തിരുവനന്തപുരം: ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പൻ ഇന്ന് കസ്റ്റംസിന് മുന്നിൽ ഹാജരാകില്ല. നിയമസഭാ സമ്മേളനത്തിന്റെ തിരക്കുള്ളതിനാല്‍ ഹാജരാകാൻ സമയം നീട്ടി ചോദിച്ചു. സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയിലെ വിവരങ്ങൾ അടിസ്ഥാനത്തിലാണ് കസ്റ്റംസ് അയ്യപ്പനോട് ഹാജരാകാൻ ആവശ്യപ്പെട്ടത്.

രാവിലെ പത്തിന് കൊച്ചി കസ്റ്റംസ് പ്രിവൻ്റീവ് ഓഫീസിൽ എത്തണമെന്നാവശ്യപ്പെട്ട്‍ കെ അയ്യപ്പന് കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു. സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് മൊഴിയെടുക്കുന്നത്. ഇന്നലെ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും നോട്ടീസ് കിട്ടിയില്ലെന്ന കാരണത്താൽ നിരസിക്കുകയായിരുന്നു. തൊട്ടുപിന്നാലെയാണ് ഇന്നലെ വൈകുന്നേരം നോട്ടീസ് നൽകിയത്.