രാജ്യത്തെ തെരുവുനായ വിഷയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കവേ ആണ് കോടതിയുടെ രൂക്ഷപരിഹാസം.

ദില്ലി: തെരുവുനായ വിഷയത്തിൽ മൃഗസ്നേഹികളെ പരിഹസിച്ച് സുപ്രീം കോടതി. കടിക്കാതിരിക്കാൻ നായകള്‍ക്ക് കൌണ്‍സിലിംഗ് നൽകാമെന്നും അതുമാത്രമാണ് ഇനി ബാക്കിയെന്നുമാണ് സുപ്രീം കോടതി വാദത്തിനിടെ പറഞ്ഞത്. നിയമങ്ങൾ കർശനമായി പാലിക്കുന്നതിൽ അധികൃതർക്ക് വീഴ്ച്ചയുണ്ടാകുന്നുവെന്ന് സുപ്രീംകോടതി നീരീക്ഷിച്ചു. രാജ്യത്തെ തെരുവുനായ പ്രശ്നം പൂർണ്ണമായി പരിഹരിക്കാൻ ഉതകുന്ന ഉത്തരവ് ഉണ്ടാകുമെന്ന സൂചന കോടതി വാദത്തിനിടെ ഇന്ന് നൽകി. 

തെരുവുനായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് സുപ്രീംകോടതി മുന്നംഗ ബെഞ്ചിൽ വാദം തുടരുന്നത്. നേരത്തെ പുറത്തിറക്കിയ ഇടക്കാല ഉത്തരവ് പ്രകാരം നടപ്പിലാക്കിയ വിഷയങ്ങൾ കേരളം അടക്കം സംസ്ഥാനങ്ങൾ സുപ്രീംകോടതിയെ ധരിപ്പിച്ചു. തമിഴ്നാട്, മധ്യപ്രദേശ്, കർണാടക, യുപി, പഞ്ചാബ് സംസ്ഥാനങ്ങൾ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്ന് കേസിലെ അമിക്കസ് ക്യൂറി അറിയിച്ചു. നായ്ക്കൾക്കായി സംരക്ഷണ കേന്ദ്രങ്ങൾ തുടങ്ങുന്നതിൽ സംസ്ഥാനം നേരിടുന്ന പ്രയോഗിക പ്രശ്നങ്ങളും അമിക്കസ് ക്യൂറി സുപ്രീംകോടതിയെ ധരിപ്പിച്ചു.

അതേസമയം രാജ്യത്തെ നായകളുടെ എണ്ണത്തിൽ കൃത്യമായ കണക്കില്ലെന്നും ജനങ്ങളെ ബോധവൽക്കരിച്ചാൽ തെരുവ് നായ ആക്രമണം തടയാമെന്നും മൃഗസ്നേഹികളുടെ സംഘടനകൾ സുപ്രീംകോടതിയിൽ വാദിച്ചു. ഇവർക്കായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിക്കുന്നതിനിടെയാണ് കടിക്കാതിരിക്കാൻ നായകള്‍ക്ക് കൌണ്‍സിലിംഗ് നൽകാമെന്നും അതുമാത്രമാണ് ഇനി പോംവഴിയെന്നും സുപ്രീം കോടതി പരാമർശം നടത്തിയത്. തെരുവുനായകളുടെ പെരുമാറ്റം മുൻകൂട്ടി വായിച്ചെടുക്കാൻ പറ്റാത്തതിനാൽ സ്‌കൂളുകൾ, ആശുപത്രികൾ, കോടതികൾ തുടങ്ങിയ സ്ഥലങ്ങളിൽ അവയെ നീക്കം ചെയ്യുന്നത് എന്തിനാണ് എതിർക്കുന്നതെന്ന് കോടതി ചോദിച്ചു.

കടിച്ചുകീറാനുള്ള അവസ്ഥയിലാവുമ്പോൾ അവയുടെ പെരുമാറ്റം ആർക്കും വായിച്ചെടുക്കാൻ കഴിയില്ല. പരിഷ്‌കരിച്ച ഉത്തരവ് സ്ഥാപനപരമായ സ്ഥലങ്ങളിൽ മാത്രം ഒതുങ്ങുന്നതാണെന്നും പൊതുറോഡുകളിൽ ബാധകമല്ലെന്നും ബെഞ്ച് അറിയിച്ചു. 20 ദിവസത്തിനിടെ രണ്ട് ഹൈക്കോടതി ജഡ്ജിമാര്‍ തെരുവുനായ ആക്രമണത്തിനിരയായി എന്നും കോടതി പറഞ്ഞു. ചട്ടങ്ങളിൽ പലതും നടപ്പാക്കുന്നതിൽ അധികൃതർ വീഴ്ച്ച വരുത്തുവെന്നും കോടതി നീരീക്ഷിച്ചു. ആക്രമകാരികളായ നായ്ക്കളെ കൊന്നുകളയാൻ ഉത്തരവിടണമെന്ന് നായ കടിയേറ്റ് മരിച്ച അഭിരാമിയുടെ അമ്മയുടെ അഭിഭാഷകൻ വികെ ബിജു വാദിച്ചു. കേരളത്തിൽ നായ കടിയേറ്റവരുടെ ചിത്രങ്ങൾ ഉയർത്തിയാണ് കേസിൽ കേരളത്തിൽ നിന്നുള്ള ഹർജിക്കാരൻ സാബു സ്റ്റീഫൻ വാദം ഉന്നയിച്ചത്. ഹർജികളിൽ നാളെയും വാദം തുടരും.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming