Asianet News MalayalamAsianet News Malayalam

ഫോർട്ട് ആശുപത്രിയിൽ ഡോക്ടറെ ആക്രമിച്ച സംഭവം; യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു

സർക്കാർ ആശുപത്രികളിൽ ഡോക്ടർമാർ അക്രമിക്കപ്പെടുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് കമ്മീഷൻ അഭിപ്രായപ്പെട്ടു. ക്രൂരമായ മർദ്ദനമാണ് ഡോക്ടർക്കെതിരെ ഉണ്ടായത്.  

doctor assaulted at fort hospital youth commission voluntarily filed the case
Author
Thiruvananthapuram, First Published Aug 7, 2021, 5:01 PM IST

തിരുവനന്തപുരം: ഫോർട്ട് ആശുപത്രിയിൽ ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. ആരോഗ്യ പ്രവർത്തകരുടെ ആത്മവീര്യം കെടുത്തുന്ന യാതൊരുവിധ നടപടികളും പൊതുസമൂഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാവരുതെന്നും തുടരെത്തുടരെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർ ആക്രമിക്കപ്പെടുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്താ ജെറോം പറഞ്ഞു.

വിഷയത്തിൽ ജില്ലാ പൊലീസ് മേധാവിയോട് സമഗ്രമായ റിപ്പോർട്ട് അടിയന്തരമായി നൽകാൻ യുവജന കമ്മീഷൻ ആവശ്യപെട്ടു. പ്രതിയുടെ ശരീരത്തിലെ മുറിവിന്റെ കാരണം അന്വേഷിച്ചതാണു പ്രകോപന കാരണമെന്നും കൈ പിടിച്ചു തിരിച്ചതായും വസ്ത്രം വലിച്ചു കീറാൻ ശ്രമിച്ചതായും ഡോക്ടർ പറഞ്ഞു. പ്രതികൾ വരിനിൽക്കാതെ തർക്കം ഉണ്ടാക്കുകയായിരുന്നു എന്ന് ഡോക്ടർ പറഞ്ഞതായും ചിന്താ ജെറോം അറിയിച്ചു.

ക്രൂരമായ മർദ്ദനമാണ് ഡോക്ടർക്കെതിരെ ഉണ്ടായത്.  ആഗസ്റ്റ് അഞ്ചിന് അ‍‌ർ‍ദ്ധരാത്രിയായിരുന്നു സംഭവം. ഡ്യൂട്ടി ഡോക്ടറായ മാലു മുരളിക്ക് നേരേ മദ്യപിച്ചെത്തിയ ഒരു കൂട്ടം ആളുകൾ അതിക്രമം നടത്തുകയായിരുന്നു. പ്രതികളായ പ്രതികളായ റഷീദ്, റഫീക്ക് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

കേട്ടാൽ അറയ്ക്കുന്ന അസഭ്യവർഷവും ഡോക്ടർക്കെതിരെ ഉണ്ടായി. പെണ്ണായത് കൊണ്ടാണ് നീ ഇവിടെ ഇരിക്കുന്നത്;  അല്ലെങ്കിൽ നിന്നെ വടിച്ചെടുക്കേണ്ടി വന്നേനെ എന്ന് ആക്രമി ഭീഷണിപ്പെടുത്തുന്നത് കേൾക്കാം. കൈക്കും കഴുത്തിനും പരിക്കേറ്റ നിലയിൽ എത്തിയ റഷീദ്, റഫീക്ക് എന്നിവർ ക്യൂ പാലിക്കാതെ ആശുപത്രിയിലേക്ക് അതിക്രമിച്ചു കടക്കുകയായിരുന്നു. പരിക്കിനെ പറ്റി അന്വേഷിച്ചപ്പോഴാണ് ഇവർ പ്രകോപിതരായത്. ഡോക്ടറുടെ കൈ പിടിച്ചു തിരിച്ചു. വസ്ത്രം വലിച്ചുപറിക്കാൻ ശ്രമിച്ചു. തടയാനെത്തിയ സെക്യൂരിറ്റി സുഭാഷിനെയും ആക്രമിച്ചു.

രാത്രികാല കേസുകൾ ധാരാളമായെത്തുന്ന ആശുപത്രിയിൽ പ്രശ്നങ്ങൾ പതിവാണ്. പൊലീസിനെ വിവരമറിയിച്ചിട്ടും നടപടിയുണ്ടാകാറില്ലെന്നും പരാതിയുണ്ട്.പരിക്ക് പറ്റിയ ഡോക്ടറും സെക്യൂരിറ്റിയും ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios