മലപ്പുറം തിരുനാവായയിൽ വേനൽമഴയ്‌ക്കൊപ്പം അസാധാരണമായി പത പ്രത്യക്ഷപ്പെട്ടത് ജനങ്ങളിൽ ആശങ്കയുണ്ടാക്കി. 

മലപ്പുറം: പൊള്ളുന്ന ചൂടിനിടെ ആശ്വാസമായെത്തിയ വേനല്‍ മഴ മലപ്പുറം തിരുനാവായ പ്രദേശവാസികള്‍ക്ക് ആശങ്കയായി മാറി. വേനല്‍ മഴ, പത മഴയായി മാറിയതാണ് ആശങ്കയ്ക്ക് കാരണമായത്. ശനിയാഴ്ച വൈകുന്നേരം മലപ്പുറത്ത് വിവിധയിടങ്ങളില്‍ കനത്ത മഴ പെയ്തിരുന്നു. ഇന്നലെ താനൂര്‍ കൈത്തക്കര, കുത്തുകല്ല് ഭാഗങ്ങളില്‍ പെയ്ത വേനല്‍മഴയ്‌ക്കൊപ്പം അസാധാരണമാംവിധം പത പ്രത്യക്ഷപ്പെട്ടത് ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കി. ടെറസിന് മുകളില്‍ നിന്നും താഴേക്ക് ഒഴുകിയ വെള്ളത്തില്‍ പഞ്ഞി വിതറിയതുപോലെ വെളുത്ത പത അടിഞ്ഞുകൂടുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇതിനുമുമ്പ് പ്രദേശത്ത് ഇത്തരമൊരു പ്രതിഭാസം കണ്ടിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. മഴ മാറി വെള്ളം വലിഞ്ഞതോടെ പത അപ്രത്യക്ഷമായെങ്കിലും, ഇതിന്റെ ശാസ്ത്രീയ കാരണമെന്താണെന്ന് അറിയാത്തതിന്റെ പരിഭ്രാന്തിയിലാണ് പ്രദേശം. അന്തരീക്ഷത്തിലെ പൊടിപടലങ്ങളോ അടിഞ്ഞുകൂടിയ ചില രാസവസ്തുക്കളോ മഴവെള്ളവുമായി കലരുമ്പോള്‍ ഇത്തരത്തില്‍ പത ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പ്രാഥമിക നിഗമനം.

പ്രത്യേക കാലാവസ്ഥയില്‍ മരത്തില്‍ പെയ്യുന്ന മഴത്തുള്ളികള്‍ പത ജനിപ്പിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറഞ്ഞത്. സമീപത്ത് ഫാക്ടറികള്‍ ഉണ്ടെങ്കിലും മഴ പെയ്യുമ്പോള്‍ പത രൂപപ്പെടുന്നതിനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധര്‍ വിവരിച്ചു. ഈ രണ്ടു സാഹചര്യങ്ങളിലാണ് സാധാരണ ഗതിയില്‍ പതമഴ അഥവാ ഫോം റെയിന്‍ പെയ്യുക എന്നും ആശങ്ക വേണ്ടെന്നും കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കി.