അതിഥി തൊഴിലാളികളെക്കുറിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ നടത്തിയ പരാമർശങ്ങളെ തിരുത്തി സി എം ഐ ഡി സ്ഥാപകനായ ഡോ. ബിനോയ് പീറ്റർ. റിവേഴ്‌സ് റെമിറ്റൻസ് വിഷയത്തിൽ മുഖ്യമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്. ഇതര സംസ്ഥാന തൊഴിലാളികൾ അവരുടെ വരുമാനത്തിന്റെ മൂന്നിലൊന്നും കേരളത്തിൽ തന്നെയാണ് ചെലവഴിക്കുന്നതെന്ന് അദ്ദേഹം കണക്കുകൾ നിരത്തി വ്യക്തമാക്കുന്നു.
കൊച്ചി: അതിഥി തൊഴിലാളികളെ കുറിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ നടത്തിയ പരാമർശത്തിൽ തിരുത്തുമായി സെന്‍റർ ഫോർ മൈഗ്രേഷൻ ആൻഡ് ഇൻക്ലൂസീവ് ഡെവലപ്മെന്‍റ് (സി എം ഐ ഡി) എന്ന സന്നദ്ധ സംഘടനയുടെ സ്ഥാപകരിൽ ഒരാളായ ഡോ ബിനോയ് പീറ്റർ. മുഖ്യമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. വിദേശത്ത് പഠിക്കാൻ പോകുന്ന കുട്ടികൾക്ക് ഫീസിനത്തിലും മറ്റു ജീവിത ചെലവുകൾക്കും ആയിരക്കണക്കിന് കോടി രൂപയാണ് നമ്മൾ മലയാളികൾ റിവേഴ്‌സ് റെമിറ്റൻസ് ആയി അയച്ചു കൊടുക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഗോതമ്പുപൊടിയും ഉള്ളിയും മദ്യവും മതിയെന്ന പരാമർശവും ശരിയല്ല. മദ്യം കഴിക്കുന്നവർ വളരെ ചെറിയൊരു വിഭാഗം മാത്രമാണ്. ഇതര സംസ്ഥാന തൊഴിലാളികൾ അവരുടെ വരുമാനത്തിന്‍റെ മൂന്നിലൊന്ന് കേരളത്തിൽ തന്നെയാണ് ചെലവഴിക്കുന്നതെന്നും ഡോ ബിനോയ് പീറ്റർ ഓർമിപ്പിക്കുന്നു.
കുറിപ്പിന്‍റെ പൂർണരൂപം
ബഹുമാനപ്പെട്ട മുഖ്യമന്ത്രി വി ഡി സതീശൻ അങ്ങയുടെ വാക്കുകൾ അക്ഷരം പ്രതി വിശ്വസിക്കുന്ന ഒരു വലിയ ജനവിഭാഗമുണ്ട് കേരളത്തിൽ. അതുകൊണ്ടുതന്നെ അങ്ങയിൽ നിന്ന് ഒരു പിഴവ് ഉണ്ടാകാൻ പാടില്ല. ആരൊക്കെയോ അങ്ങയെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു. തിരുത്തുമെന്ന ഉത്തമ വിശ്വാസമുണ്ട്. റിവേഴ്‌സ് റെമിറ്റൻസ് എന്നാൽ പ്രവാസിക്ക് നാട്ടിൽ നിന്ന് അയച്ചുകൊടുക്കുന്ന തുകയാണ്, അല്ലാതെ പ്രവാസി നാട്ടിലേക്കയക്കുന്ന തുകയല്ല.
"കേരളത്തിൽ റിവേഴ്‌സ് റെമിറ്റൻസ് ഉണ്ട്"- ശരിയാണ്, റിവേഴ്‌സ് റെമിറ്റൻസ് എന്നാൽ പ്രവാസിക്ക് നാട്ടിൽ നിന്ന് അയച്ചുകൊടുക്കുന്ന തുകയാണ്, അല്ലാതെ പ്രവാസി നാട്ടിലേക്കയക്കുന്ന തുകയല്ല. യൂറോപ്പിലും ഉത്തര അമേരിക്കയിലും മറ്റും പഠിക്കാൻ പോയിട്ടുള്ള കുട്ടികൾക്ക് ഫീസിനത്തിലും മറ്റു ജീവിത ചെലവുകൾക്കും ആയിരക്കണക്കിന് കോടി രൂപയാണ് നമ്മൾ മലയാളികൾ റിവേഴ്‌സ് റെമിറ്റൻസ് ആയി അയച്ചു കൊടുക്കുന്നത്.
ഇതര സംസ്ഥാന തൊഴിലാളികൾ പണം "കടത്തിക്കൊണ്ടു പോകുന്നു"- ശരിയല്ല, മലയാളിയേക്കാൾ കുറഞ്ഞ കൂലിക്ക് കൂടുതൽ സമയം പണിയെടുത്ത് രക്തം വിയർത്തുണ്ടാക്കുന്ന പണമാണ് നാട്ടിലേക്കയക്കുന്നത്. തൊഴിലാളികളുടെ അവകാശമാണിത്. ഇത് റിവേഴ്‌സ് റെമിറ്റൻസ് അല്ല. മറിച്ച് റെമിറ്റൻസ് ആണ്. പ്രവാസി മലയാളികൾ രണ്ടു ലക്ഷത്തി പതിനാറായിരം കോടിയിലേറെ കേരളത്തിലേക്ക് അയക്കുമ്പോഴാണ് ഇതര സംസ്ഥാന തൊഴിലാളികൾ 52000 കോടി അയയ്ക്കുന്നത്. കേരളം ഇന്നും ഒരു മണിയോർഡർ ഇക്കോണമി ആണെന്നത് മറക്കരുത്.
"ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഗോതമ്പുപൊടിയും ഉള്ളിയും മദ്യവും മതി"- ശരിയല്ല. ബഹുഭൂരിപക്ഷം തൊഴിലാളികളും അരി പ്രധാന ഭക്ഷണമായിട്ടുളള സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്, ഗോതമ്പുപൊടി അവർക്കു വേണ്ട. മദ്യം കഴിക്കുന്നവർ ഒരു ന്യൂനപക്ഷം മാത്രമാണ്.
ഇതര സംസ്ഥാന തൊഴിലാളികൾ കേരളത്തിൽ അവരുടെ വരുമാനത്തിന്‍റെ മൂന്നിലൊന്ന് ചെലവഴിക്കുന്നുണ്ട്. ചിലത് കുറിക്കുന്നു.
വാടക ഇനത്തിൽ ചെലവഴിക്കുന്നത്- മൂന്നിലൊന്നു പേർ (15 ലക്ഷം പേർ) ശരാശരി 1200 രൂപ പ്രതിമാസം നൽകിയാൽ എത്രയാകും ?
ലോട്ടറി- പ്രതിമാസം പത്തു ലക്ഷം ടിക്കറ്റുകൾ 30 രൂപ വച്ച് എടുക്കുന്നു. ഇതിനെത്രയാകും ?
മൊബൈൽ റീചാർജ്- 35 ലക്ഷം പേർ പ്രതിമാസം 100 രൂപയ്ക്ക് റീചാർജ് ചെയ്താൽ എത്രയാകും?
മൊബൈൽ ഫോൺ വാങ്ങുന്നത്- 2 ലക്ഷം പേർ വർഷത്തിൽ 10000 രൂപയുടെ ഒരു മൊബൈൽ ഫോൺ വാങ്ങിയാൽ എത്രയാകും?
മുടി വെട്ടാൻ- 35 ലക്ഷം പുരുഷന്മാർ രണ്ടു മാസം കൂടുമ്പോൾ 100 രൂപയ്ക്ക് മുടിവെട്ടിയാൽ എത്രയാകും?
ബസിൽ യാത്ര ചെയ്യാൻ- മൂന്നിലൊന്നു പേർ (15 ലക്ഷം പേർ) ശരാശരി 40 രൂപ രൂപ നിരക്കിൽ പ്രതിദിനം ബസ് കൂലി നൽകിയാൽ 300 ദിവസം മാത്രമെടുത്താൽ എത്രയാകും?
നാട്ടിലേക്ക് കേരളത്തിൽ നിന്ന് ബസിൽ യാത്ര ചെയ്യുന്നത്- ആഴ്ച തോറും നൂറു കണക്കിന് ബസുകളാണ് കേരളത്തിൽ നിന്ന് ഒഡിഷ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. ഇവ നടത്തുന്നത് മലയാളികൾ. ആഴ്ചയിൽ 10000 പേര് 2500 രൂപ നിരക്കിൽ നാട്ടിൽ പോയാൽ ഒരു വർഷം എത്രയാകും?
5 ലക്ഷം പേർ ഒരു ദിവസം രണ്ടു പൊറോട്ടയും സാമ്പാറും 24 രൂപ നിരക്കിൽ കഴിച്ചാൽ പ്രതിവർഷം എത്രയാകും?
45 ലക്ഷം പേര് വർഷത്തിൽ 300 രൂപ വിലയുള്ള രണ്ടു വസ്ത്രം വാങ്ങിയാൽ എത്രയാകും?
5 ലക്ഷം പേർ ആഴ്ചയിൽ ഒരു കിലോ കോഴിയിറച്ചി 120 രൂപ നിരക്കിൽ വാങ്ങിയാൽ പ്രതിവർഷം എത്രയാകും?
10 ലക്ഷം പേര് പ്രതിമാസം 10000 രൂപ നാട്ടിലേക്കയക്കാൻ ആയിരത്തിന് പത്തു രൂപ നൽകിയാൽ പ്രതിവർഷം എത്രയാകും?
20 ലക്ഷം പേര് 6 മാസത്തിലൊരിക്കൽ 500 മരുന്ന് വാങ്ങാൻ ചെലവാക്കിയത് പ്രതിവർഷം എത്ര രൂപയാകും?
30 ലക്ഷം പേർ ആഴ്ചയിൽ 250 രൂപയ്ക്ക് അരിയും മറ്റു സാധനങ്ങളും വാങ്ങിയാൽ പ്രതിവർഷം എത്രയാകും?
മലബാറെന്ന വിഷകന്യകയുടെ മാറിലേക്കും ഇന്ത്യയിൽ വിദൂര നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും ബർമ്മയിലേക്കും മലയായിലേക്കും റങ്കൂണിലേക്കും സിംഗപ്പൂരിലേക്കും ഗൾഫ് നാടുകളിലേക്കും യൂറോപ്പിലേക്കും അമേരിക്കൻ ഐക്യനാടുകളിലേക്കും ആഫ്രിക്കയിലേക്കും അന്റാർട്ടിക്ക വരേക്കും കുടിയേറിയ മലയാളികൾ താണ്ടിയ കനൽ വഴികൾ നാം മറക്കരുത്. കടമ്മനിട്ടയുടെ വരികളാണോർമ്മ വരുന്നത്. നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്.
