ജലസുരക്ഷ, ശുചിത്വം, കാലാവസ്ഥാ പ്രതിരോധം, അന്താരാഷ്ട്ര സഹകരണം, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളില്‍ ആഫ്രിക്കയും പശ്ചിമേഷ്യയും തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡോ. അജയ്യ കുമാറിന് പുതിയ ചുമതലകള്‍ നല്‍കിയിട്ടുള്ളത്.

തൃശൂര്‍: യുഎഇ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മലയാളി ഡോ. അജയ്യ കുമാറിനെ പാന്‍ ആഫ്രിക്കന്‍ ഇന്റര്‍ഗവണ്‍മെന്റല്‍ ഏജന്‍സി ഫോര്‍ വാട്ടര്‍ ആന്‍ഡ് സാനിറ്റേഷന്‍ ഫോര്‍ ആഫ്രിക്കയുടെ (PAIWAS) ഐക്യരാഷ്ട്രസഭയിലെ പ്രൊജക്റ്റ്‌ ആൻഡ് ഹ്യൂമാനിറ്റെറിയൻ അഫയേഴ്സ് ഉപദേഷ്ടാവായി നിയമിച്ചു. PAIWAS പശ്ചിമേഷ്യന്‍ പ്രതിനിധി അംബാസഡറായും അദ്ദേഹം പ്രവര്‍ത്തിക്കും. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ കുടിവെള്ളലഭ്യത, ശുചിത്വം എന്നിവ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ഏജന്‍സിയാണ് PAIWS. ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭാ വേദിയില്‍ സെപ്റ്റംബര്‍ 22ന് നടന്ന ചടങ്ങിലാണ് പുതിയ ചുമതലകള്‍ ഔദ്യോഗികമായി അംഗീകരിച്ചത്. ഇതേ ചടങ്ങില്‍ CICA International University and Seminary ഡോ. അജയ്യ കുമാറിന് ഓണററി ഡോക്ടറേറ്റ് സമ്മാനിക്കുകയും ചെയ്തു.

ജലസുരക്ഷ, ശുചിത്വം, കാലാവസ്ഥാ പ്രതിരോധം, അന്താരാഷ്ട്ര സഹകരണം, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളില്‍ ആഫ്രിക്കയും പശ്ചിമേഷ്യയും തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡോ. അജയ്യ കുമാറിന് പുതിയ ചുമതലകള്‍ നല്‍കിയിട്ടുള്ളത്. ജലവും ശുചിത്വവും സംബന്ധിച്ച സുരക്ഷിത സംവിധാനങ്ങള്‍, കാലാവസ്ഥാ പ്രതിരോധശേഷിയുള്ള ജലലഭ്യതാ സംവിധാനങ്ങള്‍ തുടങ്ങി വിവിധ പദ്ധതികളുടെ വികസനം, വിവിധ സര്‍ക്കാരുകള്‍, അന്തര്‍സര്‍ക്കാര്‍ സംഘടനകള്‍, നയതന്ത്ര മിഷനുകള്‍, വികസന ഏജന്‍സികള്‍, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍, മറ്റ് ബന്ധപ്പെട്ട പങ്കാളികള്‍ എന്നിവരുമായി ബന്ധം ശക്തിപ്പെടുത്തല്‍ തുടങ്ങിയ ചുമതലകളാണ് ഡോ. അജയ്യ കുമാര്‍ വഹിക്കുക.

ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക-സാമൂഹിക സമിതി പ്രതിനിധിയായും ഡോ അജയ്യ കുമാര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സാംസ്‌കാരിക ഏകീകരണവും ലിംഗനീതിയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ആഫ്രിക്കാന വുമൻ വർക്കിംഗ് ഗ്രൂപ്പ് (AWWG) എന്ന സംഘടനയെയാണ് അദ്ദേഹം ഐക്യരാഷ്ട്രസഭയില്‍ പ്രതിനിധീകരിച്ചത്. സ്‌കൂളില്‍ നിന്ന് തൊഴില്‍ മേഖലയിലേക്കുള്ള പരിവര്‍ത്തനവും നൈപുണ്യ വിദ്യാഭ്യാസവും സംബന്ധിച്ച് സി.ബി.എസ്.ഇയുടെ ദേശീയതല പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന സ്ട്രാറ്റജിക് ലീഡര്‍ഷിപ്പ് ആന്‍ഡ് ഗൈഡന്‍സ് അഡൈ്വസറി കമ്മിറ്റിയിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. തൃശൂര്‍ സ്വദേശിയായ അദ്ദേഹം ആറു പുസ്തകങ്ങളുടെ രചയിതാവും TEDx പ്രഭാഷകനുമാണ്. യു.എ.ഇയിലെ ഏറ്റവും വലിയ ഐ.സി.ടി. കമ്പനിയായ Emircom-ന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായും സേവനം അനുഷ്ഠിക്കുന്നു.