വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് കോൺഗ്രസ് നിർമ്മിക്കുന്ന വീടുകളുടെ തറക്കല്ലിടൽ ചടങ്ങിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുത്തു. വയനാടുമായുള്ള വൈകാരിക ബന്ധത്തെക്കുറിച്ചും പ്രിയങ്കയുമായുള്ള സ്നേഹത്തെക്കുറിച്ചും രാഹുൽ സംസാരിച്ചു.

കല്‍പ്പറ്റ: സഹോദരി പ്രിയങ്ക ഗാന്ധിയുമായും വയനാടുമായുള്ള സ്നേഹബന്ധം വൈകാരികമായി പറഞ്ഞ് രാഹുൽ ഗാന്ധി. കഴിഞ്ഞ ദിവസം പ്രിയങ്കയും താനും തമ്മിൽ ചെറിയ വാഗ്വാദം നടന്നു. പിന്നെ പ്രിയങ്ക തന്നോട് പിണങ്ങി. എന്നാൽ വയനാട്ടിൽ എത്തിയപ്പോൾ പെട്ടെന്ന് ആ പിണക്കം മാറി. അതാണ് വയനാടിന്‍റെ മാന്ത്രികതയെന്നും സ്നേഹമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് കോൺ​ഗ്രസ് നിർമിച്ചു നൽകുന്ന വീടുകൾക്ക് തറക്കല്ലിടാനാണ് രാഹുലും പ്രിയങ്കയും എത്തിയത്. ദുരന്തത്തെ വയനാട്ടിലെ ജനങ്ങൾ ധീരതയോടെ നേരിട്ടതിന് സാക്ഷിയാണെന്ന് രാഹുൽ ​​ഗാന്ധി പറഞ്ഞു. ജാതി മത വ്യത്യാസമില്ലാതെ ജനങ്ങൾ ഒന്നിച്ചുനിന്നു. സമാനതകളില്ലാത്ത ധീരതയാണ് വയനാടൻ ജനത കാണിച്ചത്.

വയനാട്ടിലെ ജനങ്ങളുടെ ധൈര്യം അസാമാന്യമെന്ന് വയനാട് എംപി പ്രിയങ്ക ​ഗാന്ധി. ദുരന്തബാധിതർക്ക് കോൺ​ഗ്രസ് നിർമ്മിച്ചു നൽകുന്ന വീടുകളുടെ തറക്കല്ലിടൽ ച‍ടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക ​ഗാന്ധി. വയനാട് ദുരന്തത്തിലെ കാഴ്ചകൾ ഒരിക്കലും മറക്കാനാവുന്നതല്ല. വയനാടിന് സഹായമെത്തിക്കാൻ പരമാവധി ശ്രമിച്ചു. രാഷ്ട്രീയത്തിന് അതീതമായി വയനാടിന് വേണ്ടി എല്ലാവരും കൈകോർത്തു. അതിജീവനത്തായുള്ള വയനാടുകാരുടെ ശ്രമത്തിന് ഒപ്പമുണ്ടാകും. ഹാനിയടക്കമുള്ള അതിജീവിതരുടെ പേരെടുത്തു പറഞ്ഞാണ് പ്രിയങ്ക ​ഗാന്ധി സംസാരിച്ചത്.