് അടച്ചെന്ന വാര്‍ത്ത വ്യാജമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവര്‍ നമ്മുടെ സഹോദരങ്ങളാണ്, അങ്ങനെയൊരു ചിന്ത പോലും സംസ്ഥാനത്തിന് ഇല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. രാജ്യത്ത് ഇന്ന് യാത്രയ്ക്ക് തടസ്സങ്ങളുണ്ട്. പ്രധാനമന്ത്രി വ്യക്തമാക്കിയ നിബന്ധനകള്‍ നമ്മള്‍ പാലിക്കണം. എന്നാല്‍ റോഡ് തടസം, മണ്ണിട്ട് നികത്തല്‍ തുടങ്ങിയ കാര്യങ്ങള്‍ കേരളം ചെയ്യില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

എസ്എസ്എൽസി, ഹയർ സെക്കന്‍ററി പരീക്ഷകളുടെ തീയതി നിശ്ചയിച്ചു എന്ന വ്യാജപ്രചാരണമുണ്ട്. അതും തീരുമാനിച്ചിട്ടില്ല. വിദ്യാഭ്യാസ വകുപ്പ് തീരുമാനം ഔഗ്യോഗികമായി അറിയിക്കും. വ്യാജ പ്രചരണങ്ങളില്‍ കുടുങ്ങിപ്പോകരുതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. അതേസമയം സംസ്ഥാനത്ത് ഇന്ന് ഒൻപത് പേർക്കാണ്  കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ച ഏഴ് പേർ കാസർകോട്ടുകാരാണ്. മറ്റുള്ളവർ തൃശ്ശൂർ, കണ്ണൂർ ജില്ലക്കാരാണ്. ചികിത്സയിലായിരുന്ന 16 പേർക്ക് കൂടി രോഗം ഭേദമായി. കണ്ണൂരിലെ അഞ്ച് പേരും കാസർകോട്ടെ മൂന്ന് പേരും ഇടുക്കിയിലെ രണ്ടു പേരും കോഴിക്കോട്ടെ രണ്ടു പേർ പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ഒരോരുത്തരും രോഗം ഭേദമായി.