രണ്ട് പരാതികളില്‍ രണ്ട് നീതി. സ്വതന്ത്രവും നീതിപൂര്‍വവും സത്യസന്ധവും ജനാധിപത്യപരവുമായ മാധ്യമപ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ ഒരു വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും  നിയമസഭയില്‍ മുഖ്യമന്ത്രിയുടെ രേഖാമൂലമുള്ള മറുപടി  

തിരുവനന്തപുരം:ന്യൂസ് അവര്‍ ചര്‍ച്ചയെ തുടര്‍ന്നുണ്ടായ സിപിഎം ഭീഷണിക്ക് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസ് അസോസിയേറ്റ് എഡിറ്റര്‍ വിനു വി ജോണ്‍ നല്‍കിയ പരാതി പൊലീസ് മുക്കി. പരാതിയില്‍ മൊഴി എടുത്തിട്ടും പേരൂര്‍ക്കട പൊലീസ് തുടര്‍നടപടികളിലേക്ക് കടന്നില്ല. ഇങ്ങനെയൊരു പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി രേഖാമൂലം മറുപടി നല്‍കി. എന്നാല്‍ എളമരം കരീമിന്‍റെ പരാതിയില്‍ വിനു വി ജോണിനെതിരെ എടുത്ത കേസ്, സ്വാഭാവിക നടപടിയെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം

ട്രേഡ് യൂണിയന്‍ പണിമുടക്കില്‍ അക്രമം നേരിട്ട സാധാരണക്കാരുടെ പക്ഷത്തുനിന്ന് നടത്തിയ ഒരു പരാമര്‍ശത്തിന്‍റെ പേരിലാണ് വിനു വി ജോണിനെതിരെ സംഘടിതമായ എതിര്‍പ്പ് ഒരു വിഭാഗം ഉയര്‍ത്തിയത്. വീട്ടില്‍ അതിക്രമിച്ച് കയറി പോസ്റ്ററുകള്‍ പതിക്കുകയും നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് ഏഷ്യാനെറ്റ് അസോസിയേറ്റ് എഡിറ്ററായ വിനു വി ജോണ്‍ കഴിഞ്ഞവര്‍ഷം മാര്‍ച്ച് 29 ന് പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കിയത്. പിന്നാലെ പൊലീസ് വീട്ടിലെത്തി മൊഴിയെടുത്തു. എന്നാല്‍ തുടര്‍നടപടികള്‍ ഒന്നുമുണ്ടായില്ല. ഇത് സംബന്ധിച്ച് സജീവ് ജോസഫ്, റോജി എം ജോണ്‍ എന്നിവരുടെ ചോദ്യത്തിന് നിയമസഭയില്‍ മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ. വിനു വി ജോണിന്‍റെ വീട്ടിലേക്ക് ഏതെങ്കിലും സംഘടന മാര്‍ച്ച് നടത്തിയത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. അദ്ദേഹം എന്തെങ്കിലും പരാതി നല്‍കിയതായും അറിയില്ല.

എന്നാല്‍ എളമരം കരീം നല്‍കിയ പരാതിയില്‍ കന്‍റോണ്‍മെന്‍റ് പൊലീസ് കേസ് എടുത്തതായും അന്വേഷണം നടത്തിവരുന്നതായും പറയുന്നു. പരാതിക്കാരനും കുടുംബത്തിനുമെതിരെ നടത്തിയ പരാമര്‍ശമാണ് കേസിന് കാരണമെന്നും മുഖ്യമന്ത്രിയുടെ മറുപടിയിലുണ്ട്. കേവലമൊരു പരാമര്‍ശത്തിന്‍റെ പേരില്‍ അസാധാരണായ നിബന്ധനകള്‍ വച്ച് നോട്ടീസ് അയക്കുകയും കേസില്‍ മൊഴിയെടുക്കാന്‍ വിളിപ്പിച്ചതുമെല്ലാം സാധാരണ നടപടിയെന്നാണ് വിശദീകരണം. ചുരുക്കത്തില്‍ രണ്ട് പരാതികളില്‍ രണ്ട് നീതി. അതേസമയം സ്വതന്ത്രവും നീതിപൂര്‍വവും സത്യസന്ധവും ജനാധിപത്യപരവുമായ മാധ്യമപ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ ഒരു വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ രേഖാമൂലമുള്ള മറുപടിയിലുണ്ട്