കണ്ണൂര്‍: കൊവിഡ് സ്ഥിരീകരിക്കുന്നതിന് മുമ്പ് കണ്ണൂർ  പെരിങ്ങോം സ്വദേശിയെ പരിശോധിച്ച കാങ്കോലിലെ ഡോക്ടറെ ആശുപത്രിയിൽ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടാണ് ഡോക്ടറെ കണ്ണൂർ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന വ്യാജവാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത് ആശങ്ക പടര്‍ത്തിയതോടെയാണ് നടപടി. 

കൊവിഡ് സ്ഥിരീകരിക്കുന്നതിന് മുന്‍പ് പെരിങ്ങോം സ്വദേശിയായ യുവാവ് ഈ മാസം ഏഴാംതിയതിയാണ് കാങ്കോലിലെ ഡോക്ടറുടെ ക്ലിനിക്കില്‍ എത്തുന്നത്. ഡോക്ടര്‍ റഫര്‍ ചെയ്ത പ്രകാരമാണ് ഇയാളെ പിന്നീട് കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.  എന്നാല്‍ ഡോക്ടര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചെന്ന വ്യാജപ്രചരണം വ്യാപകമായതോടെ ആശങ്ക അകറ്റുന്നതിന് വേണ്ടി ഇദ്ദേഹത്തെ ഐസൊലേഷനിലേക്ക് മാറ്റുകയായിരുന്നു. ഡോക്ടറുടെ സ്രവം പരിശോധിച്ച് ഇന്ന് തന്നെ ഫലം ലഭ്യമാക്കി ആശങ്കയകറ്റുമെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക