പാലക്കാട്: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിന്‍റെ പേരില്‍ ജോലി ചെയ്യുന്ന സ്ഥാപനം തന്നെ പുറത്താക്കിയെന്ന ആരോപണവുമായി ഡോക്ടര്‍. പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന വേദ്‍വ്യാസ് വിശ്വനാഥ് എന്ന ഡോക്ടറാണ് ആരോപണവുമായി രംഗത്തെത്തിയത്. ഇന്ത്യന്‍ പൗരനെന്ന നിലയിലാണ് സിഎഎയെ അനുകൂലിച്ച് സംസാരിച്ചതെന്നും എന്നാല്‍ വ്യക്തിപരമായ അഭിപ്രായത്തിന്‍റെ പേരില്‍ തന്നെ പുറത്താക്കുകയായിരുന്നുവെന്നും ഡോക്ടര്‍ ട്വീറ്റ് ചെയ്തു.

ഒരാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ ആശുപത്രി നടപടിയെടുത്തത്. തന്നെ മുസ്ലിം വിരുദ്ധനായും മുസ്ലിം വംശീയഹത്യയെ അനുകൂലിക്കുന്നവനായും ചിത്രീകരിച്ചു. തനിക്ക് നിരവധി മുസ്ലിം സുഹൃത്തുക്കളുണ്ടെന്നും താന്‍ വര്‍ഗീയവാദിയല്ലെന്നും ഡോക്ടര്‍ ട്വീറ്റ് ചെയ്തു. പ്രത്യേക മതവിഭാഗത്തിനെതിരെ നിലാപാടെടുത്തിട്ടില്ല. അനധികൃത കുടിയേറ്റക്കാരെ പുറത്താക്കണമെന്ന് മാത്രമാണ് പറഞ്ഞത്. ഒരാള്‍ തന്‍റെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി തനിക്കെതിരെ ആശുപത്രി അധികൃതര്‍ക്ക് ഇ മെയില്‍ അയച്ചു.

തുടര്‍ന്നാണ് തനിക്കെതിരെ നടപടിയുണ്ടായതെന്നും ഇയാള്‍ ട്വീറ്റ് ചെയ്തു. തന്‍റെ അക്കൗണ്ടില്‍ നിന്നുള്ള ട്വീറ്റുകള്‍ ഒരു വിഭാഗത്തെ അവഹേളിക്കുന്നതാണെന്നും അതുകൊണ്ട് തന്നെ 24 മണിക്കൂറിനുള്ളില്‍ രാജിവെക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നും ഇയാള്‍ ട്വീറ്റ് ചെയ്തു. എന്നാല്‍, ആശുപത്രി അധികൃതര്‍ ഇയാളുടെ ആരോപണങ്ങള്‍ നിഷേധിച്ചു. ഇയാള്‍ ഒരു വിഭാഗത്തിനെതിരെ നിരന്തരമായി വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയെന്നും അത് സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചപ്പോള്‍ വാക്കാല്‍ വിശദീകരണം ചോദിക്കുക മാത്രമാണ് ചെയ്തതെന്നും ആശുപത്രി അധികൃതര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

വാക്കാല്‍ വിശദീകരണം ചോദിച്ചപ്പോള്‍ ഇയാള്‍ രാജി വെക്കുകയായിരുന്നു. ആശുപത്രി അധികൃതര്‍ രാജി ആവശ്യപ്പെട്ടിട്ടില്ല. പൗരത്വ നിയമ ഭേദഗതിയില്‍ ഇയാളുടെ അഭിപ്രായവും രാജിയും തമ്മില്‍ ബന്ധമില്ല. ഒരുവിഭാഗത്തിനെതിരെയുള്ള ഇയാളുടെ വര്‍ഗീയമായ ട്വീറ്റുകളെ സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചു. സ്വാഭാവികമായി ഇത് സംബന്ധിച്ച് കാരണം ആരായുക മാത്രമാണ് ചെയ്തതെന്നും അധികൃതര്‍ വ്യക്തമാക്കി.