Asianet News MalayalamAsianet News Malayalam

കൊറോണ വൈറസ് 27ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ പകരില്ലെന്ന് സെന്‍കുമാര്‍: 'ആളെക്കൊല്ലി' ആകരുതെന്ന് ഡോക്ടര്‍മാര്‍

കൊറോണ വൈറസ് സംബന്ധിച്ച കൃത്യമായ വിവരങ്ങൾക്ക് ലോകാരോഗ്യസംഘടനയുടെ അറിയിപ്പുകൾ ശ്രദ്ധിക്കുക. ചാണക കുഴികളിൽ അന്വേഷിക്കരുത്- ഡോ ജിനേഷ് പിഎസ് ഫേസ്ബുക്കില്‍ കുറിച്ചു.

doctors warn t p Senkumar Facebook post fake message on coronavirus
Author
Thiruvananthapuram, First Published Mar 6, 2020, 7:38 PM IST

തിരുവനന്തപുരം: ലോകം മുഴുവനും കൊറോണ വൈറസിനെ തുരത്താന്‍ ജാഗ്രതയോടെ മുന്നോട്ട് പോകുമ്പോള്‍ കൊറോണ വൈറസ് പിടിപെടുന്നതുമായി ബന്ധപ്പെട്ട് തെറ്റായ പ്രചരണം നടത്തിയ ബിജെപി നേതാവ് ടിപി സെന്‍കുമാറിനെതിരെ ഡോക്ടര്‍മാര്‍ രംഗത്ത്. കൊവിഡ് 19 എന്ന കൊറോണ വൈറസ് 27 ഡിഗ്രി സെന്റിഗ്രേഡ് വരെയേ നിലനില്‍ക്കൂ എന്നായിരുന്നു ടിപി സെന്‍കുമാര്‍ തന്‍റെ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചത്. കൊവിഡ് 19 എന്ന കൊറോണ വൈറസ് 27ഡിഗ്രി സെന്റിഗ്രേഡ് വരെയേ നിലനില്‍ക്കൂ. കൊറോണയുള്ള ഒരാളുടെ സ്രവം നല്‍കിയില്ലെങ്കില്‍ അത് ഇവിടുത്തെ ചൂടില്‍ ആര്‍ക്കും ബാധിക്കില്ല. കേരളത്തില്‍ ചൂട് 32 ഡിഗ്രി സെന്റിഗ്രേഡ് ആണ്. പൊങ്കാല സമയം അതിലേറെയുണ്ടെന്നുമായിരുന്നു സെന്‍കുമാറിന്‍റെ വാദം.

എന്നാല്‍ സെന്‍കുമാറിന്റെ വാദം അശാസ്ത്രീയമാണെന്നു തെളിയിച്ച് ഡോക്ടര്‍മാര്‍ രംഗത്തെത്തി. കൊറോണ വൈറസ് 27 ഡിഗ്രി ചൂടിനപ്പുറം ജീവനോടെയിരിക്കില്ല എന്നതിന് തെളിവുകളില്ല. അങ്ങനെയെങ്കില്‍ കേരളത്തിന് സമാനമായി 30 ഡിഗ്രിക്ക് മീതെ ചൂട് കാലാവസ്ഥയുള്ള സിംഗപ്പൂരില്‍ കൊറോണ കേസ് വരില്ലായിരുന്നെന്ന് ഡോക്ടര്‍ ഷംന അസീസ് ഫേസ്ബുക്കില്‍ കുറിച്ചു. പേരിന്‌ മുന്നിൽ 'Dr.' എന്ന്‌ വെക്കുന്നവരെല്ലാം മെഡിക്കൽ ഡോക്‌ടർ ആണെന്ന ധാരണ ശരിയല്ലെന്ന്‌ സെൻകുമാറിന്റെയും രജത്‌കുമാറിന്റെയുമൊക്കെ ഫാൻസ്‌ മനസ്സിലാക്കിയാൽ വലിയ ഉപകാരമായിരുന്നു.

Ex-dgp ഇട്ടിരിക്കുന്ന പോസ്‌റ്റ്‌ തെറ്റാണ്‌. ഇപ്പോൾ ലോകമെമ്പാടും പരന്നു കൊണ്ടിരിക്കുന്ന COVID 19 എന്നയിനം കൊറോണ വൈറസ്‌ 27 ഡിഗ്രി ചൂടിനപ്പുറം ജീവനോടെയിരിക്കില്ല എന്നതിന്‌ തെളിവുകളില്ല. അങ്ങനെയെങ്കിൽ കേരളത്തിന്‌ സമാനമായി 30 ഡിഗ്രിക്ക്‌ മീതെ ചൂട്‌ കാലാവസ്‌ഥയുള്ള സിംഗപ്പൂരിൽ കൊറോണ കേസ്‌ വരില്ലായിരുന്നു. കേരളത്തിൽ മൂന്ന്‌ പോസിറ്റീവ്‌ കേസുകൾ വന്നത്‌ ഏത്‌ വകയിലാണാവോ? ഇവിടെ മഞ്ഞുകാലമോ മറ്റോ ആണോ?

ഒരു ചോദ്യം കൂടി, മനുഷ്യന്റെ ശരീരത്തിലെ സ്വാഭാവിക താപനില ഏകദേശം 37.2 ഡിഗ്രി സെൽഷ്യസാണ്‌. ഈ ലോജിക്‌ വെച്ച്‌ നോക്കിയാൽ ശരീരത്തിനകത്ത്‌ കൊറോണ കയറിക്കൂടി രോഗമുണ്ടാക്കുന്നത്‌ എങ്ങനെയാണാവോ? ഈ രോഗം താരതമ്യേന പുതിയതാണ്‌. മനുഷ്യനിൽ നിന്ന്‌ മനുഷ്യനിലേക്ക്‌ പകരുന്നുണ്ട്‌ എന്നാണ്‌ മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത്‌. ആറ്റുകാൽ പൊങ്കാലയാണോ ഉംറയാണോ പള്ളിപെരുന്നാളാണോ ഗുജറാത്തിലേക്ക്‌ കച്ചവടത്തിനോ ഗോവക്ക്‌ പിക്‌നിക്കിനോ പോയതാണോ എന്ന്‌ നോക്കിയല്ല കൊറോണ പകരുന്നത്‌. 

ആളുകൾ ഒന്നിച്ച്‌ കൂടുന്നയിടങ്ങൾ പരമാവധി ഒഴിവാക്കണം. അഥവാ ഒരുമിച്ച് കൂടുന്നെങ്കിൽ മാസ്‌ക്‌ ഉപയോഗിക്കണം. കൈ വൃത്തികേടായെന്ന്‌ തോന്നിയാൽ കൈ സോപ്പിട്ട്‌ പതപ്പിച്ച്‌ കഴുകണം. ഇടക്കിടെ ഹാന്റ്‌ സാനിറ്റൈസർ ഉപയോഗിച്ച്‌ കൈ വൃത്തിയാക്കണം. കഴിയുമെങ്കിൽ ആൾക്കൂട്ടമുണ്ടാകാൻ സാധ്യതയുള്ള ഇടങ്ങളിൽ നിന്നെല്ലാം വിട്ടു നിൽക്കണം. തലച്ചോറിൽ ചാണകം കയറിയാൽ എന്തിലും കേറി അഭിപ്രായം പറയാമെന്ന്‌ കരുതരുത്‌. മനുഷ്യന്റെ ജീവനെക്കൊണ്ട്‌ മതവും രാഷ്‌ട്രീയവും തെളിയിക്കാൻ നടക്കുകയുമരുത്‌. വിശ്വാസത്തിനപ്പുറമാണ്‌ വിവേകം. ചുമരുണ്ടെങ്കിലേ ചിത്രമെഴുതാൻ പറ്റൂ. ആളെക്കൊല്ലികളാകരുത്‌. ആരും- ഡോ ഷിംന അസീസ് ഫേസുക്കില്‍ കുറിച്ചു.

ഉയര്‍ന്ന അന്തരീക്ഷ താപനിലയില്‍ വൈറസ് പകരില്ലെന്ന് ഉറപ്പിക്കാവുന്ന പഠനഫലങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് ഇന്‍ഫോക്ലിനിക് സ്ഥാപകനും ഫോറന്‍സിക് വിദഗ്ധനുമായ ഡോ. ജിനേഷ് പി എസും വ്യക്തമാക്കി. കൊറോണ വൈറസ്, COVID-19, ഉയർന്ന അന്തരീക്ഷ താപനില ഉള്ള സ്ഥലങ്ങളിൽ പകരില്ല എന്ന് ഉറപ്പിക്കാൻ സാധിക്കുന്ന പഠനഫലങ്ങൾ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല. താരതമ്യേന പുതിയ വൈറസാണ്. പല സ്ട്രെയിൻ ഉണ്ടാവാം. മ്യൂട്ടേഷൻ സംഭവിക്കുന്നുണ്ടാവാം.

അന്തരീക്ഷ താപനില 28 ഡിഗ്രി സെൽഷ്യസിൽ കൂടുതലാണ് എന്ന് കരുതി കൊറോണ വൈറസ് പകരില്ല എന്ന് പറയുന്നതിന് നിലവിൽ ശാസ്ത്രീയ അടിത്തറ ഒന്നുമില്ല. 47 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട തായ്‌ലൻഡിൽ അന്തരീക്ഷ താപനില മുപ്പത് ഡിഗ്രിക്ക് മുകളിലാണ്. 110 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സിംഗപ്പൂരിൽ 30 ഡിഗ്രിക്ക് മുകളിൽ അന്തരീക്ഷ താപനില ഉണ്ട്. 50 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട മലേഷ്യയിൽ 30 ഡിഗ്രിക്ക് മുകളിൽ അന്തരീക്ഷതാപനില ഉണ്ട്. ഇവിടങ്ങളിലൊക്കെ ലോക്കൽ ട്രാൻസ്മിഷൻ നടന്നിട്ടുണ്ട്. കൃത്യമായ വിവരങ്ങൾക്ക് ലോകാരോഗ്യസംഘടനയുടെ അറിയിപ്പുകൾ ശ്രദ്ധിക്കുക. ചാണക കുഴികളിൽ അന്വേഷിക്കരുത്- ഡോ ജിനേഷ് പിഎസ് തുറന്നടിച്ചു.

Follow Us:
Download App:
  • android
  • ios