പാലാ നഗരസഭയിൽ ഒരു മുന്നണിക്കും പിന്തുണ നൽകില്ലെന്ന് സ്വതന്ത്ര കൗൺസിലർ ബിജു പുളിക്കകണ്ടം വ്യക്തമാക്കി. പ്രശ്നാധിഷ്ഠിതമായി പ്രവർത്തിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, നഗരസഭയിലെ ആഭ്യന്തര തർക്കങ്ങളിൽ അന്തിമ തീരുമാനം കെപിസിസിക്ക് വിട്ട് കോൺഗ്രസ് ജില്ലാ നേതൃത്വം.
കോട്ടയം: പാലായിലെ രാഷ്ട്രീയ സാഹചര്യം കൂടുതൽ കലുഷിതമാകുമ്പോൾ ഇടത് മുന്നണിയോടുള്ള നിലപാട് വ്യക്തമാക്കി കൗണ്‍സിലർ ബിജു പുളിക്കകണ്ടം. സ്വതത്രമുന്നണിക്ക് പിന്തുണ നൽകില്ല എന്നും ഈ വിഷയത്തിൽ അവരുടെ പ്രാദേശിക നേതൃത്വം തീരുമാനമെടുക്കും എന്ന് വ്യക്തമാക്കുന്ന രീതിയിലുള്ള ഒരു പ്രസ്താവന ഇടതുമുന്നണിയിലുള്ള കക്ഷി നേതാവ് നടത്തിയത് ശ്രദ്ധയിൽ പെട്ടതിന്‍റെ അടിസ്ഥാനത്തിൽ ബിജു പ്രതികരിച്ചത്. സ്വതന്ത്ര മുന്നണി ഒരു കാരണവശാലും ഇനി മറ്റൊരു മുന്നണിയുമായി ഭരണം ലഭിക്കുന്നതിനായുള്ള യാതൊരു ചർച്ചകളോ ശ്രമങ്ങളോ നടത്തില്ലായെന്ന് മുമ്പേ വ്യക്തമാക്കിയിട്ടുള്ളതാണ്.
അതിനാൽ തന്നെ ആ നേതാവിന്‍റെ പ്രസ്താവനയ്ക്ക് ഒരു പ്രസക്‌തിയുമില്ല. ഞങ്ങൾക്ക് വോട്ടു ചെയ്തവർ, മുനിസിപ്പൽ ചെയർപേഴ്സൺ ആകുന്നതിനായല്ല, മറിച്ച് സ്വതന്ത്ര കൗൺസിലർമാരായി നിലകൊള്ളാനാണ് അവരുടെ തീരുമാനം രേഖപ്പെടുത്തിയത് എന്ന വിശ്വാസവും ഞങ്ങൾക്കുണ്ട്. അതുകൊണ്ടുതന്നെ സ്വതന്ത്ര ബ്ലോക്കായിരുന്ന് പ്രശ്‌നാധിഷ്ഠിതമായി ചിന്തിച്ച് പ്രവർത്തിക്കാനാണ് ഞങ്ങളുടെ തീരുമാനം. അതിനാൽ ഇരുമുന്നണികളും ഞങ്ങളെയോർത്ത് വേവലാതിപ്പെടേണ്ടതില്ലെന്ന് ബിജു പുളിക്കക്കണ്ടം വ്യക്തമാക്കി.
തീരുമാനം കെപിസിസിയുടേത്
പാലാ നഗരസഭയിലെ ആഭ്യന്തര കലാപത്തിൽ അന്തിമ തീരുമാനം കെപിസിസിക്ക് വിട്ട് കോൺഗ്രസ് ജില്ല നേതൃത്വം. മുൻപ് പലതവണ ജില്ല നേതാക്കൾ ശ്രമിച്ചിട്ടും പ്രശ്നം പരിഹരിക്കാൻ കഴിയാത്തത്തോടെയാണ് സംസ്ഥാന നേതാക്കളുടെ ഇടപെടൽ തേടിയത്. അന്ന് ഭരണംപിടിച്ചത് അഭിമാനം എന്ന് പറഞ്ഞ യുഡിഎഫിന് ഇന്ന് അപമാനമാകുന്ന അവസ്ഥയിലാണ് കാര്യങ്ങൾ. ഒന്നിന് പുറകെ ഒന്നായി തുടരുന്ന തർക്കങ്ങളാണ് നഗരസഭയിൽ. എം പിയും എം എൽ എയും സകല നേതാക്കളും ഇടപെട്ടിട്ടും തീരാത്തത്ര പ്രശ്നങ്ങൾ. ഇതിനെല്ലാം ഒടുവിലാണ് സ്വതന്ത്ര കൂട്ടായ്മയ്ക്കുള്ള പിന്തുണ പിൻവലിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രമേയം പാസാക്കിയത്.
കുഴഞ്ഞ് മറിഞ്ഞ തമ്മിലടി ഇനി ജില്ലാ നേതൃത്വത്തിന്റെ കൈയ്യിൽ നിൽക്കില്ല. ഇതോടെയാണ് സംസ്ഥാന നേതൃത്വം ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യം ശക്തമായത്. സമാധാനമായി ഭരണം മുന്നോട്ട് പോകില്ലെന്ന വിലയിരുത്തലാണ് ജില്ലാ കോൺഗ്രസ് നേതൃത്തത്തിന്. ഇങ്ങനെയൊരു ഭരണം തുടരണോ എന്ന് ചോദിക്കുന്ന നേതാക്കളുമുണ്ട് കോൺഗ്രസിൽ. സ്വതന്ത്ര കൂട്ടായ്മ ക്കെതിരെ ആദ്യം ശബ്ദമുയർത്തിയത് നഗരസഭയിലെ ചില കൗൺസിലർമാർ ആയിരുന്നെങ്കിലും ഇപ്പോൾ പ്രാദേശിക പാർട്ടി ഒന്നാകെ എതിർ അറിയിക്കുകയാണ്.
ഐക്യകണ്ഠേനയാണ് മണ്ഡലം കമ്മിറ്റി ഇന്നലെ പ്രമേയം പാസാക്കിയത്. എന്നാൽ മണ്ഡലം കമ്മിറ്റിയുടെ പ്രമേയം മുഖവിലയ്ക്കെടുക്കുന്നില്ല എന്നാണ് സ്വതന്ത്ര കൂട്ടായ്മയായ പുളിക്കകണ്ടം കുടുംബത്തിന്റെ പ്രതികരണം. മുതിർന്ന നേതാക്കൾ ഔദ്യോഗികമായി അറിയിച്ചാൽ നിലപാട് പറയുമെന്നും സ്വതന്ത്ര കൂട്ടായ്മ. അവിശ്വാസപ്രമേയത്തിനുള്ള സാഹചര്യം ഒഴിവാക്കുമെന്ന് നേരത്തെ തന്നെ സ്വതന്ത്ര കൂട്ടായ്മ അംഗങ്ങൾ പറഞ്ഞിട്ടുണ്ട്.


