Asianet News MalayalamAsianet News Malayalam

തിരൂരിലെ ശിശുമരണങ്ങള്‍: ജനിതകരോഗമെന്ന് സംശയം, പൊലീസ് അന്വേഷണം തുടരുന്നു

ചെമ്പ്ര തറമ്മൽ റഫീഖ് - സബ്‍ന ദമ്പതികളുടെ നാല് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണ് ഒമ്പത് വർഷത്തിനിടെ മരിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

doctor on tirur childrens death 6 children died in a family
Author
Tirur, First Published Feb 19, 2020, 12:14 PM IST

മലപ്പുറം: തിരൂരിൽ ഒമ്പത് വർഷത്തിനിടെ ഒരു കുടുംബത്തിലെ ആറ് കുഞ്ഞുങ്ങൾ മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് കുട്ടികളെ ചികിത്സിച്ച ശിശുരോഗ വിദഗ്ധൻ ഡോക്ടർ കെ നൗഷാദ്. കുട്ടികൾക്ക് ജനിതക രോഗമായ സിഡ്സ് ഉണ്ടായിരുന്നതായി സംശയമുണ്ടായിരുന്നു. മരണകാരണമറിയാൻ രക്ഷിതാക്കളുടെ അഭ്യർത്ഥന പ്രകാരം അമൃത ആശുപത്രിയിൽ പരിശോധന നടത്തിയിരുന്നെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്നും ഡോക്ടർ മാധ്യമങ്ങളോട് പറഞ്ഞു. 

മരിച്ച ആറ് കുട്ടികളിൽ രണ്ട് കുട്ടികളെയാണ് നൗഷാദ് ചികിത്സിച്ചിരുന്നത്. ഇവർക്ക് അപസ്മാരത്തിന്‍റെ ലക്ഷണങ്ങളുണ്ടായിരുന്നു. മൂന്നാമത്തെ കുഞ്ഞിനെ രക്ഷിതാക്കളുടെ കൂടി ആവശ്യപ്രകാരം വിദഗ്ധ പരിശോധനയ്ക്കായി അമൃത ആശുപത്രിയിലെ ജനറ്റിക് രോഗ വിഭാഗത്തിലേക്ക് അയച്ചു. പിന്നീട് കുഞ്ഞ് മരിച്ചപ്പോൾ പോസ്റ്റ്മോർട്ടം പരിശോധയും നടത്തി. പരിശോധന ഫലത്തിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ഒന്നും കണ്ടെത്താനായില്ല. സാധാരണ സിഡ്സ് എന്ന ജനിതകരോഗമുണ്ടായാൽ ഒരു വയസ്സിനുള്ളിൽ മരണം സംഭവിക്കും, എന്നാൽ ഒരു കുട്ടി 4 വയസ്സുവരെ ജീവിച്ചത് അത്ഭുദമാണെന്നും ഡോക്ടർ പറയുന്നു.

ആറ് കുഞ്ഞുങ്ങൾക്കും കുത്തിവയ്പ്പുകൾ എല്ലാം എടുത്തിരുന്നതായും ഡോക്ടർ പറഞ്ഞു. സാധാരണ ജനിതക രോഗങ്ങൾ കണ്ടെത്തണമെങ്കിൽ ജീവിച്ചിരിക്കെ തന്നെ രക്ത പരിശോധന നടത്തണം, കൂടാതെ ഓരോ ജനിതക രോഗങ്ങൾക്കും പ്രത്യേക പരിശോധനയും നടത്തണം. ഇതൊക്കെ മരണകാരണം കണ്ടെത്തുന്നതിൽ  വെല്ലുവിളിയാവുമെന്നും ഡോക്ടർ പറയുന്നു. ആന്തരിക അവയവങ്ങളുടെ രാസ പരിശോധന ഫലം വരാൻ രണ്ടാഴ്ചയെടുക്കും. മരണത്തിലെ ദുരൂഹതകൾ നീക്കണമെന്ന ആവശ്യമാണ് ബന്ധുക്കളും ഉന്നയിക്കുന്നത്.

സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. ചെമ്പ്ര തറമ്മൽ റഫീഖ് - സബ്‍ന ദമ്പതികളുടെ നാല് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണ് ഒമ്പത് വർഷത്തിനിടെ മരിച്ചത്. ഒരാളൊഴികെ എല്ലാവരും ഒരു വയസിൽ താഴെ പ്രായമുള്ളപ്പോഴാണ് മരിച്ചത്. ഒരു കുട്ടി നാലര വയസിലും മരിച്ചു. ഏറ്റവുമൊടുവിൽ ഇന്നലെ പുലർച്ചെ, ദിവസങ്ങൾ മാത്രം പ്രായമായ കുട്ടി മരിച്ചതോടെയാണ് ദുരൂഹത നാട്ടുകാർ തുറന്ന് പറയാൻ തയ്യാറായതും പൊലീസ് ഇടപെട്ടതും. ദമ്പതികളുടെ 93 ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞാണ് ഇന്നലെ മരിച്ചത്. പോസ്റ്റുമോര്‍ട്ടം ചെയ്യാതെയാണ് എല്ലാ മൃതദേഹങ്ങളും കബറടക്കിയിരുന്നത്. 

ഇന്നലെ മരിച്ച കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് നടത്തിയ പോസ്റ്റ്മോർട്ടത്തിൽ സ്വാഭാവിക മരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് കണ്ടെത്തലെങ്കിലും സംശയ നിവാരണത്തിനായി പഴുതുകൾ അടച്ചുള്ള അന്വേഷണം നടത്താനാണ് പൊലീസിന്‍റെ തീരുമാനം. കുട്ടിയുടെ മാതാപിതാക്കളായ റഫീഖ്‌, സബ്ന എന്നിവരിൽ നിന്നും മറ്റ് ബന്ധുക്കളിൽ നിന്നും പൊലീസ് ഇന്ന് മൊഴിയെടുക്കും. ഈ മൊഴികൾ കൂടി പരിശോധിച്ചായിരിക്കും പൊലീസിൻ്റെ തുടർ നടപടികൾ. മരണത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും ബന്ധുക്കൾ പ്രതികരിച്ചിട്ടുണ്ട്.   

ആറാമത്തെ കുട്ടി തിങ്കളാഴ്ച മരണപ്പെട്ടതിന് പിന്നാലെയാണ് അയല്‍വാസികളില്‍ ചിലര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. പ്രാഥമിക അന്വേഷണത്തിന് ശേഷം പരാതി പൊലീസ് കേസായി രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് കൊരങ്ങത്ത് ജുമാമസ്ജിദില്‍ കബറടക്കിയ മൃതദേഹം തിരൂര്‍ ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ പൊലീസ് പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്തു. ഇന്നലെ രാവിലെ ഖബറടക്കിയ കുട്ടിയുടെ മൃതദേഹം വൈകുന്നേരത്തോടെയാണ് പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്തത്. ആന്തരികാവയവങ്ങള്‍ വിദഗ്ദ്ധ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios