മലപ്പുറം: പെട്ടന്നൊരു രാത്രി ഒലിച്ചുവന്ന മണ്ണും വെള്ളവും കവര്‍ന്നത് കവളപ്പാറയിലെ നിരവധി മനുഷ്യരെയാണ്. പലരും കുടുംബത്തോടെ മണ്ണിനടിയില്‍ അകപ്പെട്ടു. ചിലര്‍ പ്രിയപ്പെട്ടവരെ തനിച്ചാക്കി ആ മണ്ണിനൊപ്പം ചേര്‍ന്നു. ഉറ്റവരില്ലാതെ ഒലിച്ചിറങ്ങിയ മണ്ണിനുമകളില്‍ ഒറ്റക്കായി പോയവര്‍ തങ്ങളുടെ കാല്‍ച്ചുവട്ടിലെവിടെയോ പ്രിയപ്പെട്ടവരുണ്ടെന്ന വിങ്ങലോടെ അവരുടെ മൃതദേഹമെങ്കിലും ഒന്നുകാണാന്‍ ദിവസങ്ങളായി കാവലിരിക്കുകയാണ്. വീടുകിടന്നതിന്‍റെ അടയാളമായി ഒന്നും അവശേഷിച്ചിട്ടില്ലെങ്കിലും അവിടെ എവിടെയോ ഉറ്റവരുണ്ടെന്നുള്ള ഉറപ്പില്‍ തിരയുകയാണ്. 

കാത്തിരിക്കുന്ന ആ മനുഷ്യര്‍ക്കിടയില്‍ ഒരു നായയുമുണ്ട്. അവനിന്നലെവരെ ആഹാരം നല്‍കിയ യജമാനനെ കാത്ത് വീടിന്‍റെ അടയാളമുള്ളിടത്ത് മണ്ണിനുമുകളില്‍ കാത്തിരിക്കുകയാണ്. ശിവന്‍ പള്ളത്തിന്‍റെ കവളപ്പാറയിലെ വീട്ടില്‍ അവനുണ്ടായിരുന്നു. എന്നാല്‍ ഉരുള്‍പൊട്ടലില്‍ അവനെ മാത്രം ബാക്കിയാക്കി ആ അഞ്ചംഗകുടുംബം മണ്ണിനടിയിലായി. ശിവന്‍റെ അച്ഛന്‍റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇനിയും ആ കുടുംബത്തിലെ നാലുപേരെ കൂടി കണ്ടെത്താനുമുണ്ട്. 

ശിവന്‍റെ വീടിരിക്കുന്നതിന്‍റെ അടയാളം ആ നായയാണ്. ആ കുന്നിനടിയില്‍ ആരൊക്കെ എവിടെയൊക്കെ എന്ന് അറിയാതെ രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ തുടരുമ്പോഴും ആ നായ അവിടെത്തന്നെയുണ്ട്. അവനോളം മറ്റാര്‍ക്കുമറിയില്ലല്ലോ എവിടെയാണ് തന്‍റെ യജമാനനും കുടുംബവും ഉറങ്ങുന്നതെന്ന്.  'ദ ഹിന്ദു'വാണ് ഈ നായയുടെ ചിത്രം പുറംലോകത്തെത്തിച്ചത്

Photo Courtesy - Sakeer Hussain, The Hindu