Asianet News MalayalamAsianet News Malayalam

'ദേശീയ ബോധം തൊട്ടുതീണ്ടിയിട്ടില്ലാത്തവര്‍'; അനിലിന്‍റെ ബിബിസി വിമര്‍ശനം ചര്‍ച്ചയാക്കി പി കെ കൃഷ്ണദാസ്

ദേശീയ ബോധം തൊട്ടുതീണ്ടിയിട്ടില്ലാത്ത കോൺഗ്രസും സിപിഎമ്മും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ്

documentary controversy bjp leader p k krishnadas points out anil antony BBC criticism
Author
First Published Jan 24, 2023, 5:36 PM IST

പാലക്കാട്:  ബിബിസിയുടെ 'ഇന്ത്യ - ദി മോദി ക്വസ്റ്റ്യൻ' ഡോക്യുമെന്‍ററിക്കെതിരെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍റണിയുടെ മകൻ അനില്‍ ആന്‍റണിയുടെ വിമര്‍ശനം ചര്‍ച്ചയാക്കി ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. മകൻ മരിച്ചാലും മരുമകളുടെ കണ്ണീര് കണ്ടാൽ മതിയെന്ന ന്യായമാണ് സിപിഎമ്മിനും കോൺഗ്രസിനുമുള്ളതെന്ന് കൃഷ്ണദാസ് ഫേസ്ബുക്കില്‍ കുറിച്ചു. പ്രധാനമന്ത്രിക്കെതിരായ ബിബിസി ഡോക്യുമെന്‍ററി എന്തുകൊണ്ട് പ്രദർശിപ്പിക്കാൻ പാടില്ലെന്നതിന്റെ വിശദീകണം അനിൽ കെ ആന്‍റണി വ്യക്തമാക്കിയിട്ടുണ്ട്.

ഈ ഡോക്യുമെന്‍ററി രാജ്യത്തിന്‍റെ പരമാധികാരത്തിന് വെല്ലുവിളിയാണെന്നുള്ള അനിലിന്‍റെ വീക്ഷണം കൃഷ്ണദാസ് ആവര്‍ത്തിച്ചു. ദേശീയ ബോധം തൊട്ടുതീണ്ടിയിട്ടില്ലാത്ത കോൺഗ്രസും സിപിഎമ്മും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ്. ടി പി ചന്ദ്രശേഖരന്‍റെ കൊലപാതകം പ്രമേയമാക്കിയ സിനിമയ്ക്ക് എന്തു സംഭവിച്ചുവെന്ന് മാത്രം അന്വേഷിച്ചാൽ മതി സിപിഎമ്മിന്റെ ആവിഷ്കാര സ്വാതന്ത്ര്യം മനസിലാക്കാൻ. രാജ്യത്തൊരിടത്തും പ്രദർശിപ്പിക്കാൻ പാടില്ലാത്തതാണ് ബിബിസിയുടെ ഈ ഡോക്യുമെന്‍ററിയെന്നും കൃഷ്ണദാസ് ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, ഡോക്യുമെന്‍ററിയെ എതിർത്ത് പരസ്യമായി രംഗത്ത് വന്ന അനില്‍ കെ ആന്‍റണിയുടെ നിലപാട് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഷാഫി പറമ്പിൽ പരസ്യമായി തള്ളിക്കളഞ്ഞിരുന്നു. യൂത്ത് കോൺഗ്രസിന്‍റെ അഭിപ്രായം പറയേണ്ടത് സംസ്ഥാന പ്രസിഡന്‍റാണെന്നും അല്ലാതെ വേറെ ആരും പറയുന്നത് ഔദ്യോഗികമല്ലെന്നും ഷാഫി വ്യക്തമാക്കി. ആരുടെയെങ്കിലും വ്യക്തിപരമായ അഭിപ്രായം യൂത്ത് കോൺഗ്രസിന്‍റെ അഭിപ്രായമാകില്ലെന്നും ഷാഫി പറഞ്ഞു.

ബിബിസിയുടെ 'ഇന്ത്യ- ദി മോദി ക്വസ്റ്റ്യൻ' ഡോക്യുമെന്‍ററി വിവാദം രാജ്യത്തും സംസ്ഥാനത്തും കത്തിപ്പടരുന്നതിനിടെയാണ് വ്യത്യസ്ത നിലപാടുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍റണിയുടെ മകൻ അനില്‍ കെ ആന്‍റണി രംഗത്തെത്തിയത്. ഇന്ത്യയിലുള്ളവർ ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ ബി ബി സിയുടെ വീക്ഷണത്തിന് മുൻതൂക്കം നല്‍കുന്നത് അപകടകരമാണെന്നാണ് അനില്‍ ആന്‍റണി അഭിപ്രായപ്പെട്ടത്. രാജ്യത്തിന്‍റെ പരമാധികാരത്തിന് തുരങ്കം വയ്ക്കുന്ന നടപടിയാണിതെന്നും അനിൽ ആന്‍റണി പറഞ്ഞിരുന്നു.

'അപകടകരം, മുൻവിധികളോടെ പ്രവര്‍ത്തിക്കുന്ന ചാനല്‍'; ബിബിസിക്കെതിരെ എ കെ ആന്‍റണിയുടെ മകൻ

Follow Us:
Download App:
  • android
  • ios